8
ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ യിസ്രായേലിന് ന്യായാധിപന്മാരാക്കി. അവന്റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തെ മകന് അബീയാവ് എന്നും പേർ. അവർ ബേർ-ശേബയിൽ ന്യായപാലനം ചെയ്തു. ശമുവേലിന്റെ പുത്രന്മാർ അവനെപ്പോലെ അല്ലായിരുന്നു. അവർ ദുരാഗ്രഹികളും, കൈക്കൂലി വാങ്ങുന്നവരും, അനീതി പ്രവർത്തിക്കുന്നവരും ആയിരുന്നു.
അതുകൊണ്ട് യിസ്രായേൽമൂപ്പന്മാർ എല്ലാവരും ഒന്നിച്ചുകൂടി, രാമയിൽ ശമൂവേലിന്റെ അടുക്കൽവന്ന്, അവനോട്: “നീ വൃദ്ധനായിരിക്കുന്നു; നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല; അതിനാൽ എല്ലാ ജാതികൾക്കും ഉള്ളതുപോലെ, ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം”. എന്നു പറഞ്ഞു. ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവർ പറഞ്ഞ കാര്യം ശമൂവേലിന് ഇഷ്ടമായില്ല. ശമൂവേൽ യഹോവയോട് പ്രാർത്ഥിച്ചു. യഹോവ ശമൂവേലിനോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോട് പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്കുക, അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതിരിക്കുവാൻ, എന്നെയാണ് ഉപേക്ഷിച്ചിരിക്കുന്നത്. ഞാൻ അവരെ മിസ്രയീമിൽനിന്ന് വിടുവിച്ച ദിവസംമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും, അന്യദൈവങ്ങളെ സേവിക്കുകയും ചെയ്തു. അവർ അതുപോലെ തന്നെ നിന്നോടും ചെയ്യുന്നു. അതുകൊണ്ട് അവരുടെ അപേക്ഷ കേൾക്കണം; എന്നാൽ അവരെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി അവരോടു കൃത്യമായി വിവരിക്കേണം.
10 അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ചു: 11 “നിങ്ങളെ ഭരിക്കാനിരിക്കുന്ന രാജാവിന്റെ പ്രവർത്തനരീതി ഇതായിരിക്കും: അവൻ നിങ്ങളുടെ പുത്രന്മാരെ അവന് തേരാളികളും കുതിരച്ചേവകരും* തേരാളികളും കുതിര ചേവകരും - തേർ ഓടിക്കുന്നവരും, കുതിരയെ നയിക്കുന്നവരും ആക്കും; അവന്റെ രഥങ്ങൾക്കു മുമ്പെ അവർ ഓടേണ്ടി വരും. 12 അവൻ അവരെ ആയിരം പേർക്കും അമ്പത് പേർക്കും മേലധികാരികളാക്കും; തന്റെ നിലം കൃഷി ചെയ്യുവാനും തന്റെ വിള കൊയ്യുവാനും തന്റെ യുദ്ധ ആയുധങ്ങൾ തേർക്കോപ്പ് - തേരിന് ആവശ്യമുള്ള ഉപകരണങ്ങൾ ഉണ്ടാക്കുവാനും അവരെ നിയമിക്കും. 13 അവൻ നിങ്ങളുടെ പുത്രിമാരെ, വാസനതൈലം വിൽക്കുന്നവരും, പാചകക്കാരികളും പലഹാരം ഉണ്ടാക്കുന്നവരും ആയി നിയമിക്കും. 14 അവൻ നിങ്ങളുടെ ഏറ്റവും നല്ല നിലങ്ങളും, മുന്തിരിത്തോട്ടങ്ങളും, ഒലിവുതോട്ടങ്ങളും തന്റെ ഭൃത്യന്മാർക്ക് കൊടുക്കും. 15 അവൻ നിങ്ങളുടെ ധാന്യങ്ങളിലും മുന്തിരികളിലും ദശാംശം ദശാംശം - പത്തിൽ ഒരംശം എടുത്ത് തന്റെ ഉദ്യോഗസ്ഥർക്കും ഭൃത്യന്മാർക്കും കൊടുക്കും. 16 അവൻ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും, സുന്ദരന്മാ‍രായ യുവാക്കളെയും§ സുന്ദരന്മാ‍രായ യുവാക്കളെയും നാട്ടു മൃഗങ്ങളെയും കഴുതകളെയും പിടിച്ച് തനിക്ക് വേല ചെയ്യുന്നവർ ആക്കും. 17 അവൻ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങൾ അവന് ദാസന്മാരായ്തീരും. 18 നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് കാരണം നിങ്ങൾ അന്ന് നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല”. 19 എന്നാൽ ശമൂവേലിന്റെ വാക്കുകൾ ശ്രദ്ധിക്കുവാൻ ജനത്തിന് മനസ്സില്ലായിരുന്നു: “അല്ല, ഞങ്ങൾക്ക് ഒരു രാജാവ് വേണം, 20 എല്ലാ ജാതികളെയും പോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും ഞങ്ങൾക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നയിക്കുകയും വേണം” എന്നു അവർ പറഞ്ഞു. 21 ശമൂവേൽ ജനത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ട് യഹോവയോട് അറിയിച്ചു. 22 യഹോവ ശമൂവേലിനോട്: “അവരുടെ വാക്ക് കേട്ട് അവർക്ക് ഒരു രാജാവിനെ കൊടുക്കുക” എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: “നിങ്ങൾ ഓരോരുത്തരും അവരവരുടെ പട്ടണത്തിലേക്ക് പൊയ്ക്കൊൾക” എന്നു പറഞ്ഞു.

*8. 11 തേരാളികളും കുതിര ചേവകരും - തേർ ഓടിക്കുന്നവരും, കുതിരയെ നയിക്കുന്നവരും

8. 12 തേർക്കോപ്പ് - തേരിന് ആവശ്യമുള്ള ഉപകരണങ്ങൾ

8. 15 ദശാംശം - പത്തിൽ ഒരംശം

§8. 16 സുന്ദരന്മാ‍രായ യുവാക്കളെയും നാട്ടു മൃഗങ്ങളെയും