അദ്ധ്യായം.34
ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിൻ കീഴുള്ള സകലഭൂരാജ്യങ്ങളും സകലജനതകളും യെരൂശലേമിനോടും അതിന്റെ എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, യിരെമ്യാവിന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ചെന്ന്, യെഹൂദാരാജാവായ സിദെക്കീയാവിനോട് പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏല്പിക്കും; അവൻ അതിനെ തീ വച്ച് ചുട്ടുകളയും. നീ അവന്റെ കൈയിൽനിന്ന് രക്ഷപെട്ടുപോകാതെ പിടിപെട്ട് അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണിൽ കണ്ണിൽ നോക്കുകയും അവൻ മുഖാമുഖമായി നിന്നോടു സംസാരിക്കുകയും നീ ബാബേലിലേക്ക് പോകേണ്ടിവരുകയും ചെയ്യും. എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്കുക! നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ വാളാൽ മരിക്കുകയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; ‘അയ്യോ തമ്പുരാനേ!’ എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അത് ഞാൻ കല്പിച്ച വചനമല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്. യിരെമ്യാ പ്രവാചകൻ ഈ വചനങ്ങളെല്ലാം യെരൂശലേമിൽ യെഹൂദാരാജാവായ സിദെക്കീയാവിനോട് പ്രസ്താവിച്ചു. അന്ന് ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാപട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവച്ച് ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നത് ഇവയത്രേ.
ആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ട് അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും സ്വതന്ത്രരായി വിട്ടയയ്ക്കേണ്ടതിന് ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന് സിദെക്കീയാരാജാവ് യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന് യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്. 10 ആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കണമെന്നുള്ള നിയമത്തിൽ ഉൾപ്പെട്ട സകലപ്രഭുക്കന്മാരും സർവ്വജനവും അത് അനുസരിച്ച് അവരെ വിട്ടയച്ചിരുന്നു. 11 പിന്നീട് അവർ അവരുടെ മനസ്സു മാറ്റി, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു. 12 അതുകൊണ്ട് യിരെമ്യാവിന് യഹോവയിങ്കൽ നിന്ന് അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: 13 “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു: 14 ‘തന്നെത്താൻ നിനക്കു വില്ക്കുകയും ആറുസംവത്സരം നിന്നെ സേവിക്കുകയും ചെയ്ത എബ്രായസഹോദരനെ ഏഴാം സംവത്സരത്തിൽ വിട്ടയയ്ക്കണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്ന് വിട്ടയയ്ക്കണം’ എന്ന് കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ശ്രദ്ധിച്ചതുമില്ല. 15 നിങ്ങളോ ഇന്ന് തിരിഞ്ഞ് ഓരോരുത്തൻ തന്റെ കൂട്ടുകാരനു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്ക് ഹിതമായത് പ്രവർത്തിച്ച്, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവച്ച് എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു. 16 എങ്കിലും നിങ്ങൾ മനസ്സു മാറ്റി, എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ വിമോചനം കൊടുത്ത് അയച്ചിരുന്ന ദാസനെയും ദാസിയെയും തന്റെ ഇഷ്ടം പോലെ മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു. 17 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഓരോരുത്തൻ താന്താന്റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവിധം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അത് വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്ന് യഹോവയുടെ അരുളപ്പാട്”. 18 “കാളക്കുട്ടിയെ രണ്ടായി പിളർന്ന് അതിന്റെ പിളർപ്പുകളുടെ നടുവെ കടന്നുകൊണ്ട് എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികൾ നിവർത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ, 19 കാളക്കുട്ടിയുടെ പിളർപ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേംപ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നെ, ഞാൻ ഏല്പിക്കും. 20 അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഞാൻ അവരെ ഏല്പിക്കും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും. 21 യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏല്പിക്കും. 22 ഞാൻ കല്പിച്ച് അവരെ ഈ നഗരത്തിലേക്കു മടക്കി വരുത്തും; അവർ അതിനെ യുദ്ധം ചെയ്തു പിടിച്ച് തീ വച്ച് ചുട്ടുകളയും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്.