5
1 സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.
2 നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്ന് പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു. 3 പരിച്ഛേദന ഏല്ക്കുന്ന ഏത് മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും പ്രമാണിക്കുവാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു. 4 ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടും എന്നുള്ള നിങ്ങൾക്ക് ക്രിസ്തു ഒന്നും അല്ലാതായി. നിങ്ങൾ കൃപയിൽനിന്ന് വീണുപോയി. 5 ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ദൈവത്തിന്‍റെ ആത്മാവിനാൽ കാത്തിരിക്കുന്നു. 6 ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം. 7 നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിക്കുവാൻ നിങ്ങളെ ആർ തടുത്തു? 8 അങ്ങനെ നിങ്ങളെ പ്രേരിപ്പിച്ചത് നിങ്ങളെ വിളിച്ച ദൈവത്തിന്‍റെ പ്രവൃത്തിയല്ല. 9 അല്പം പുളിമാവ് പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. 10 നിങ്ങൾക്ക് ഭിന്നാഭിപ്രായമുണ്ടാകുകയില്ല എന്ന് ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും. 11 ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ തടസ്സം നീങ്ങിപ്പോയല്ലോ. 12 നിങ്ങളെ വഴിതെറ്റിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളാമായിരുന്നു എന്ന് ഞാൻ ഇച്ഛിക്കുന്നു.
13 സഹോദരന്മാരേ, ദൈവം നിങ്ങളെ സ്വാതന്ത്ര്യത്തിനായി വിളിച്ചിരിക്കുന്നു; നിങ്ങളുടെ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. 14 “അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം” എന്നുള്ള ഏക കല്പനയിൽ ന്യായപ്രമാണം മുഴുവനും നിവർത്തിയായിരിക്കുന്നു. 15 എന്നാൽ നിങ്ങൾ അന്യോന്യം കടിക്കുകയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ നശിച്ചുപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊള്ളുവിൻ.
16 പരിശുദ്ധാത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിയ്ക്കയില്ല എന്നു ഞാൻ പറയുന്നു. 17 ജഡമോഹങ്ങൾ പരിശുദ്ധാത്മാവിനും പരിശുദ്ധാത്മാവിന്‍റെ പ്രവർത്തികൾ ജഡത്തിനും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നത് ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ. 18 എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല. 19 ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, വ്യഭിചാരം, അശുദ്ധി, ഭോഗാസക്തി, വിഗ്രഹാരാധന, 20 ആഭിചാരം, പക, വിവാദം, മത്സരം, ഉഗ്രകോപം, സ്പർദ്ധ, 21 അസൂയ, ഹത്യ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. 22 എന്നാൽ ആത്മാവിന്റെ ഫലമോ*ആത്മാവിന്റെ പ്രവൃത്തിയോ : സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, 23 ഇന്ദ്രിയജയം; ഈ വകയ്ക്ക് വിരോധമായി ഒരു ന്യായപ്രമാണവുമില്ല. 24 ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ ആസക്തികളോടും ദുർമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
25 പരിശുദ്ധാത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുക. 26 നാം പരസ്പരം പ്രകോപിപ്പിച്ചും പരസ്പരം അസൂയപ്പെട്ടുംകൊണ്ട് വൃഥാഭിമാനികൾ ആകരുത്.