4
പത്രോസും യോഹന്നാനും യെഹൂദരുടെ കോടതിയിൽ
1 പത്രോസും യോഹന്നാനും ജനത്തോടു സംവദിച്ചുകൊണ്ടു നിൽക്കുമ്പോൾ പുരോഹിതന്മാരും ദൈവാലയസേനയുടെ നായകനും സദൂക്യരും അവരുടെനേരേ വന്നു. 2 പത്രോസും യോഹന്നാനും ജനത്തെ പഠിപ്പിക്കുകയും മരിച്ചവർക്ക് യേശുവിലൂടെ പുനരുത്ഥാനമുണ്ട് എന്നു പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ വളരെ അസ്വസ്ഥരായി. 3 അവർ പത്രോസിനെയും യോഹന്നാനെയും പിടിച്ചു, സന്ധ്യാസമയം ആയിരുന്നതുകൊണ്ട് പിറ്റേദിവസംവരെ തടവിൽവെച്ചു. 4 എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി.
5 പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു; 6 മഹാപുരോഹിതൻ ഹന്നാവും ഒപ്പം കയ്യഫാവും യോഹന്നാനും അലെക്സന്തറും മഹാപുരോഹിതന്റെ കുടുംബത്തിൽപ്പെട്ട മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു. 7 അവർ പത്രോസിനെയും യോഹന്നാനെയും തങ്ങളുടെ മധ്യത്തിൽ നിർത്തി, “നിങ്ങൾ എന്ത് ശക്തിയാൽ, അഥവാ, ഏതു നാമത്താൽ ആണ് ഇതു ചെയ്തത്?” എന്നു ചോദിച്ചു.
8 അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ, 9 മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, 10 എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്.
11 “ ‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും
മൂലക്കല്ലായിമാറിയ കല്ല്’*സങ്കീ. 118:22 ഈ യേശുക്രിസ്തുതന്നെ.
12 മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
13 പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി. 14 സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല. 15 അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു†മൂ.ഭാ. സൻഹെദ്രിൻ. മഹാപുരോഹിതനടക്കം 71 പേർ അടങ്ങുന്ന ഒരു സംഘമാണിത്. പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു, 16 “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല. 17 എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.”
18 തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. 19 അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. 20 ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു.
21 ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു. 22 നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ.
വിശ്വാസികളുടെ പ്രാർഥന
23 ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു. 24 അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, 25 ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ:
“ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും
ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
26 കർത്താവിനും
അവിടത്തെ അഭിഷിക്തനും‡അഭിഷിക്തൻ, വിവക്ഷിക്കുന്നത് മശിഹാ അഥവാ, ക്രിസ്തു വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും
ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’§സങ്കീ. 2:1,2
27 അങ്ങ് അഭിഷേകം*പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം. ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, 28 സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു. 29 ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. 30 അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.”
31 ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.
വിശ്വാസികൾ സമ്പത്തു പങ്കിടുന്നു
32 വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. 33 അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. 34 അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് 35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.
36 സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ†ദൈവാലയശുശ്രൂഷകളിൽ സഹായിക്കുന്നവനാണ് ലേവ്യൻ. ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം. 37 അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.
*4:11 സങ്കീ. 118:22
†4:15 മൂ.ഭാ. സൻഹെദ്രിൻ. മഹാപുരോഹിതനടക്കം 71 പേർ അടങ്ങുന്ന ഒരു സംഘമാണിത്.
‡4:26 അഭിഷിക്തൻ, വിവക്ഷിക്കുന്നത് മശിഹാ അഥവാ, ക്രിസ്തു
§4:26 സങ്കീ. 2:1,2
*4:27 പഴയനിയമത്തിൽ ശുശ്രൂഷകൾക്കായി ഒരു വ്യക്തിയെ തൽസ്ഥാനത്തേക്കു നിയോഗിക്കുന്ന കർമമാണ് അഭിഷേകം.
†4:36 ദൈവാലയശുശ്രൂഷകളിൽ സഹായിക്കുന്നവനാണ് ലേവ്യൻ.