21
സിദെക്കീയാരാജാവു മല്ക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു: 2. രാജാക്കന്മാർ 25:1-11; 2. ദിനവൃത്താന്തം 36:17-21ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകലഅത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു. യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോടു ഇപ്രകാരം പറയേണം: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‌വാൻ നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ചു ഈ നഗരത്തിന്റെ നടുവിൽ കൂട്ടും. ഞാൻ തന്നേയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധംചെയ്യും. ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും. അതിന്റെശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു. നീ ഈ ജനത്തോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു. ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും. 10 ഞാൻ എന്റെ മുഖം ഈ നഗരത്തിന്നുനേരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവെച്ചു ചുട്ടുകളയും. 11 യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ! 12 ദാവീദുഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആർക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്‌വിൻ. 13 താഴ്‌വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 14 ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

21:2 2. രാജാക്കന്മാർ 25:1-11; 2. ദിനവൃത്താന്തം 36:17-21