24
ദാവീദ് യോദ്ധാക്കളുടെ ജനസംഖ്യ എടുക്കുന്നു
യഹോവയുടെ കോപം വീണ്ടും ഇസ്രായേലിനെതിരേ ജ്വലിച്ചു, “നീ പോയി ഇസ്രായേലിന്റെയും യെഹൂദയുടെയും ജനസംഖ്യയെടുക്കുക” എന്നിങ്ങനെ ഇസ്രായേലിന്നെതിരായി ദാവീദിനു തോന്നിച്ചു.
അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും* 1 ദിന. 21:2 കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.”
എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?”
എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു.
അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി. അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു. പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു.
ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി.
യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു.
10 യോദ്ധാക്കളുടെ സംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം യഹോവയോട് ഏറ്റുപറഞ്ഞു: “ഞാനീ ചെയ്തത് കൊടിയ പാപമാണ്; ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.”
11 പിറ്റേദിവസം പ്രഭാതത്തിൽ ദാവീദ് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. 12 ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ”
13 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “നിന്റെ ദേശത്തു നിന്റെമേൽ മൂന്നു 1 ദിന. 21:12 കാണുക. ചി.കൈ.പ്ര. ഏഴു വർഷം ക്ഷാമം വരണമോ? അഥവാ, മൂന്നുമാസം നീ ശത്രുക്കളുടെമുമ്പിൽനിന്ന് പലായനംചെയ്യുകയും അവർ നിന്നെ പിൻതുടരുകയും ചെയ്യണമോ? അതുമല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നുദിവസത്തെ മഹാമാരി ഉണ്ടാകണമോ! നീ ആലോചിച്ച്, എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.”
14 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; നാം യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!”
15 അങ്ങനെ യഹോവ അന്നു രാവിലെമുതൽ നിശ്ചിത അവധിവരെ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു. ദാൻമുതൽ ബേർ-ശേബാവരെ എഴുപതിനായിരം ജനം മരിച്ചുവീണു. 16 സംഹാരദൂതൻ ജെറുശലേം നശിപ്പിക്കുന്നതിനുവേണ്ടി കൈനീട്ടി. അപ്പോൾ യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ആയിരുന്നു.
17 സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് യഹോവയോട് അപേക്ഷിച്ചു: “അയ്യോ! യഹോവേ! പാപം ചെയ്തവൻ, ദുഷ്ടത പ്രവർത്തിച്ചവൻ ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ!”
ദാവീദ് ഒരു യാഗപീഠം പണിയുന്നു
18 അന്ന് ഗാദ് ചെന്ന് ദാവീദിനോടു പറഞ്ഞു: “ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.” 19 യഹോവ ഗാദ് പ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ ദാവീദ് പോയി. 20 രാജാവും അനുയായികളും തന്റെ അടുത്തേക്കു വരുന്നതായിക്കണ്ടപ്പോൾ അരവ്നാ ഓടിവന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21 അരവ്നാ ചോദിച്ചു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്ക് എഴുന്നള്ളിയതിനുള്ള കാരണം എന്താണ്?”
“താങ്കളുടെ മെതിക്കളം വാങ്ങിക്കുന്നതിന്,” ദാവീദ് പറഞ്ഞു, “അങ്ങനെ ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം എനിക്കു പണിയണം.”
22 അരവ്നാ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് പ്രസാദം തോന്നുന്നതെല്ലാം എടുത്ത് അർപ്പിച്ചാലും! ഇതാ! ഹോമയാഗത്തിനുള്ള കാളകൾ ഇവിടെയുണ്ട്. വിറകിനുവേണ്ടി മെതിവണ്ടികളും കാളയുടെ നുകങ്ങളും ഉണ്ടല്ലോ! 23 തിരുമനസ്സേ! ഇതെല്ലാം രാജാവിനുവേണ്ടി അരവ്നായുടെ ചി.കൈ.പ്ര. അരവ്നാ രാജാവ് തിരുമുൽക്കാഴ്ചയാകുന്നു.” അരവ്നാ തുടർന്നു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽ പ്രസാദിക്കട്ടെ.”
24 എന്നാൽ രാജാവ് അരവ്നായോടു മറുപടി പറഞ്ഞു: “അല്ല, അതിനു വിലതരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. എനിക്കു യാതൊരു ചെലവും വരാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുകയില്ല.”
അങ്ങനെ ദാവീദ് അൻപതുശേക്കേൽ§ ഏക. 575 ഗ്രാം. വെള്ളികൊടുത്ത് ആ മെതിക്കളവും കാളകളും വാങ്ങിച്ചു. 25 ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ ദേശത്തിനുവേണ്ടിയുള്ള പ്രാർഥന യഹോവ കേട്ടു; ഇസ്രായേലിനെ ബാധിച്ചിരുന്ന മഹാമാരി നീങ്ങിപ്പോയി.

*24:2 1 ദിന. 21:2

24:13 1 ദിന. 21:12 കാണുക. ചി.കൈ.പ്ര. ഏഴു

24:23 ചി.കൈ.പ്ര. അരവ്നാ രാജാവ്

§24:24 ഏക. 575 ഗ്രാം.