42
1 അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്കു എന്നെ കൊണ്ടുചെന്നു. 2 അതിന്റെ മുൻഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം. 3 അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു. 4 മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കോട്ടായിരുന്നു. 5 കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാൾ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽനിന്നു നടപ്പുരകൾക്കു എടുത്തുപോയിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു. 6 അവ മൂന്നു നിലയായിരുന്നു; എന്നാൽ അവെക്കു പ്രാകാരങ്ങളുടെ തൂണുകൾപോലെ തൂണുകൾ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു. 7 പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുൻവശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു. 8 പുറത്തെ പ്രാകാരത്തിലേക്കു ദർശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു; 9 പുറത്തെ പ്രാകാരത്തിൽനിന്നു ഇവയിലേക്കു കടന്നാൽ കിഴക്കോട്ടു ഈ മണ്ഡപങ്ങൾക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു. 10 കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കൽ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങൾ ഉണ്ടായിരുന്നു. 11 അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ. 12 തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങൾ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കൽ തന്നേ. 13 പിന്നെ അവൻ എന്നോടു കല്പിച്ചതു: മുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവർ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ. 14 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു. 15 അവൻ അകത്തെ ആലയം അളന്നു തീർന്നശേഷം, കിഴക്കോട്ടു ദർശനമുള്ള വാതില്ക്കൽ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു. 16 അവൻ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം. 17 അവൻ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം. 18 അവൻ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം. 19 അവൻ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം. 20 ഇങ്ങനെ അവൻ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേറുതിരിപ്പാൻ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതിൽ അതിന്നു ചുറ്റും ഉണ്ടായിരുന്നു.