19
നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു: നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവൾ സിംഹങ്ങളുടെ ഇടയിൽ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളർത്തി. അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി; അതു ഒരു ബാലസിംഹമായിത്തീർന്നു; അതു ഇര തേടി പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു. ജാതികൾ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവൻ അകപ്പെട്ടു; അവർ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി. എന്നാൽ അവൾ താൻ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി. അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീർന്നു, ഇര തേടിപ്പിടിപ്പാൻ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു. അവൻ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗർജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി. അപ്പോൾ ജാതികൾ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്നു അവന്റെ നേരെ വന്നു അവന്റെമേൽ വലവീശി അവൻ അവരുടെ കുഴിയിൽ അകപ്പെട്ടു. അവർ അവനെ കൊളുത്തിട്ടു ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേൽപർവ്വതങ്ങളിൽ കേൾക്കാതെയിരിക്കേണ്ടതിന്നു അവർ അവനെ ദുർഗ്ഗങ്ങളിൽ കൊണ്ടുപോയി. 10 നിന്റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു. 11 അതിൽ അധിപതികളുടെ ചെങ്കോലുകൾക്കായി ബലമുള്ള കൊമ്പുകൾ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളർന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു. 12 എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കൻ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകൾ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീർന്നു. 13 ഇപ്പോൾ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു. 14 അതിന്റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാൻ തക്ക ബലമുള്ള കോൽ അതിൽനിന്നെടുപ്പാൻ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീർന്നുമിരിക്കുന്നു.