5
1 യിസ്രായേൽ മക്കൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ പരിഭ്രമിച്ചു; യിസ്രായേൽ മക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.
2 അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്ന് കല്പിച്ചു. 3 യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളിലുള്ള പുരുഷന്മാരെ അഗ്രചർമ്മഗിരിയിൽ*അഗ്രചർമ്മഗിരിയിൽ ഹാര് ലോത്ത് എന്നാ പര്വ്വതത്തില് വെച്ച് പരിച്ഛേദന ചെയ്തു. 4 യോശുവ പരിച്ഛേദന ചെയ്വാനുള്ള കാരണമോ, മിസ്രയീമിൽനിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽവച്ച് മരിച്ചുപോയിരുന്നു; 5 ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. 6 ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണംവരെ യിസ്രായേൽ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും†പാലും തേനും ഫലഭൂയിഷ്ടമായ, പുറപ്പാട് 3:8 നോക്കുക ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോട് സത്യം ചെയ്തിരുന്നു. 7 എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു. 8 സർവ്വജനത്തെയും പരിച്ഛേദനചെയ്ത് തീർന്നശേഷം അവർക്ക് സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു. 9 യഹോവ യോശുവയോട്: “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ‡ഗില്ഗാൽ ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്ന് പേർ പറയുന്നു.
10 യിസ്രായേൽ മക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിനാലാം തീയ്യതി സന്ധ്യാസമയത്ത് യെരിഹോ സമഭൂമിയിൽവെച്ച് പെസഹ കഴിച്ചു. 11 പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു. 12 അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽ മക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു.
13 യോശുവ യെരിഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെനേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്, “നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?” എന്ന് ചോദിച്ചു. 14 അതിന് അവൻ: “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണ് നമസ്കരിച്ച് അവനോട്: “കർത്താവിന് അടിയനോടുള്ള കല്പന എന്ത്? എന്ന് ചോദിച്ചു. 15 യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചു കളക” എന്ന് പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.