13
ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടക്കുവിൻ; അതിനോട് കൂട്ടരുത്; അതിൽനിന്ന് കുറയ്ക്കുകയും അരുത്. നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്: “നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്കുക” എന്ന് പറഞ്ഞുകൊണ്ട് ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും, അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുകയും ചെയ്താൽ ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് യഹോവ നിങ്ങളെ പരീക്ഷിക്കുകയാകുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ച് ഭയപ്പെടുകയും, അവന്റെ കല്പന പ്രമാണിച്ച് അവന്റെ വാക്ക് കേൾക്കുകയും അവനെ സേവിച്ച് അവനോട് ചേർന്നിരിക്കുകയും വേണം.
ആ പ്രവാചകനോ സ്വപ്നക്കാരനോ, ഈജിപ്റ്റ്ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി ദ്രോഹം സംസാരിച്ച്, നിന്റെ ദൈവമായ യഹോവ നീ നടക്കുവാൻ കല്പിച്ച വഴിയിൽനിന്ന് നിന്നെ തെറ്റിക്കുവാൻ നോക്കിയതുകൊണ്ട് അവനെ കൊല്ലണം; അങ്ങനെ നിന്റെ മദ്ധ്യത്തിൽനിന്ന് ദോഷം നീക്കിക്കളയണം. ദേശത്തിന്റെ ഒരു അറ്റം മുതൽ മറ്റേഅറ്റം വരെ, സമീപത്തോ ദൂരത്തോ, നിങ്ങളുടെ ചുറ്റും ഉള്ള ജനതകളുടെ ദേവന്മാരിൽവച്ച് നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിക്കുക എന്ന് നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ മകളോ, നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ, രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിക്കുവാൻ നോക്കിയാൽ അതിനോട് യോജിക്കുകയോ അവരുടെ വാക്ക് കേൾക്കുകയോ ചെയ്യരുത്; അവരോട് കനിവ് തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കുകയോ ചെയ്യാതെ, കൊന്നുകളയണം. 10 അവരെ കൊല്ലേണ്ടതിന് ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെമേൽ വെക്കണം. 11 അടിമവീടായ ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളയുവാൻ അവൻ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലെറിഞ്ഞ് കൊല്ലണം.
12 മേലാൽ നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ യിസ്രായേലെല്ലാം ഈ വർത്തമാനം കേട്ട് ഭയപ്പെടേണം. 13 നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്ന് സേവിയ്ക്കണമെന്ന് പറയുന്ന നീചന്മാർ*നീചന്മാർ ബെലിയാല്‍ നിങ്ങളുടെ ഇടയിൽനിന്ന് പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന് 14 നിന്റെ ദൈവമായ യഹോവ നിനക്ക് പാർപ്പാൻ തന്നിട്ടുള്ള ഏതെങ്കിലും ഒരു പട്ടണത്തെക്കുറിച്ച് കേട്ടാൽ 15 നീ നല്ലവണ്ണം അന്വേഷിക്കുകയും പരിശോധിക്കയും ചോദ്യം ചെയ്യുകയും വേണം. അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ 16 നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്ന് അതും, അതിലുള്ളത് ഒക്കെയും, അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം. 17 അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്. നിന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് ഞാൻ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ച് നിന്റെ ദൈവമായ യഹോവക്ക് ഹിതകരമായത് ചെയ്യുക. 18 യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്റെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിനും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുത്”.

*13. 13 നീചന്മാർ ബെലിയാല്‍