18
1 ലേവ്യരായ പുരോഹിതന്മാർക്കും ലേവിഗോത്രത്തിന്നും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുതു; യഹോവയുടെ ദഹനയാഗങ്ങളും അവന്റെ അവകാശവുംകൊണ്ടു അവർ ഉപജീവനം കഴിക്കേണം. 2 സംഖ്യാപുസ്തകം 18:20ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവർക്കു അവകാശം ഉണ്ടാകരുതു; യഹോവ അവരോടു അരുളിച്ചെയ്തതുപോലെ അവൻ തന്നേ അവരുടെ അവകാശം. 3 ജനത്തിൽനിന്നു പുരോഹിതന്മാർക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവൻ കൈക്കുറകും കവിൾ രണ്ടും ആമാശയവും കൊടുക്കേണം. 4 ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം. 5 യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നില്ക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.
6 ഏതു യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാർത്തിരുന്ന ഒരു ലേവ്യൻ അവിടെനിന്നു യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ‒അവന്നു മനസ്സുപോലെ വരാം‒ 7 അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്റെ സകലസഹോദരന്മാരെയും പോലെ അവന്നും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം. 8 അവന്റെ പിതൃസ്വത്തു വിറ്റുകിട്ടിയ മുതലിന്നുപുറമെ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.
9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകൾ നീ പഠിക്കരുതു. 10 ലേവ്യപുസ്തകം 19:26; പുറപ്പാടു 22:18തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ, പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, 11 ലേവ്യപുസ്തകം 19:31മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. 12 ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു. 13 മത്തായി 5:48നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം. 14 നീ നീക്കിക്കളവാനിരിക്കുന്ന ജാതികൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ടു നടന്നു; നീയോ അങ്ങനെ ചെയ്വാൻ നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല. 15 അപ്പൊ. പ്രവൃത്തികൾ 3:22; 7:37നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം. 16 ഞാൻ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്റെ ദൈവമായ യഹോവയുടെ ശബ്ദം കേൾപ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബിൽവെച്ചു മഹായോഗം കൂടിയ നാളിൽ നിന്റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ. 17 അന്നു യഹോവ എന്നോടു അരുളിച്ചെയ്തതു എന്തെന്നാൽ: അവർ പറഞ്ഞതു ശരി. 18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും. 19 അപ്പൊ. പ്രവൃത്തികൾ 3:23അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും. 20 എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകൻ മരണശിക്ഷ അനുഭവിക്കേണം. 21 അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങൾ എങ്ങനെ അറിയും എന്നു നിന്റെ ഹൃദയത്തിൽ പറഞ്ഞാൽ 22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകൻ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു.