5
പേടകം അശ്ദോദിലും എക്രോനിലും
1-2 ഫെലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തിയതിനുശേഷം അവർ അതിനെ ഏബെൻ-ഏസെരിൽനിന്നും അശ്ദോദിലേക്കു കൊണ്ടുപോയി. അവർ അതിനെ ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ ബിംബത്തിനടുത്തായി സ്ഥാപിച്ചു. 3 പിറ്റേദിവസം പ്രഭാതത്തിൽ അശ്ദോദിലെ ജനം ഉണർന്നുനോക്കുമ്പോൾ, ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! അവർ ദാഗോനെ എടുത്ത് അവന്റെ പൂർവസ്ഥാനത്തുതന്നെ സ്ഥാപിച്ചു. 4 തൊട്ടടുത്ത പ്രഭാതത്തിലും അവർ ഉണർന്നുവന്നപ്പോൾ ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! ദാഗോന്റെ തലയും കൈപ്പത്തികളും ഒടിഞ്ഞു വേർപെട്ട്, വാതിൽപ്പടിയിൽ വീണുകിടന്നിരുന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. 5 അതുകൊണ്ട് ഇന്നുവരെയും ദാഗോന്റെ പുരോഹിതന്മാരാകട്ടെ, അശ്ദോദിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന മറ്റുള്ളവരാകട്ടെ, ക്ഷേത്രത്തിന്റെ വാതിൽപ്പടിയിൽ ചവിട്ടാറില്ല.
6 അശ്ദോദിലും സമീപഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെമേൽ യഹോവയുടെ കൈ ഭാരമുള്ളതായിത്തീർന്നു. യഹോവ അവർക്കു നാശം വരുത്തുകയും മൂലക്കുരുക്കൾകൊണ്ട് അവരെ പീഡിപ്പിക്കുകയും ചെയ്തു. 7 സംഭവിക്കുന്നതെന്താണെന്നു കണ്ടപ്പോൾ അശ്ദോദ് നിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയിൽ ഇരുന്നുകൂടാ. കാരണം യഹോവയുടെ കൈ നമുക്കും നമ്മുടെ ദാഗോൻ ദേവനും ഭാരമേറിയതാണ്.” 8 അതിനാൽ അവർ ഫെലിസ്ത്യഭരണാധിപന്മാരെയെല്ലാം വിളിച്ചുവരുത്തി, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നാം എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു.
“ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഗത്തിലേക്കു മാറ്റാം,” എന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെ അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം അവിടെനിന്ന് കൊണ്ടുപോയി.
9 എന്നാൽ അവർ പേടകം ഗത്തിൽ കൊണ്ടുവന്നു കഴിഞ്ഞപ്പോൾ ആ നഗരത്തെ ആകമാനം സംഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് യഹോവയുടെ കൈ അതിനെതിരായും പ്രവർത്തിച്ചു. നഗരത്തിൽ സകലരെയും ബാധിക്കുന്ന മൂലക്കുരുക്കൾ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ യഹോവ ആ നഗരവാസികളായ ആബാലവൃദ്ധം ജനങ്ങളെയും പീഡിപ്പിച്ചു. 10 അതിനാൽ അവർ പേടകം എക്രോനിലേക്കു കൊണ്ടുപോയി.
ദൈവത്തിന്റെ പേടകം എക്രോനിൽ പ്രവേശിച്ചപ്പോൾ അവിടത്തെ ജനങ്ങൾ നിലവിളിച്ചു: “നമ്മെയും നമ്മുടെ ജനത്തെയും കൊല്ലുന്നതിനായി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം കൊണ്ടുവന്നിരിക്കുന്നു.” 11 അവർ ഫെലിസ്ത്യരുടെ സകലഭരണാധിപന്മാരെയും കൂട്ടിവരുത്തിയിട്ട്, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം മടക്കി അയയ്ക്കുക. അത് അതിന്റെ സ്ഥാനത്തേക്കുതന്നെ മടങ്ങിപ്പോകട്ടെ! ഇല്ലെങ്കിൽ അതു*അഥവാ, അവൻ നമ്മെയും നമ്മുടെ ജനത്തെയും കൊന്നുമുടിക്കും!” എന്നു പറഞ്ഞു. മരണവിഭ്രാന്തി ആ നഗരത്തെ ബാധിച്ചിരുന്നു. യഹോവയുടെ കൈ അവിടെയും അതിഭാരമായിരുന്നു. 12 ജനത്തിൽ മരിക്കാതിരുന്നവർ മൂലക്കുരുക്കളാൽ പീഡിപ്പിക്കപ്പെട്ടു. ആ നഗരത്തിന്റെ നിലവിളി ആകാശംവരെ ഉയർന്നുചെന്നു.