ദാനീയേല്‍
ഗ്രന്ഥകര്‍ത്താവ്
ബാബിലോൺ പ്രവാസ കാലഘട്ടത്തിലാണ് ദാനിയേൽ ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചത് ദൈവം എന്റെ ന്യായാധിപതി എന്നാണ് ദാനിയേല്‍ എന്ന പേരിന്റെ അർത്ഥം. പലഭാഗങ്ങളിലും ദാനിയേലിനെ ഗ്രന്ഥകർതൃത്വം ഉറപ്പിക്കുന്ന പരാമർശങ്ങളുണ്ട് ഉദാ: 9:2; 10:2. ബാബിലോണിന്റെ തലസ്ഥാന നഗരിയിൽ ഉന്നതമായ ഉദ്യോഗത്തിൽ ഇരുന്ന കാലഘട്ടത്തിൽ തനിക്കുണ്ടായ അനുഭവങ്ങളും ലഭിച്ച വെളിപ്പാടുകളാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്യദേശത്ത് അന്യ സംസ്കാരത്തിൽ താൻ ദൈവത്തോട് കാണിച്ച് വിശ്വസ്തത ദാനിയേലിനെ മറ്റേത് വ്യക്തികളിലും വിശേഷതയുള്ളവനാക്കി.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 605-530.
സ്വീകര്‍ത്താവ്
പ്രവാസത്തിൽ ഇരിക്കുന്ന യിസ്രായേൽജനം, എല്ലാ വായനക്കാർക്കും വേണ്ടി.
ഉദ്ദേശം
ദാനിയേലിന്റെ പ്രവചനങ്ങളും, ദർശനങ്ങളും പ്രവർത്തനങ്ങളുമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് തന്നെ അനുഗമിക്കുന്നവർക്ക് ദൈവം വിശ്വസ്തനെന്നു ഈ പുസ്തകം പഠിപ്പിക്കുന്നു ദൈവജനം ലോകത്തോടുള്ള ചുമതലകൾ നിർവഹിക്കുമ്പോഴും പ്രലോഭനങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാവാം എന്നാൽ അവിടെയും ദൈവത്തോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പ്രമേയം
ദൈവത്തിൻറെ പരമാധികാരം
സംക്ഷേപം
1. പ്രതിമയുടെ സ്വപ്നം ദാനിയേൽ വ്യാഖ്യാനിക്കുന്നു — 1:1-2:49.
2. എബ്രായ ബാലന്മാർ തീച്ചൂളയിൽ നിന്ന് വിടുവിക്കപ്പെടുന്നു — 3:1-30
3. നെബുക്കദ്നേസ്സരിന്റെ സ്വപ്നം — 4:1-37
4. ചുവരെഴുത്ത് ദർശനം, ദാനിയേൽ നാശത്തെക്കുറിച്ച് പ്രവചിക്കുന്നു — 5:1-31
5. ദാനിയേല്‍ സിംഹക്കുഴിയിൽ — 6:1-28
6. നാല് ജീവികളുടെ ദർശനം — 7:1-28
7. കോലാട്ടുകൊറ്റന്റെയും കൊമ്പിന്റെയും ദർശനം — 8:1-27
8. ദാനിയേലിന്റെ പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുന്നു — 9:1-27
9. അവസാനത്തെ മഹായുദ്ധത്തെ പറ്റിയുള്ള ദർശനം — 10:1-12:13
1
യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്-നേസർ യെരൂശലേമിലേക്ക് വന്ന് അതിനെ നിരോധിച്ചു. കർത്താവ് യെഹൂദാ രാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതും അവന്റെ കയ്യിൽ ഏല്പിച്ചു; അവൻ ആ പാത്രങ്ങൾ ശിനാർദേശത്ത് തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുപോയി; അവ അവൻ തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വച്ചു. അനന്തരം രാജാവ് തന്റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: “യിസ്രായേൽ മക്കളിൽ രാജവംശത്തിലുള്ളവരും കുലീനന്മാരും, അംഗഭംഗമില്ലാത്തവരും, സുന്ദരന്മാരും സകലജ്ഞാനത്തിലും നിപുണരും, സമർത്ഥരും, വിദ്യാപരിജ്ഞാനികളും, രാജധാനിയിൽ പരിചരിക്കുവാൻ യോഗ്യരും ആയ ചില ബാലന്മാരെ വരുത്തി, അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിക്കുക” എന്ന് കല്പിച്ചു. രാജാവ് അവർക്ക് രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം പരിശീലിപ്പിച്ചശേഷം അവർ രാജസന്നിധിയിൽ നില്‍ക്കണം എന്നും കല്പിച്ചു. അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാമക്കൾ ഉണ്ടായിരുന്നു. ഷണ്ഡാധിപൻ അവർക്ക് പുതിയ പേരുകൾ നൽകി; ദാനീയേലിന് അവൻ ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു. എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധമാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു; തനിക്ക് അശുദ്ധി ഭവിക്കുവാൻ ഇടവരുത്തരുതെന്ന് ഷണ്ഡാധിപനോട് അപേക്ഷിച്ചു. ദൈവം ദാനീയേലിന് ഷണ്ഡാധിപന്റെ മുമ്പിൽ ദയയും കരുണയും ലഭിക്കുവാൻ ഇടവരുത്തി. 10 ഷണ്ഡാധിപൻ ദാനീയേലിനോട്: “നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടെ മുഖത്തേക്കാൾ മെലിഞ്ഞുകാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങൾ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാക്കും” എന്ന് പറഞ്ഞു. 11 ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ: 12 “അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു ഭക്ഷിക്കുവാൻ സസ്യഭോജനവും കുടിക്കുവാൻ വെള്ളവും തന്നു നോക്കട്ടെ. 13 അതിനുശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോട് ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. 14 അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ട്, പത്തു ദിവസം അവരെ പരീക്ഷിച്ചു. 15 പത്തു ദിവസം കഴിഞ്ഞ് അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതെന്നും, അവർ മാംസപുഷ്ടിയുള്ളവരെന്നും കണ്ടു. 16 അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു. 17 ഈ നാല് ബാലന്മാർക്ക് ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നൈപുണ്യവും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളും സ്വപ്നങ്ങളും സംബന്ധിച്ച് വിവേകിയായിരുന്നു. 18 അവരെ സന്നിധിയിൽ കൊണ്ടുവരുവാൻ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോൾ ഷണ്ഡാധിപൻ അവരെ നെബൂഖദ്നേസരിന്റെ സന്നിധിയിൽ കൊണ്ടുചെന്നു. 19 രാജാവ് അവരോടു സംസാരിച്ചപ്പോൾ, മറ്റുള്ള എല്ലാവരിലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി ആരെയും കണ്ടില്ല; അവർ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിന്നു. 20 രാജാവ് അവരോട് ജ്ഞാനവും വിവേകവും സംബന്ധിച്ച് ചോദിച്ചതിൽ എല്ലാം അവർ തന്റെ രാജ്യത്തുള്ള സകലമന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു. 21 ദാനീയേൽ കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.