2 ശമൂവേൽ
ഗ്രന്ഥകര്‍ത്താവ്
ലേഖകൻ ആരെന്ന് ഈ പുസ്തകത്തിൽ വ്യക്തമല്ല. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശമുവേൽ പ്രവാചകന്റെ മരണശേഷമാണ് രചന നടന്നിട്ടുള്ളത്. യഥാർത്ഥത്തിൽ ഒന്നും രണ്ടും ശമുവേല്‍ ഒരു ഗ്രന്ഥത്തിന്റെ ഭാഗമായിരുന്നു. സെപ്റ്റജിന്‍റ് പരിഭാഷകരാണ് രണ്ടു പുസ്തകമാക്കി തിരിച്ചത്. ഒന്നാം പുസ്തകം ശൌലിന്റെ മരണത്തോടെ അവസാനിക്കുകയും രണ്ടാം പുസ്തകം ദാവിദിന്റെ ഭരണകാലത്ത് ആരംഭിക്കുന്നു. ദാവീദ് എല്ലാ ഗോത്രങ്ങൾക്കും രാജാവായിത്തീർന്നത് എപ്രകാരമെന്ന് വിവരിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു 1050-722.
ബാബിലോണ്‍പ്രവാസകാലത്ത് രചിക്കപ്പെട്ടു, ഡ്യുട്ടറോണമിസ്റ്റു ചരിത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
സ്വീകര്‍ത്താവ്
യഥാർത്ഥശ്രോതാക്കൾ ദാവീദിന്റെയും ശലോമോന്റെയും കാലത്ത് ജീവിച്ചിരുന്ന ഇസ്രായേൽജനം അതുപോലെ അവരുടെ വരുംതലമുറക്കും കൂടിയുള്ളത്.
ഉദ്ദേശം
രണ്ടാം പുസ്തകം ദാവീദിന്റെ വാഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകം ദാവീദ്യ ഉടമ്പടിയെ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വെളിപ്പെടുത്തുന്നു. ദാവീദ് യെരുശലേമിനെ രാഷ്ട്രീയമായും മതപരമായും പ്രധാന കേന്ദ്രമായി ഉയർത്തുന്നു (2 ശമു. 5:6-12; 6:1-17). യഹോവയുടെ വാക്കുകളും (2 ശമു. 7:4-16). ദാവീദിനെ വാക്കുകളും (2 ശമു. 23:1-7). ദൈവത്താൽ സ്ഥാപിക്കപ്പെട്ട രാജ്യത്തിന്‍റെ പ്രാധാന്യത അതുപോലെ ഭരണത്തിലെ സഹസ്രാബ്ദ മശിഹായുടെ രാജ്യത്തെ പ്രാഥമികമായി സൂചിപ്പിക്കുന്നു.
പ്രമേയം
ഏകീകരണം
സംക്ഷേപം
1. ദാവീദിന്റെ വാഴ്ചയുടെ ആരംഭം — 1:1-10:19
2. ദാവീദിന്റെ വാഴ്ചയുടെ ആരംഭം — 11:1-20:26
3. അനുബന്ധം — 21:1-24:25
1
1 ശൌലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗ് പട്ടണത്തില്‍ രണ്ടു ദിവസം പാർക്കുകയും ചെയ്തശേഷം 2 മൂന്നാംദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശൌലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു. 3 ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽ സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു. 4 ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക”. അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകം പേർ മുറിവേറ്റു മരിച്ചുവീണു; ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു. 5 വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞ്” എന്നു ചോദിച്ചതിന് 6 വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌല്‍ തന്റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു; 7 അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. 8 ‘നീ ആര്?’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു. 9 അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കുകകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു. 10 അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു”. 11 ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു. 12 അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു. 13 ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു. 14 ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്ക് ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു. 15 പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളയുക” എന്നു പറഞ്ഞു. 16 അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു. 17 അതിനുശേഷം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി. 18 അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം*ധനുർഗ്ഗീതം വിൽപ്പാട്ട് പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ†ശൂരന്മാരുടെ ഈ പുസ്തകം പുരാതന യുദ്ധഗാനങ്ങളുടെ ഒരു ശേഖരമാണ് ഇതിന്റെ അര്‍ഥം “നീതിയുള്ളത്” എന്നാണ്. യോശുവ 10:13 നോക്കുക പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:
19 “യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി;
വീരന്മാർ പട്ടുപോയത് എങ്ങനെ!
20 ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ;
അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ;
ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ;
അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
21 ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും
വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ.
അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്;
ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
22 കൊല്ലപ്പെട്ടവരുടെ രക്തവും
വീരന്മാരുടെ മേദസ്സും വിട്ട്
യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല;
ശൌലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല.
23 ശൌലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു;
മരണത്തിലും അവർ വേർപിരിഞ്ഞില്ല.
അവർ കഴുകന്മാരിലും വേഗതയുള്ളവർ,
സിംഹങ്ങളിലും ശക്തിശാലികൾ.
24 യിസ്രായേൽപുത്രിമാരേ,
ശൌലിനെച്ചൊല്ലി കരയുവിൻ
അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു
നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
25 യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ!
നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ.
26 എന്റെ സഹോദരാ, യോനാഥാനേ,
നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു;
നീ എനിക്ക് അതിവത്സലൻ ആയിരുന്നു;
എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം.
27 യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ;
യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”.