വെളിപ്പാട്
ഗ്രന്ഥകര്‍ത്താവ്
“കർത്താവ് ദൂതൻ മുഖാന്തരം അരുളിച്ചെയ്തത് എഴുതിയ” വ്യക്തി എന്നാണ് യോഹന്നാൻ അപ്പോസ്തലൻ സ്വയം പരിചയപ്പെടുത്തുന്നത് സഭയുടെ ആദ്യകാല എഴുത്തുകാര്‍ ആയിരുന്ന ജസ്റ്റിന്‍ മാര്‍ട്ടിയര്‍ ഐറേനിയസ്, ഹിപ്പോളിടസ്, തെര്‍ത്തുല്യന്‍ അലെക്സന്ത്രിയായിലെ ക്ലെമന്ത്, കൂടാതെ മൂററ്റൊരിയന്‍ രേഖകള്‍ എല്ലാം വെളിപ്പാട് യോഹന്നാന്‍ അപ്പോസ്തലൻ എഴുതി എന്ന് അംഗീകരിക്കുന്നു. വെളിപ്പാട് ‘അപ്പോകാലിപ്ടിക്’ (പ്രത്യാശയെ പ്രകടിപ്പിക്കുവാന്‍ പ്രതീകാത്മകമായ അലങ്കാര പ്രയോഗങ്ങളില്‍ എഴുതുന്ന യഹൂദ ശൈലി) എന്ന സങ്കേത പ്രകാരമാണ് രചിച്ചിരിക്കുന്നത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം എ. ഡി 95-96.
യോഹന്നാന് ഈ പ്രവചനങ്ങള്‍ കിട്ടിയത് ഈജിയന്‍ കടലിലുള്ള പത്മോസ് ദ്വീപില്‍ വച്ചാണ്. (1:9).
സ്വീകര്‍ത്താവ്
ഏഷ്യമൈനറിലെ ഏഴു സഭകള്‍ക്ക് വേണ്ടിയാണ് ഈ പ്രവചനങ്ങള്‍ ലഭിച്ചത്.
ഉദ്ദേശം
വെളിപാട് പുസ്തകം യേശുവിന്‍റെ ദിവ്യത്വത്തെ വെളിപ്പെടത്തുന്നു (1:1), അവൻറെ വ്യക്തിത്വം, ശക്തി, ഭാവിയിൽ കാല സംഭവങ്ങള്‍ എന്നിവയും എഴുതപ്പെട്ടിരിക്കുന്നു. ലോകാവസാനവും അന്ത്യന്യായവിധിയും സംഭവിക്കാൻ പോകുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണെന്ന് മുന്നറിയിപ്പ് നൽകുന്നു സ്വർഗ്ഗത്തെ കുറിച്ചുള്ള ചെറിയ കാഴ്ച ഈ പുസ്തകം നൽകുന്നു അതോടൊപ്പം തങ്ങളെത്തന്നെ ശുദ്ധിക്കായി സൂക്ഷിച്ച് ഭക്തന്മാർക്ക് ലഭിക്കാനിരിക്കുന്ന മഹത്വത്തെയും വെളിപ്പെടുത്തുന്നു. മഹോപദ്രവമുണ്ടാകും അവിശ്വാസികൾ നിത്യനരകത്തിൽ എന്നേക്കും കഷ്ടമനുഭവിക്കും. സാത്താനും അവൻറെ ദൂതൻമാർക്കും വരുവാൻ പോകുന്ന ശിക്ഷയെക്കുറിച്ചും ഈ പുസ്തകം വിവരിക്കുന്നു.
