8
ശൂനേംകാരിയുടെ ഭൂമി അവൾക്കു തിരിയെക്കിട്ടുന്നു
താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ സ്ത്രീയോട് എലീശാ: “നീ കുടുംബസഹിതം പോയി സാധ്യമായ ഏതെങ്കിലും സ്ഥലത്തു പരദേശവാസം ചെയ്യുക; യഹോവ നാട്ടിൽ ഒരു ക്ഷാമം വരുത്താൻപോകുന്നു. അത് ഏഴുവർഷം നീണ്ടുനിൽക്കും” എന്നു പറഞ്ഞു. ദൈവപുരുഷൻ പറഞ്ഞതുപോലെ അവൾ ചെയ്തു. അവളും കുടുംബവും പുറപ്പെട്ട് ഫെലിസ്ത്യദേശത്തു ചെന്നു. അവർ ഏഴുവർഷം അവിടെ താമസിച്ചു.
ഏഴുവർഷം കഴിഞ്ഞപ്പോൾ അവൾ ഫെലിസ്ത്യദേശത്തുനിന്നു തിരിച്ചുവന്നു. അവൾ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുത്തെത്തി. അപ്പോൾ രാജാവ് ദൈവപുരുഷന്റെ പരിചാരകനായ ഗേഹസിയോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. “എലീശാ ചെയ്ത സകല അത്ഭുതകാര്യങ്ങളെക്കുറിച്ചും എന്നോടു പറയുക,” എന്ന് അദ്ദേഹം ഗേഹസിയോടു കൽപ്പിച്ചു. എലീശാ മരിച്ചവനെ ജീവിപ്പിച്ച വിവരം ഗേഹസി രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, എലീശാ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ ആ സ്ത്രീ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുക്കൽവന്നു.
അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ആ സ്ത്രീ ഇവളാണ്; എലീശാ പുനർജീവിപ്പിച്ച കുട്ടി ഇവനുമാകുന്നു” എന്നു പറഞ്ഞു. ആ സംഭവത്തെക്കുറിച്ചു രാജാവ് അവളോടു ചോദിച്ചപ്പോൾ അവൾ സംഭവം വിവരിച്ചു.
അതിനുശേഷം രാജാവ് അവളുടെ കാര്യത്തിന് ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു, അയാളോട്: “അവൾക്കുണ്ടായിരുന്നതെല്ലാം, അവൾ ദേശം വിട്ടനാൾമുതൽ ഇന്നുവരെയുള്ള ആദായമുൾപ്പെടെ അവൾക്കു കൊടുക്കണം” എന്നു കൽപ്പിച്ചു.
ഹസായേൽ ബെൻ-ഹദദിനെ വധിക്കുന്നു
എലീശാ ദമസ്കോസിലേക്കുപോയി. അരാംരാജാവായ ബെൻ-ഹദദ് അന്ന് രോഗിയായിരുന്നു. “ദൈവപുരുഷൻ അവിടെ വന്നെത്തിയിട്ടുണ്ട്,” എന്നു കേട്ടപ്പോൾ രാജാവ് ഹസായേലിനോട്: “നിന്റെ പക്കൽ ഒരു സമ്മാനം എടുത്തുകൊണ്ടുപോയി ദൈവപുരുഷനെ കാണുക; ഈ രോഗം മാറി എനിക്ക് സൗഖ്യം ലഭിക്കുമോ എന്ന് അദ്ദേഹംമുഖേന യഹോവയോട് അരുളപ്പാടു ചോദിക്കുക” എന്നു കൽപ്പിച്ചു.
അങ്ങനെ ഹസായേൽ എലീശയെ കാണുന്നതിനു പുറപ്പെട്ടു. ദമസ്കോസിലെ സകലവിശിഷ്ട വസ്തുക്കളിൽനിന്ന് നാൽപ്പത് ഒട്ടകച്ചുമടുകൾ അദ്ദേഹത്തിനു കാഴ്ചയായി ഹസായേൽ കൊണ്ടുപോയിരുന്നു. അദ്ദേഹം ചെന്ന് എലീശയുടെമുമ്പിൽ നിന്ന്: “അങ്ങയുടെ മകനും അരാംരാജാവുമായ ബെൻ-ഹദദ് എന്നെ അയച്ചിരിക്കുന്നു. ‘താൻ ഈ രോഗത്തിൽനിന്നു വിമുക്തനാകുമോ,’ എന്ന് അങ്ങയോടു ചോദിക്കാനും എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.”
10 “ ‘നീ തീർച്ചയായും സുഖംപ്രാപിക്കും’ എന്നു നീ ചെന്ന് അദ്ദേഹത്തോടു പറയുക; എന്നാൽ അദ്ദേഹം നിശ്ചയമായും മരിക്കുമെന്നും യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.” 11 ഹസായേലിനു ലജ്ജതോന്നുന്നതുവരെ എലീശാ അയാളെ കണ്ണുപറിക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അതിനുശേഷം ദൈവപുരുഷൻ കരയാൻ തുടങ്ങി.
