1 പത്രൊസ്
ഗ്രന്ഥകര്‍ത്താവ്
ആദ്യ വാക്യത്തിൽ തന്നെ എഴുത്തുകാരനായി അപ്പോസ്തലനായ പത്രോസിന്റെ പേര് കാണാം സ്വയം “യേശുക്രിസ്തുവിനെ അപ്പോസ്തലൻ “എന്നും വിളിക്കുന്നു. ക്രിസ്തുവിന്‍റെ കഷ്ടങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ (2:21-24; 3:18; 4:1; 5:1) അവ അപ്പോഴും പത്രോസിന്‍റെ മനസ്സില്‍ മുറിവുകളായി ശേഷിച്ചിരുന്നു എന്ന് മനസ്സിലാക്കാം. മർക്കോസിനെ അദ്ദേഹം “മകനേ” (5:13), എന്ന് സംബോധനയില്‍ ആ ചെറുപ്പക്കാരനോടുള്ള വാൽസല്യം കാണാം. (അ. പ്ര. 12:12). ഈ വസ്തുതകളെല്ലാം പത്രോസിന്റെ ഗ്രന്ഥകർത്രുത്വം ഉറപ്പിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും സ്ഥലം
ഏകദേശം ക്രിസ്താബ്ദം 60 – 64.
5:13 ൽ ബാബിലോണിലെ സഭയിൽ നിന്നുള്ള വന്ദനം അറിയിക്കുന്നു.
സ്വീകര്‍ത്താവ്
ഏഷ്യാമൈനറിന്റെ വടക്കൻ ഭാഗങ്ങളിൽ ചിതറപ്പെട്ട ക്രൈസ്തവ വിശ്വാസികൾക്കാണ് ഈ കത്തെഴുതുന്നത്. യഹൂദരും ജാതികളും ഉൾപ്പെടുന്ന ഒരു സമൂഹത്തോട് ആയിരിക്കാം പത്രോസ് ഇതെഴുതിയത്.
ഉദ്ദേശം
വിശ്വാസത്തിന്റെ പരിശോധനയിലൂടെ കടന്നുപോകുന്ന ജനത്തെ ഉറപ്പിക്കുക, ദൈവകൃപ പ്രാപിക്കേണ്ടതിന് ക്രിസ്ത്യാനിത്യത്തിലേക്ക് വരേണ്ടത് ആവശ്യകതയാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് പത്രോസിന്റെ ഉദ്ദേശ്യം. 5:12, ല്‍ പറയുന്നു “ഞാനിത് നിങ്ങള്‍ക്ക് ചുരുക്കമായി എഴുതുന്നു ഇത് ദൈവത്തിന്റെ സത്യകൃപയാണ്”. ഇതില്‍ ഉറച്ചുനിൽക്കുക. പീഡനങ്ങൾ പത്രോസിന്റെ ശ്രോതാക്കളെ ബാധിച്ചിരിക്കാം. ഈ ലേഖനം എഷ്യമൈനറിന്റെ വടക്കൻ ഭാഗങ്ങളിൽ പീഢ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആണ്.
പ്രമേയം
കഷ്ടതയോടുള്ള പ്രതികരണം
സംക്ഷേപം
1. അഭിവാദനം — 1:1, 2
2. കൃപയ്ക്കായി ദൈവത്തെ വാഴ്ത്തുന്നു — 1:3–-12
3. ജീവിത വിശുദ്ധിക്കായുള്ള പ്രബോധനം — 1:13-5:12
4. സമാപന വന്ദനം — 5:13, 14
1
പരദേശികളും, തിരഞ്ഞെടുക്കപ്പെട്ട വ്യതന്മാരുമായവർക്ക് വന്ദനം
യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ പത്രൊസ്, പ്രദേശങ്ങളായ പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും, യേശുക്രിസ്തുവിനോടുള്ള അനുസരണത്തിനാലും അവന്റെ രക്തത്താൽ തളിക്കപ്പെട്ടതിനാലും ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ച് പിതാവായ ദൈവത്തിന്റെ മുന്നറിവിൻ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുമായ പരദേശികളായ ദൈവജനങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങൾക്ക് കൃപയും സമാധാനവും വർദ്ധിച്ച് വരുമാറാകട്ടെ.
ജീവനുള്ള പ്രത്യാശയ്ക്കായി, വീണ്ടും ജനിപ്പിച്ചിരിക്കുന്നു
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം തന്റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വിശ്വാസത്താൽ രക്ഷക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും. ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ. നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും.
വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ
കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ. അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ. 10 നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. 11 അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും*പിന്‍ വരുന്ന മഹിമ-പുനരുത്ഥാനത്തിലുണ്ടാകുന്ന തേജസ്കരണം മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്ന് പ്രവാചകന്മാർ ആരാഞ്ഞുനോക്കി, 12 എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്ന് അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ.
എല്ലാനടപ്പിലും വിശുദ്ധരാകുവിൻ
13 ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ. 14 പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത് 15 എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ. 16 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 17 ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം നിഷ‌്പക്ഷമായി ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്ന് വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ. 18 പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, 19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്ന് നിങ്ങൾ അറിയുന്നുവല്ലോ.
നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത്
20 ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു. 21 അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു. 22 എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ. 23 നശിച്ചുപോകുന്ന ബീജത്താലല്ല നശിക്കാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. 24 “സകലജഡവും പുല്ലുപോലെയും അതിന്റെ മഹത്വം എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ല് വാടിയും, പൂവ് കൊഴിഞ്ഞും പോകുന്നു; 25 കർത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു”. അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച സുവിശേഷം.

*1. 11 പിന്‍ വരുന്ന മഹിമ-പുനരുത്ഥാനത്തിലുണ്ടാകുന്ന തേജസ്കരണം