പ്രമേയം
മറ നീക്കുക
സംക്ഷേപം
1. യേശുക്രിസ്തുവിന്റെ വെളിപാടും യേശുവിന്റെ സാക്ഷ്യവും. — 1:1-8
2. ദർശനങ്ങൾ. — 1:9-20
3. ഏഴു പ്രാദേശിക സഭകൾ. — 2:1-3:22
4. സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ. — 4:1-22:5
5. കർത്താവിന്റെ അവസാനമുന്നറിയിപ്പും അപ്പോസ്തലന്റെ സമാപന ഉപസംഹാര പ്രാർത്ഥനയും — 22:6-21
1
1 യേശുക്രിസ്തുവിന്റെ വെളിപാട്: വേഗത്തിൽ സംഭവിക്കുവാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനെ കാണിച്ചു. 2 യോഹന്നാൻ ദൈവവചനവും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യവുമായി താൻ കണ്ടതെല്ലാം സാക്ഷീകരിച്ചു. 3 സമയം അടുത്തിരിക്കുന്നതുകൊണ്ട് ഈ പ്രവചനത്തിന്റെ വാക്കുകളെ വായിക്കുന്നവനും അവയെ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്നത് അനുസരിക്കുന്നവരും ഭാഗ്യവാന്മാർ.
4 യോഹന്നാൻ ആസ്യയിലെ ഏഴ് സഭകൾക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽ നിന്നും, അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ അടുക്കൽനിന്നും, 5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാർക്കു ഭരണകർത്താവുമായ യേശുക്രിസ്തുവിങ്കൽ നിന്നും, നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. 6 നമ്മെ സ്നേഹിച്ചവനും തന്റെ രക്തത്താൽ നമ്മുടെ പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിച്ചു തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന് എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ. 7 ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏത് കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ സകലഗോത്രങ്ങളും അവനെച്ചൊല്ലി വിലപിക്കും. അതെ, ആമേൻ.
8 ഞാൻ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
9 നിങ്ങളുടെ സഹോദരനും യേശു ക്രിസ്തുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹനത്തിലും പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം അറിയിച്ചതു നിമിത്തവും പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു. 10 കർത്തൃദിവസത്തിൽ*കര്‍ത്തൃദിവസം-ആഴചവട്ടത്തിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച ഞാൻ പരിശുദ്ധാത്മ വിവശതയിലായി: കാഹളനാദംപോലെ വലിയൊരു ശബ്ദം എന്റെ പുറകിൽ കേട്ട്; 11 ഞാൻ അല്ഫയും ഓമേഗയും ആകുന്നു; ആദ്യനും അന്ത്യനും തന്നെ. നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്നാ, പെർഗ്ഗമൊസ്, തുയഥൈരാ, സർദ്ദിസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്നീപട്ടണങ്ങളിലുള്ള ഏഴ് സഭകൾക്കും അയയ്ക്കുക. 12 എന്നോട് സംസാരിച്ച ശബ്ദം ആരുടേതെന്ന് കാണുവാൻ ഞാൻ തിരിഞ്ഞു. 13 തിരിഞ്ഞപ്പോൾ ഏഴ് പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കിയും മാറത്ത് പൊൻകച്ചയും ധരിച്ചവനായി മനുഷ്യപുത്രനെപ്പോലെയുള്ളവനെയും കണ്ട്. 14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലപോലെയും 15 കാൽ ഉലയിൽ ശുദ്ധീകരിച്ച് തേച്ചുമിനുക്കിയ വെള്ളോടുപോലെയും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴ് നക്ഷത്രം ഉണ്ട്; 16 അവന്റെ വായിൽനിന്നു മൂർച്ചയുള്ള ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശോഭയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. 17 അവനെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചിട്ട് എന്നോട്: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവിച്ചിരിക്കുന്നവനും ആകുന്നു. 18 ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു; ആമേൻ, മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കയ്യിൽ ഉണ്ട്. 19 അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും 20 എന്റെ വലങ്കയ്യിൽ കണ്ട ഏഴ് നക്ഷത്രത്തിന്റെ മർമ്മവും ഏഴ് പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴ് നക്ഷത്രം ഏഴ് സഭകളുടെ ദൂതന്മാരാകുന്നു; നീ കണ്ട ഏഴ് നിലവിളക്കുകൾ ഏഴ് സഭകൾ ആകുന്നു.