9
1 അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി. 2 അവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. 3 എന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു. 4 യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു 5 എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 6 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു. 7 അവൻ എഴുന്നേറ്റു വീട്ടിൽ പോയി. 8 പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
9 യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
10 ലൂക്കൊസ് 15:1,2അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു. 11 പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. 12 യേശു അതു കേട്ടാറെ: ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. 13 മത്തായി 12:7; ഹോശേയ 6:6യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
14 യോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു. 15 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും. 16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും. 17 പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.
18 അവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. 19 യേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. 20 അന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ: 21 അവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു. 22 യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൗഖ്യം വന്നു. 23 പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു: 24 മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. 25 അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു. 26 ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു. 28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്‌വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു. 29 അവൻ അവരുടെ കണ്ണു തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. 30 പിന്നെ യേശു: നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു. 31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. 33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു; യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു. 34 മത്തായി 10:25; 12:24; മർക്കൊസ് 3:22; ലൂക്കൊസ് 11:15പരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
35 മത്തായി 4:23; മർക്കൊസ് 1:39; ലൂക്കൊസ് 4:44യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു. 36 സംഖ്യാപുസ്തകം 27:17; 1. രാജാക്കന്മാർ 22:17; 2. ദിനവൃത്താന്തം 18:16; യെഹെസ്കേൽ 34:5; മർക്കൊസ് 6:34അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു: 37 ലൂക്കൊസ് 10:2കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; 38 ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു പറഞ്ഞു.