5
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. +നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. +നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു. സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു. 10 സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ. 11 +സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു. കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12 +വിശേഷാൽ സഹോദരന്മാരേ, സ്വർഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വു എന്നു പറഞ്ഞാൽ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.
13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ. 14 +നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. 15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. 16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു. 17 +ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. 18 +അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.
19 സഹോദരന്മാരേ, നിങ്ങളിൽ ഒരുവൻ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവൻ തിരിച്ചുവരുത്തുകയും ചെയ്താൽ 20 +പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
+ 5:2 മത്തായി 6:19 + 5:4 ആവർത്തനപുസ്തകം 24:14,15 + 5:11 ഇയ്യോബ് 1:21,22; 2:10; സങ്കീർത്തനങ്ങൾ 103:8 + 5:12 മത്തായി 5:34-37 + 5:14 മർക്കൊസ് 6:13 + 5:17 1. രാജാക്കന്മാർ 17:1; 18:1 + 5:18 1. രാജാക്കന്മാർ 18:42-45 + 5:20 സദൃശവാക്യങ്ങൾ 10:12; 1. പത്രൊസ് 4:8