27
യോഥാം യെഹൂദാരാജാവ്
1 രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു. 2 തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു; എന്നാൽ അതിൽനിന്നു വ്യത്യസ്തമായി, അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ ജനം തങ്ങളുടെ വഷളത്തങ്ങൾ തുടർന്നുപോന്നു. 3 യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം*അതായത്, ദൈവാലയത്തിന്റെ തെക്കുവശത്തെ കവാടം എന്നു കരുതപ്പെടുന്നു; 2 ദിന. 23:20 കാണുക. യോഥാം പുതുക്കിപ്പണിതു; ഓഫേൽ കുന്നിലെ മതിലും വളരെ വിപുലമായ രീതിയിൽ അദ്ദേഹം പണിതുറപ്പിച്ചു. 4 യെഹൂദ്യമലകളിൽ പട്ടണങ്ങളും കോട്ടകളും ഗോപുരങ്ങളും പണികഴിപ്പിച്ചു.
5 യോഥാം അമ്മോന്യരാജാവിനെ ആക്രമിച്ചു കീഴടക്കി. ആ വർഷം അമ്മോന്യർ അദ്ദേഹത്തിനു നൂറു താലന്തു†ഏക. 3.75 ടൺ. വെള്ളിയും പതിനായിരം കോർ‡ഏക. 1,800 ടൺ. ഗോതമ്പും പതിനായിരം കോർ§ഏക. 1,500 ടൺ. യവവും*ബാർലി അഥവാ, ബാർലരി കൊടുത്തു. തുടർന്നു രണ്ടാംവർഷത്തിലും മൂന്നാംവർഷത്തിലും അവർ ഇതേ അളവിൽ കൊണ്ടുവന്നു കൊടുത്തു.
6 ഇങ്ങനെ തന്റെ ദൈവമായ യഹോവയുടെമുമ്പാകെ ക്രമമായി നടന്നിരുന്നതിനാൽ യോഥാം മേൽക്കുമേൽ പ്രബലനായിത്തീർന്നു.
7 യോഥാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ—അദ്ദേഹം നടത്തിയ എല്ലാ യുദ്ധങ്ങളും ചെയ്ത മറ്റു പ്രവർത്തനങ്ങളുമുൾപ്പെടെ—ഇസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 8 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. 9 യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.