24
1 അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു. 2 ഉല്പത്തി 11:27അപ്പോൾ യോശുവ സർവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചുപോന്നു. 3 ഉല്പത്തി 12:1-9; ഉല്പത്തി 21:1-3എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു. 4 ഉല്പത്തി 25:24-26; ഉല്പത്തി 36:8; ആവർത്തനപുസ്തകം 2:5; ഉല്പത്തി 46:1-7യിസ്ഹാക്കിന്നു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി. 5 പുറപ്പാടു 3:1—12:42പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു. 6 പുറപ്പാടു 14:1-31അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങൾ കടലിന്നരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു; 7 അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യർക്കും മദ്ധ്യേ അന്ധകാരം വെച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു. 8 സംഖ്യാപുസ്തകം 21:21-35പിന്നെ ഞാൻ നിങ്ങളെ യോർദ്ദാന്നക്കരെ പാർത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു. 9 സംഖ്യാപുസ്തകം 22:1—24:25അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു. 10 എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്നു വിടുവിച്ചു. 11 യോശുവ 3:14-17; യോശുവ 6:1-21പിന്നെ നിങ്ങൾ യോർദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികൾ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു. 12 പുറപ്പാടു 23:28; ആവർത്തനപുസ്തകം 7:20ഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകൊണ്ടും അല്ല. 13 ആവർത്തനപുസ്തകം 6:10,11നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു. 14 ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‌വിൻ. 15 യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും. 16 അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ. 17 ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാണ്കെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ. 18 ദേശത്തു പാർത്തിരുന്ന അമോര്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം. 19 യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല. 20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞു നിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും. 21 ജനം യോശുവയോടു: അല്ല, ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു. 22 യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു. 23 ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു. 24 ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു. 25 അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവർക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
26 പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെനാട്ടിയുംവെച്ചു യോശുവ സകലജനത്തോടും: 27 ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു. 28 ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.
29 അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. 30 യോശുവ 19:49,50അവനെ എഫ്രയീംപർവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു. 31 യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു. 32 ഉല്പത്തി 33:19; 50:24,25; പുറപ്പാടു 13:19; യോഹന്നാൻ 4:5; അപ്പൊ. പ്രവൃത്തികൾ 7:16യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീർന്നു. 33 അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപർവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു.
24:2 ഉല്പത്തി 11:27
24:3 ഉല്പത്തി 12:1-9; ഉല്പത്തി 21:1-3
24:4 ഉല്പത്തി 25:24-26; ഉല്പത്തി 36:8; ആവർത്തനപുസ്തകം 2:5; ഉല്പത്തി 46:1-7
24:5 പുറപ്പാടു 3:1—12:42
24:6 പുറപ്പാടു 14:1-31
24:8 സംഖ്യാപുസ്തകം 21:21-35
24:9 സംഖ്യാപുസ്തകം 22:1—24:25
24:11 യോശുവ 3:14-17; യോശുവ 6:1-21
24:12 പുറപ്പാടു 23:28; ആവർത്തനപുസ്തകം 7:20
24:13 ആവർത്തനപുസ്തകം 6:10,11
24:30 യോശുവ 19:49,50
24:32 ഉല്പത്തി 33:19; 50:24,25; പുറപ്പാടു 13:19; യോഹന്നാൻ 4:5; അപ്പൊ. പ്രവൃത്തികൾ 7:16