6
നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.
+“പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു”
എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം. ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, +തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം, ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; 10 ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.
11 അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. 12 ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു. 13 ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു.
14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? 15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? 16 +ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ.
“ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും”
എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 17 +അതുകൊണ്ടു
“അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു 18 +നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും”
എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.
+ 6:2 യെശയ്യാവു 49:8 + 6:5 അപ്പൊ. പ്രവൃത്തികൾ 16:23 + 6:16 1. കൊരിന്ത്യർ 3:16; 6:19; ലേവ്യപുസ്തകം 26:12; യെഹെസ്കേൽ 37:27 + 6:17 യെശയ്യാവു 52:11 + 6:18 2. ശമൂവേൽ 7:14; 1. ദിനവൃത്താന്തം 17:13; യെശയ്യാവു 43:6; യിരെമ്യാവു 31:9