2
എബ്രായർ 11:31; യാക്കോബ് 2:25അനന്തരം നൂന്റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന്നു ശിത്തീമിൽനിന്നു രണ്ടുപേരെ അയച്ചു: നിങ്ങൾ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിൻ എന്നു പറഞ്ഞു. അവർ പുറപ്പെട്ടു രാഹാബ് എന്നു പേരുള്ളോരു വേശ്യയുടെ വീട്ടിൽ ചെന്നു അവിടെ പാർത്തു. യിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്‌വാൻ രാത്രിയിൽ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി. യെരീഹോരാജാവു രാഹാബിന്റെ അടുക്കൽ ആളയച്ചു: നിന്റെ അടുക്കൽ വന്നു വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു. ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടു: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല; ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു. എന്നാൽ അവൾ അവരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു. ആ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾ വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടെച്ചു. എന്നാൽ അവർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്നു അവരോടു പറഞ്ഞതു: യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികൾ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാൻ അറിയുന്നു. 10 പുറപ്പാടു 14:21; സംഖ്യാപുസ്തകം 21:21-35നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കു വേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു. 11 കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു. 12 ആകയാൽ ഞാൻ നിങ്ങളോടു ദയ ചെയ്കകൊണ്ടു നിങ്ങളും എന്റെ പിതൃഭവനത്തോടു ദയ ചെയ്തു 13 എന്റെ അപ്പനെയും അമ്മയെയും എന്റെ സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്നു യഹോവയെച്ചൊല്ലി എന്നോടു സത്യംചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയും വേണം. 14 അവർ അവളോടു: ഞങ്ങളുടെ ഈ കാര്യം നിങ്ങൾ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവന്നു പകരം ഞങ്ങളുടെ ജീവൻ വെച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിന്നോടു ദയയും വിശ്വസ്തതയും കാണിക്കും എന്നു ഉത്തരം പറഞ്ഞു. 15 എന്നാറെ അവൾ അവരെ കിളിവാതിലൂടെ ഒരു കയറുകെട്ടി ഇറക്കി; അവളുടെ വീടു കോട്ടമതിലിന്മേൽ ആയിരുന്നു; അവൾ മതിലിന്മേൽ പാർത്തിരുന്നു. 16 അവൾ അവരോടു: തിരഞ്ഞുപോയവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന്നു നിങ്ങൾ പർവ്വതത്തിൽ കയറി അവർ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിൻ; അതിന്റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു. 17 അവർ അവളോടു പറഞ്ഞതു: ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതില്ക്കൽ ഈ ചുവപ്പു ചരടു കെട്ടുകയും 18 നിന്റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം. 19 അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങൾ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിന്നു പുറത്തിറങ്ങിയാൽ അവന്റെ രക്തം അവന്റെ തലമേൽ ഇരിക്കും; ഞങ്ങൾ കുറ്റമില്ലാത്തവർ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോൾ വല്ലവനും അവന്റെ മേൽ കൈവെച്ചാൽ അവന്റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും. 20 എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽ നിന്നു ഞങ്ങൾ ഒഴിവുള്ളവർ ആകും. 21 അതിന്നു അവൾ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു അവരെ അയച്ചു; അങ്ങനെ അവർ പോയി; അവൾ ആ ചുവപ്പുചരടു കിളിവാതില്ക്കൽ കെട്ടി. 22 അവർ പുറപ്പെട്ടു പർവ്വതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളേ അവരെ അന്വേഷിച്ചു; കണ്ടില്ല താനും. 23 അങ്ങനെ അവർ ഇരുവരും പർവ്വതത്തിൽനിന്നു ഇറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്നു തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു. 24 യഹോവ ദേശമൊക്കെയും നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികൾ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവർ യോശുവയോടു പറഞ്ഞു.

2:1 എബ്രായർ 11:31; യാക്കോബ് 2:25

2:10 പുറപ്പാടു 14:21; സംഖ്യാപുസ്തകം 21:21-35