ആമോസ്  
ഗ്രന്ഥകര്‍ത്താവ്  
ആമോസ്പ്രവാചകനാണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ. തെക്കോവയിൽ ഒരു കൂട്ടം ഇടയന്മാരുടെ മധ്യത്തിലാണ് ആമോസ് പാർത്തിരുന്നത്. താനൊരു പ്രവാചക കുടുംബത്തിൽ നിന്നല്ല വന്നിട്ടുള്ളതെന്നും സ്വയം ഒരു പ്രവാചകനായി കരുതുന്നില്ല എന്നും ആമോസ് വ്യക്തമാക്കിയിട്ടുണ്ട്. ദൈവം വെട്ടുക്കിളി കൊണ്ടും തീകൊണ്ടും ദേശത്തെ ന്യായംവിധിക്കും എന്ന് അരുളിച്ചെയ്തപ്പോൾ ആമോസ് പ്രവാചകന്റെ പ്രാർത്ഥനയാൽ യിസ്രായേൽ ജനത്തെ അത് വിട്ടുമാറുന്നു.  
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും  
ഏകദേശം ക്രി മു. 760-750.  
വടക്കേ രാജ്യത്തെ ബെതേലിലും ശമര്യയിലുമാണ് ആമോസ് ശുശ്രൂഷിച്ചത്.  
സ്വീകര്‍ത്താക്കള്‍  
വടക്കേ രാജ്യത്തിലെ നിവാസികൾ ആണ് ഇതിലെ പ്രധാന ശ്രോതാക്കൾ, അതുപോലെ മറ്റു വായനക്കാർ.  
ഉദ്ദേശ്യം  
നിഗളം ദൈവം വെറുക്കുന്നു. സ്വയം പ്രാപ്തരായി എന്ന മിഥ്യാധാരണ തങ്ങൾക്ക് എല്ലാം നൽകിയ ദൈവത്തെ ഉപേക്ഷിക്കുവാൻ കാരണമായിത്തീർന്നു. കര്‍ത്താവ് എല്ലാവരെയും അംഗീകരിക്കുന്നു. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരെ ദൈവം മുന്നറിയിപ്പ് നൽകുന്നു. ദൈവത്തെ മാനിച്ചുകൊണ്ട് സത്യത്തിൽ അവനെ ആരാധിപ്പാൻ ദൈവം ജനത്തോട് ആവശ്യപ്പെടുന്നു. മറ്റുള്ളവരെ അവഗണിച്ച് അവരെ കാര്യസാധ്യത്തിനുവേണ്ടി ചൂഷണം ചെയ്യുകയും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിന്തിക്കുകയും ചെയ്യുന്ന യിസ്രായേലിനോടാണ് ആമോസ് ഈ സന്ദേശം അറിയിക്കുന്നത്.  
പ്രമേയം  
ന്യായവിധി  
സംക്ഷേപം  
1. ദേശത്തിൻ്റെ നാശം — 1:1-2:16  
2. പ്രവാചക വിളി — 3:1-8  
3. യിസ്രായേലിന്മേല്‍ ഉള്ള ന്യായവിധി — 3:9-9:10  
4. പുനഃസ്ഥാപനം — 9:11-15   
 1
 1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ.   
 2 അവൻ പറഞ്ഞത്:  
“യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും;  
യെരൂശലേമിൽനിന്ന് തന്റെ നാദം കേൾപ്പിക്കും.  
അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും;  
കർമ്മേലിന്റെ കൊടുമുടി വാടിപ്പോകും.”   
യിസ്രായേലിന്‍റെ അയൽക്കാർക്കുള്ള ന്യായവിധി 
 സിറിയ 
  3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം,  
അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ,  
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.   
 4 ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും;  
അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.   
 5 ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്,  
ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും*നിവാസിയെയും രാജാവിനെയും   
ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും;  
അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും”  
എന്ന് യഹോവ അരുളിച്ചെയ്യുന്നു.   
ഫെലിസ്ത്യ 
  6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,  
അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ,  
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.   
 7 ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും;  
അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.   
 8 ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും  
അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും  
ഛേദിച്ചുകളയും;  
എന്റെ കൈ എക്രോന്റെ നേരെ തിരിക്കും;  
ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും”  
എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.   
സോർ 
  9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം,  
അവർ സഹോദരസഖ്യത ഓർക്കാതെ  
ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ,  
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.   
 10 ഞാൻ സോരിന്റെ മതിലിനകത്ത് ഒരു തീ അയയ്ക്കും;  
അത് അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.”   
എദോം 
  11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“ഏദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം,  
അവൻ തന്റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്,  
തന്റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം  
അനുകമ്പ വിട്ടുകളയുകയും  
ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ,  
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.   
 12 ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും;  
അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.”   
അമ്മോൻ 
  13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:  
“അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം,  
അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന്  
ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ,  
ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല.   
 14 ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും;  
അത് യുദ്ധദിവസത്തിലെ ആർപ്പോടും  
ചുഴലിക്കാറ്റിന്റെ നാളിലെ കൊടുങ്കാറ്റോടുംകൂടി  
അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.   
 15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും;  
അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ”  
എന്ന് യഹോവ അരുളിച്ചെയ്യുന്നു.