94
പ്രതികാരത്തിന്റെ ദൈവമായ യഹോവേ,
പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ;
ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
യഹോവേ, ദുഷ്ടന്മാർ എത്രത്തോളം,
ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു;
നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു;
നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു;
അനാഥന്മാരെ അവർ ഹിംസിക്കുന്നു.
യഹോവ കാണുകയില്ല എന്നും
യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ;
ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?
ചെവിയെ നട്ടവൻ കേൾക്കയില്ലയോ?
കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
10 ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ?
അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11 1. കൊരിന്ത്യർ 3:20മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
12 യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം
അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
13 നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം
നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14 യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല;
തന്റെ അവകാശത്തെ കൈവിടുകയുമില്ല.
15 ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും;
പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
16 ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും?
നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?
17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ
എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
18 എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ
യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
19 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ
നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
20 നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന
ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
21 നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു;
കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
22 എങ്കിലും യഹോവ എനിക്കു ഗോപുരവും
എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
23 അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും;
അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും;
നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

94:11 1. കൊരിന്ത്യർ 3:20