5
മത്തായി 21:33; മർക്കൊസ് 12:1; ലൂക്കൊസ് 20:9ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടു പാടും; എന്റെ പ്രിയതമന്നു ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതിന്നു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്റെ മുന്തിരിത്തോട്ടത്തിന്നും മദ്ധ്യേ വിധിപ്പിൻ. ഞാൻ എന്റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‌വാനുള്ളു? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചതു എന്തു? ആകയാൽ വരുവിൻ; ഞാൻ എന്റെ മുന്തിരിത്തോട്ടത്തോടു എന്തു ചെയ്യും എന്നു നിങ്ങളോടു അറിയിക്കാം; ഞാൻ അതിന്റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും. ഞാൻ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളെക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളെക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിന്നായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി! തങ്ങൾ മാത്രം ദേശമദ്ധ്യേ പാർക്കത്തക്കവണ്ണം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തതു: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. 10 പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്നു ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്നു ഒരു ഏഫയും മാത്രം കിട്ടും. 11 അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല. 13 അങ്ങനെ എന്റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. 14 അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്കു ഇറങ്ങിപ്പോകുന്നു. 15 അങ്ങനെ മനുഷ്യൻ കുനിയുകയും പുരുഷൻ വണങ്ങുകയും നിഗളികളുടെ കണ്ണു താഴുകയും ചെയ്യും. 16 എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കയും ചെയ്യും. 17 അപ്പോൾ കുഞ്ഞാടുകൾ മേച്ചൽപുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികൾ അനുഭവിക്കും.
18 വ്യാജപാശംകൊണ്ടു അകൃത്യത്തെയും വണ്ടിക്കയറുകൊണ്ടു എന്നപോലെ പാപത്തെയും വലിക്കയും 19 അവൻ ബദ്ധപ്പെട്ടു തന്റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്റെ ആലോചന അടുത്തുവരട്ടെ; നമുക്കു അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
20 തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
21 തങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം! 22 വീഞ്ഞു കുടിപ്പാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും 23 സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! 24 അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നു പോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 25 അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിക്കും; അവൻ അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറെക്കയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും. 26 അവൻ ദൂരത്തുള്ള ജാതികൾക്കു ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്നു അവരെ ചൂളകുത്തി വിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 27 അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല. 28 അവരുടെ അമ്പു കൂർത്തും വില്ലു എല്ലാം കുലെച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. 29 അവരുടെ ഗർജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇര പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല. 30 അന്നാളിൽ അവർ കടലിന്റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.

5:1 മത്തായി 21:33; മർക്കൊസ് 12:1; ലൂക്കൊസ് 20:9