13
യേശു ശിഷ്യന്മാരുടെ കാൽ കഴുകുന്നു
താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു പെസഹാ പെരുന്നാളിന് മുമ്പെ യേശു അറിഞ്ഞിട്ട്, ലോകത്തിൽ തനിക്കു സ്വന്തമായവരെ സ്നേഹിച്ചു; അവസാനത്തോളം അവരെ സ്നേഹിച്ചു. അത്താഴം ആയപ്പോൾ പിശാച്, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്താവിന്റെ ഹൃദയത്തിൽ യേശുവിനെ ഒറ്റികൊടുക്കുവാൻ തോന്നിച്ചിരുന്നു; പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരുന്നു. അവൻ അത്താഴത്തിൽ നിന്നു എഴുന്നേറ്റ് മേൽവസ്ത്രം ഊരിവച്ച് ഒരു തുവർത്ത് എടുത്തു അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി. അവൻ ശിമോൻ പത്രൊസിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവനോട്: കർത്താവേ, നീ എന്റെ കാൽ കഴുകുന്നുവോ എന്നു പറഞ്ഞു. യേശു അവനോട്: ഞാൻ ചെയ്യുന്നതെന്തെന്ന് നീ ഇപ്പോൾ അറിയുന്നില്ല; എന്നാൽ പിന്നീട് അറിയും എന്നു ഉത്തരം പറഞ്ഞു. നീ ഒരുനാളും എന്റെ കാൽ കഴുകുകയില്ല എന്നു പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാൻ നിന്നെ കഴുകാഞ്ഞാൽ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ ശിമോൻ പത്രൊസ്: കർത്താവേ, എന്റെ കാൽ മാത്രമല്ല കയ്യും തലയും കൂടെ കഴുകേണമേ എന്നു പറഞ്ഞു. 10 യേശു അവനോട്: കുളിച്ചിരിക്കുന്നവന് കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു. 11 തന്നെ കാണിച്ചുകൊടുക്കുന്നവൻ ആരാണെന്ന് യേശു അറിഞ്ഞിരുന്നതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.
12 അവൻ അവരുടെ കാൽ കഴുകിയിട്ട് വസ്ത്രം ധരിച്ചു വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാൻ നിങ്ങൾക്ക് ചെയ്തതു എന്താണെന്ന് നിങ്ങൾ അറിയുന്നുവോ? 13 നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ട് നിങ്ങൾ പറയുന്നത് ശരി. 14 കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽതമ്മിൽ കാൽ കഴുകേണ്ടതാകുന്നു. 15 ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്ക് ഒരു മാതൃക തന്നിരിക്കുന്നു. 16 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനേക്കാൾ വലിയവൻ അല്ല; അയയ്ക്കപ്പെട്ടവൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. 17 ഇതു നിങ്ങൾ അറിയുന്നു എങ്കിൽ അവയെ ചെയ്താൽ ഭാഗ്യവാന്മാർ. 18 ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച് പറയുന്നില്ല; ഞാൻ തിരഞ്ഞെടുത്തവരെ ഞാൻ അറിയുന്നു; എന്നാൽ “എന്റെ അപ്പം തിന്നുന്നവൻ എന്റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന് നിവൃത്തി വരേണ്ടതിനാകുന്നു ഞാൻ ഇതു പറയുന്നത്. 19 അത് സംഭവിക്കുമ്പോൾ “ഞാൻ ആകുന്നു” എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന് ഞാൻ ഇപ്പോൾ അത് സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു. 20 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.
യൂദാസ് ഒറ്റികൊടുക്കുമെന്ന് പ്രവചിക്കുന്നു.
