ലൂക്കോസ്
ഗ്രന്ഥകര്‍ത്താവ്
പുരാതന എഴുത്തുകാരുടെ അഭിപ്രായത്തിൽ ലൂക്കോസ് ആണ് ഈ സുവിശേഷം എഴുതിയത് താനൊരു വൈദ്യനും രണ്ടാം തലമുറ ക്രിസ്തുവിശ്വാസിയും ആയിരുന്നു. ലൂക്കോസ് ഒരു ജാതീയ പശ്ചാത്തലമുള്ള സുവിശേഷകനാണ് അപ്പോസ്തല പ്രവർത്തികൾ പുസ്തകവും താൻ തന്നെയാണ് അദ്ദേഹത്തിൻറെ രചനയാണ് പൗലോസിനെ ഒപ്പം ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ട്. (കൊലോ. 4:14; 2 തിമോ 4:11; ഫിലി. 24).
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 60-80.
കൈസര്യയില്‍ രചന ആരംഭിച്ചെങ്കിലും റോമിൽ വച്ചാണ് അവസാനിപ്പിച്ചത്. ബെത്ലഹേം, ഗലീല, യഹൂദിയാ, യെരുശലേം എന്നിവയാണ് പ്രധാന സ്ഥലങ്ങൾ.
സ്വീകര്‍ത്താവ്
തെയോഫിലോസിനു സമർപ്പിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത് അർത്ഥം” ദൈവത്തെ സ്നേഹിക്കുന്നവൻ” യഥാർത്ഥത്തിൽ ക്രിസ്ത്യാനിയായിരുന്നോ എന്നുള്ളത് സ്പഷ്ടമല്ല. ലൂക്കോസ് “ശ്രീമാനായ” (ലുക്കോ 1:3) എന്നു അഭി സംബോധനചെയ്യുന്നതിനാല് ഒരുപക്ഷെ തെയോഫിലോസ് ഒരു റോമന്‍ ഉദ്യോഗസ്ഥനായിരുന്നിരിക്കാം. ഈ സുവിശേഷത്തിലെ പലവസ്തുതകളും ജാതിയാരായ വായനക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നു കാണാം പ്രത്യേകിച്ച് മനുഷ്യപുത്രന്‍ ദൈവരാജ്യം തുടങ്ങിയ പ്രയോഗങ്ങള്‍ക്കു നല്കിയിട്ടുള്ള പ്രാധാന്യം. (ലൂക്കോ 5:24, 19:10, 17:20-21, 13:18).
ഉദ്ദേശം.
യേശുവിനെ ലൂക്കോസ് മനുഷ്യ പുത്രനായി വെളിപ്പെടുത്തുന്നു. “നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയണം”. ലൂക്കോസ് എഴുതുന്നു. (ലൂക്കോ. 1:4). ക്രിസ്തുവിനെ പിന്തുടരുന്നതില്‍ യാതൊരു അട്ടിമറിയോ കപടതയോ ഇല്ല എന്ന് ലൂക്കോസ് ക്രൈസ്തവ വിശ്വാസത്തെ സമര്‍ത്ഥിച്ചു കൊണ്ട് എഴുതുന്നു.
പ്രമേയം
പൂര്‍ണ്ണ മനുഷ്യന്
സംക്ഷേപം
1. ജനനവും ആദ്യകാല ജീവിതവും — 1:5-2:52
2. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം — 3:1 – 4:13
3. യേശു രക്ഷയുടെ കാരണക്കാരന് — 4:14-9:50
4. യേശുവിന്റെ കുരിശിലേക്കുള്ള പ്രയാണം — 9:51-19:27
5. യേശുവിന്റെ യെരുശലേം പ്രവേശനം, ക്രൂശീകരണം, ഉയിര്‍ത്തെഴുന്നേല്പ് — 19:28-24:53
1
ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു. ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു. അതുകൊണ്ട് നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്, അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
യെഹൂദ്യരാജാവായ ഹെരോദാവിന്റെ ഭരണകാലത്ത് അബീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; * 1 ദിന 24: 10 ദാവീദ് പുരോഹിതന്മാരെ 24 ഗണങ്ങളാക്കി തിരിച്ചതിൽ ഒരു ഗണത്തിന്റെ പിതാവാണ് അബീയാവ് അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ. ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു. എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ട് അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
സെഖര്യാവ് തന്റെ ഗണത്തിന്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ: പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 10 അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. 11 അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി. 12 സെഖര്യാവ് അവനെ കണ്ട് പരിഭ്രമിച്ചു. 13 ദൂതൻ അവനോട് പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം. 14 നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും. 15 അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16 അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും. 17 അവൻ കർത്താവിന് മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും. 18 സെഖര്യാവ് ദൂതനോട്; ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. 19 ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു. 20 തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. 21 ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു. 22 അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ട് എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആം‌ഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു. 23 അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
24 ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു: 25 മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ച് മാസം ഒളിച്ചു പാർത്തു.
26 എലിസബെത്ത് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു. 27 അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു. 28 ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്ന്: കൃപ ലഭിച്ചവളേ, നിനക്ക് വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. 29 അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു. 30 ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. 31 നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കണം. 32 അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും 33 അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. 34 മറിയ ദൂതനോട്: ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. 35 അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. 36 നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം. 37 ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്നു ഉത്തരം പറഞ്ഞു. 38 അതിന് മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
39 കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്ന്, 40 അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു. 41 മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു, 42 ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്. 43 എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി. 44 നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി. 45 കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
46 അപ്പോൾ മറിയ പറഞ്ഞത്:
“എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
48 അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49 സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം ആകുന്നു.
50 അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
51 അവൻ തന്റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52 പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു.
53 വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
54 നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു,
55 തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു”.
56 മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
57 എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു; 58 കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു. 59 എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ട് വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവന് സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു. 60 അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു. 61 അവർ അവളോട്: നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ എന്നു പറഞ്ഞു. 62 പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു. 63 അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. 64 ഉടനെ അവന്റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. 65 അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി 66 കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
67 അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
68 “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
70 അവൻ ശക്തനായ രക്ഷകനെ തന്റെ ദാസനായ ദാവീദിന്റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു.
71 അവൻ നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
72 അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
73 നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
74 നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ
75 വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും
77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവന് മുമ്പായി നടക്കും.
78 സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
79 ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു”.
80 പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.

*1. 5 1 ദിന 24: 10 ദാവീദ് പുരോഹിതന്മാരെ 24 ഗണങ്ങളാക്കി തിരിച്ചതിൽ ഒരു ഗണത്തിന്റെ പിതാവാണ് അബീയാവ്