12 “യജമാനൻ കരയുന്നതെന്തിന്?” ഹസായേൽ ചോദിച്ചു.
“നീ ഇസ്രായേലിനു ചെയ്യാൻപോകുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടുതന്നെ. നീ അവരുടെ കെട്ടുറപ്പുള്ള പട്ടണങ്ങളെ തീയിൽ ദഹിപ്പിക്കും; അവരുടെ യുവാക്കളെ വാൾകൊണ്ടു കൊല്ലുകയും ശിശുക്കളെ നിലത്തടിച്ചു ചിതറിക്കുകയും അവരുടെ ഗർഭിണികളെ പിളർക്കുകയും ചെയ്യും.”
13 “വെറും ഒരു നായായിരിക്കുന്ന അടിയന് ഇത്തരം സാഹസകൃത്യങ്ങൾ ചെയ്യാൻ എങ്ങനെ കഴിയും?” എന്നു ഹസായേൽ ചോദിച്ചു.
“നീ അരാംരാജാവായിത്തീരുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു,” എന്ന് എലീശാ മറുപടികൊടുത്തു.
14 അതിനുശേഷം ഹസായേൽ എലീശയെ വിട്ട് തന്റെ യജമാനന്റെ അടുത്തേക്കുപോയി. “എലീശാ നിന്നോട് എന്തു പറഞ്ഞു?” എന്ന് ബെൻ-ഹദദ് ചോദിച്ചപ്പോൾ, “അങ്ങുവേഗത്തിൽ സുഖംപ്രാപിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു” എന്ന് ഹസായേൽ മറുപടി നൽകി. 15 പിറ്റേദിവസം ഹസായേൽ ഒരു പുതപ്പെടുത്ത് വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ രാജാവു മരിക്കാനിടയായി. അതിനുശേഷം ഹസായേൽ അദ്ദേഹത്തിനുപകരം രാജാവായി.
യെഹൂദാരാജാവായ യെഹോരാം
16 ഇസ്രായേൽരാജാവായ ആഹാബിന്റെ അഞ്ചാമാണ്ടിൽ, യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായിരിക്കെത്തന്നെ, അദ്ദേഹത്തിന്റെ മകനായ യെഹോരാം യെഹൂദാരാജാവായി ഭരണമേറ്റു. 17 രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു. 18 അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. 19 എന്നിരുന്നാലും തന്റെ ദാസനായ ദാവീദിനെയോർത്ത് യഹോവയ്ക്കു യെഹൂദയെ നശിപ്പിക്കാൻ മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി എപ്പോഴും ഒരു വിളക്ക് പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.
20 യെഹോരാമിന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോടു മത്സരിച്ചു. അവർ തങ്ങളുടേതായ ഒരു രാജാവിനെ വാഴിച്ചു. 21 അതിനാൽ യെഹോരാം തന്റെ സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു. എങ്കിലും യെഹോരാമിന്റെ സൈന്യം തങ്ങളുടെ ഭവനങ്ങളിലേക്കു തിരിഞ്ഞോടിക്കളഞ്ഞു. 22 ഇന്നുവരെയും ഏദോമ്യർ യെഹൂദയുടെ അധികാരത്തിനു കീഴ്പ്പെടാതെ മത്സരിച്ചുനിൽക്കുന്നു. അക്കാലത്തുതന്നെ ലിബ്നായും മത്സരിച്ചു.
23 യെഹോരാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? 24 യെഹോരാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
യെഹൂദാരാജാവയ അഹസ്യാവ്
25 ഇസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെഹൂദ്യയിൽ രാജാവായി. 26 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഇസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളായിരുന്നു. 27 ആഹാബിന്റെ ഭവനത്തോട് അഹസ്യാവ് വിവാഹംവഴി ബന്ധപ്പെട്ടിരുന്നതിനാൽ ആ ഭവനം ചെയ്തിരുന്നതുപോലെ അദ്ദേഹവും ആഹാബുഗൃഹത്തിന്റെ വഴികളിൽ ജീവിക്കുകയും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.
28-29 അഹസ്യാവ് ഗിലെയാദിലെ രാമോത്തിൽ* മൂ.ഭാ. രാമാ, രാമോത്ത് എന്നതിന്റെ മറ്റൊരുരൂപം. ആഹാബിന്റെ മകൻ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ പോയി; അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു. അതിനാൽ യോരാംരാജാവ്, അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്ക് അരാമ്യർ ഏൽപ്പിച്ച മുറിവുകൾ ചികിത്സിക്കാനായി യെസ്രീലിലേക്കു മടങ്ങി.
ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.

*8:28-29 മൂ.ഭാ. രാമാ, രാമോത്ത് എന്നതിന്റെ മറ്റൊരുരൂപം.