അദ്ധ്യായം.8
ജ്ഞാനിക്കു തുല്യനായി ആരുണ്ട്? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആര്? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖം പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തിന്റെ കാഠിന്യം മാറിപ്പോകുന്നു. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്ത് രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; രാജാവ് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. രാജാവിന്റെ കല്പന ബലമുള്ളത്; “നീ എന്തു ചെയ്യുന്നു?” എന്ന് അവനോട് ആര് ചോദിക്കും? രാജകല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കുകയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. സകല കാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന് ഭാരമായിരിക്കുന്നു. സംഭവിക്കാനിരിക്കുന്നത് അവൻ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആര് അറിയിക്കും? ആത്മാവിനെ പിടിച്ചു നിർത്തുവാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധസേവയിൽനിന്ന് വിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല. ഇതൊക്കെയും ഞാൻ മനസ്സിലാക്കി; സൂര്യനു കീഴിൽ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവച്ചു. മറ്റുള്ളവർക്ക് ദോഷം ചെയ്യുവാൻ ഒരു മനുഷ്യന് അധികാരമുള്ളതും ഞാൻ ഗ്രഹിച്ചു. 10 ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ട് വിശ്രാമം പ്രാപിക്കുന്നതും നേരായി നടന്നവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരുന്നതും അവരുടെ പട്ടണത്തിൽ ഓർക്കപ്പെടാതിരിക്കുന്നതും ഞാൻ കണ്ടു; അതും മായ തന്നെ. 11 ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുകൊണ്ട് മനുഷ്യർ ദോഷം ചെയ്യുവാൻ ധൈര്യപ്പെടുന്നു. 12 ഒരു പാപി നൂറു തവണ ദോഷം ചെയ്യുകയും ദീർഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന് ഞാൻ നിശ്ചയമായി അറിയുന്നു. 13 എന്നാൽ ദുഷ്ടന് നന്മ വരുകയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെയുള്ള അവന്റെ ആയുസ്സ് ദീർഘമാകുകയില്ല. 14 ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ തന്നെ എന്നു ഞാൻ പറഞ്ഞു. 15 അതിനാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന് സൂര്യനു കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യനു കീഴിൽ അവന് നല്കുന്ന ആയുഷ്കാലത്ത് അവന്റെ പ്രയത്നത്തിൽ അവനോടുകൂടി നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളു. 16 ഭൂമിയിൽ നടക്കുന്ന കാര്യം കാണുവാനും - മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിക്കുവാനും ഞാൻ മനസ്സുവച്ചപ്പോൾ 17 സൂര്യനു കീഴിൽ നടക്കുന്ന പ്രവൃത്തി ഗ്രഹിക്കുവാൻ മനുഷ്യന് കഴിവില്ല എന്നുള്ള ദൈവത്തിന്റെ പ്രവൃത്തിയെ ഞാൻ കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കുകയില്ല; ഒരു ജ്ഞാനി തന്നെ അത് ഗ്രഹിക്കുവാൻ നിരൂപിച്ചാലും അവന് അത് സാധിക്കുകയില്ല.