2
“ ‘ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോൾ അവന്റെ വഴിപാട് നേരിയ മാവ് ആയിരിക്കണം; അവൻ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അവൻ അത് കൊണ്ടുവരണം. പുരോഹിതൻ മാവും എണ്ണയും ഒരു കൈ നിറച്ചു കുന്തുരുക്കം മുഴുവനും എടുക്കണം; പുരോഹിതൻ അത് സ്മരണാംശമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം. എന്നാൽ ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
“ ‘അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അത് നേരിയ മാവു കൊണ്ടുണ്ടാക്കിയ എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണപുരട്ടിയ പുളിപ്പില്ലാത്ത പപ്പടങ്ങളോ ആയിരിക്കണം. നിന്റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നു എങ്കിൽ അത് എണ്ണചേർത്ത പുളിപ്പില്ലാത്ത നേരിയമാവുകൊണ്ട് ആയിരിക്കണം. അത് കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കണം; അത് ഭോജനയാഗം. നിന്റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണചേർത്ത നേരിയമാവുകൊണ്ട് ഉണ്ടാക്കണം. ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരണം; അത് പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലുകയും അവൻ അത് യാഗപീഠത്തിങ്കൽ കൊണ്ടുപോകുകയും വേണം. പുരോഹിതൻ ഭോജനയാഗത്തിന്റെ സ്മരണാംശം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കണം. 10 ഭോജനയാഗത്തിന്റെ ശേഷിപ്പ് അഹരോനും പുത്രന്മാർക്കും ആയിരിക്കണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം. 11 നിങ്ങൾ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിപ്പുള്ളതും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്. 12 അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ ദഹിപ്പിക്കരുത്. 13 നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേർക്കണം* ഉപ്പ് ചേർക്കണം ഉപ്പിന്റെ ഉടമ്പടി - ദൈവവും യിസ്രായേല്‍ ജനവുമായുള്ള ഉടമ്പടിയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു; നിന്റെ ദൈവത്തിന്റെ നിയമത്തിൻ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പ് ചേർക്കേണം.
14 “ ‘നിന്റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിർ വറുത്ത് പുതിയതായി ഉതിർത്ത മണികൾ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അർപ്പിക്കണം. 15 അതിന്മേൽ എണ്ണ ഒഴിച്ച് അതിൻമീതെ കുന്തുരുക്കവും ഇടണം; അത് ഒരു ഭോജനയാഗം. 16 ഉതിർത്ത മണിയിലും എണ്ണയിലും അല്പവും കുന്തുരുക്കം മുഴുവനും പുരോഹിതൻ സ്മരണാംശമായി ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.

*2. 13 ഉപ്പ് ചേർക്കണം ഉപ്പിന്റെ ഉടമ്പടി - ദൈവവും യിസ്രായേല്‍ ജനവുമായുള്ള ഉടമ്പടിയുമായി താരതമ്യപ്പെടുത്തിയിരിക്കുന്നു