12
കീഴടക്കിയ രാജാക്കന്മാർ
1 യിസ്രായേൽ മക്കൾ യോർദ്ദാന് നദിക്ക് കിഴക്ക് അർന്നോൻ താഴ്വര മുതൽ ഹെർമ്മോൻ പർവ്വതം വരെയും കിഴക്കെ അരാബാ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
2 ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും 3 കിന്നെരോത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
4 ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു. 5 അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളും കൂടെ കീഴടക്കിയിരുന്നു. മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.
7 യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു. 8 മലനാട്ടിലും താഴ്വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നെ.
9 യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്; 10 യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്; 11 യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്; 12 എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്; 13 ദെബീർരാജാവ്; ഗേദെർരാജാവ്; 14 ഹോർമ്മരാജാവ്; ആരാദ്രാജാവ്; 15 ലിബ്നരാജാവ്; അദുല്ലാംരാജാവ്; 16 മക്കേദാരാജാവ്; ബേഥേൽരാജാവ്; 17 തപ്പൂഹരാജാവ്; ഹേഫെർരാജാവ്; 18 അഫേക് രാജാവ്; ശാരോൻരാജാവ്; 19 മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്; 20 അക്ശാഫുരാജാവ്; താനാക് രാജാവ്; 21 മെഗിദ്ദോരാജാവ്; കാദേശ് രാജാവ്; 22 കർമ്മേലിലെ യൊക്നെയാംരാജാവ്; 23 ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്; 24 തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.