11
ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു. അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു. വരുവിൻ; നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു. മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിന്നു യഹോവ ഇറങ്ങിവന്നു. അപ്പോൾ യഹോവ: ഇതാ, ജനം ഒന്നു, അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‌വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല. വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
10 ശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു. 11 അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
12 അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. 13 ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
14 ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. 15 ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
16 ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു. 17 പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
18 പേലെഗിന്നു മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു. 19 രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
20 രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു. 21 ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
22 ശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു. 23 നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
24 നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. 25 തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
26 തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.
27 തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. 28 എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. 29 അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നേ. 30 സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല. 31 തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു. 32 തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.