21 ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റികൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു. 22 ഇതു ആരെക്കുറിച്ച് പറയുന്നു എന്നു ശിഷ്യന്മാർ സംശയിച്ചു തമ്മിൽതമ്മിൽ നോക്കി. 23 ശിഷ്യന്മാരിൽ വെച്ച് യേശു സ്നേഹിച്ച ഒരുവൻ യേശുവിന്റെ മാർവ്വിടത്തു ചാരിക്കൊണ്ടിരുന്നു. 24 ശിമോൻ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവൻ പറഞ്ഞത് ആരെക്കുറിച്ച് എന്നു ചോദിപ്പാൻ പറഞ്ഞു. 25 അവൻ യേശുവിന്റെ നെഞ്ചോട് ചാഞ്ഞു: കർത്താവേ, അത് ആർ എന്നു ചോദിച്ചു. 26 ഞാൻ അപ്പക്കഷണം മുക്കി കൊടുക്കുന്നവൻതന്നെ എന്നു യേശു ഉത്തരം പറഞ്ഞു; അപ്പക്കഷണം മുക്കി ശിമോൻ ഈസ്കര്യോത്താവിന്റെ മകനായ യൂദയ്ക്ക് കൊടുത്തു. 27 അപ്പം വാങ്ങിയതിനുശേഷം സാത്താൻ അവനിൽ കടന്നു; യേശു അവനോട്: നീ ചെയ്യാനിരിക്കുന്നത് വേഗത്തിൽ ചെയ്ക എന്നു പറഞ്ഞു. 28 എന്നാൽ ഇതു അവനോട് എന്തിന് പറഞ്ഞുവെന്ന് പന്തിയിൽ ഇരുന്നവരിൽ ആരും അറിഞ്ഞില്ല. 29 പണസഞ്ചി യൂദയുടെ പക്കൽ ആകയാൽ പെരുന്നാളിന് നമുക്ക് ആവശ്യമുള്ളതു വാങ്ങുവാനോ ദരിദ്രർക്ക് വല്ലതും കൊടുക്കുവാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലർക്കു തോന്നി. 30 അപ്പം വാങ്ങിയ ഉടനെ അവൻ എഴുന്നേറ്റുപോയി, അപ്പോൾ രാത്രി ആയിരുന്നു.
31 അവൻ പോയശേഷം യേശു പറഞ്ഞത്: ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു; 32 ദൈവം അവനിൽ മഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തന്നിൽതന്നേ മഹത്വപ്പെടുത്തും; ക്ഷണത്തിൽ അവനെ മഹത്വപ്പെടുത്തും. 33 കുഞ്ഞുങ്ങളെ, ഞാൻ ഇനി കുറച്ചുസമയംകൂടി മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങൾ എന്നെ അന്വേഷിക്കും; ഞാൻ പോകുന്ന ഇടത്ത് നിങ്ങൾക്ക് വരുവാൻ കഴിയുകയില്ല എന്നു ഞാൻ യെഹൂദന്മാരോട് പറഞ്ഞതുപോലെ ഇന്ന് നിങ്ങളോടും പറയുന്നു. 34 നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽതമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. 35 നിങ്ങൾക്ക് തമ്മിൽതമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
പത്രൊസ് തള്ളിപറയുമെന്ന് പ്രവചിക്കുന്നു
36 ശിമോൻ പത്രൊസ് അവനോട്: കർത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാൻ പോകുന്ന ഇടത്തേക്ക് നിനക്ക് ഇപ്പോൾ എന്നെ അനുഗമിക്കുവാൻ കഴിയുകയില്ല; പിന്നത്തേതിൽ നീ എന്നെ അനുഗമിക്കും എന്നു യേശു അവനോട് ഉത്തരം പറഞ്ഞു. 37 പത്രൊസ് അവനോട്: കർത്താവേ, ഇപ്പോൾ എനിക്ക് നിന്നെ അനുഗമിക്കുവാൻ കഴിയാത്തത് എന്ത്? ഞാൻ എന്റെ ജീവനെ നിനക്ക് വേണ്ടി വെച്ചുകളയും എന്നു പറഞ്ഞു. 38 അതിന് യേശു: നിന്റെ ജീവനെ എനിക്കുവേണ്ടി വെച്ചുകളയുമോ? ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: നീ മൂന്നുപ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്നു ഉത്തരം പറഞ്ഞു.