21
തെളിവില്ലാത്ത കൊലപാതകത്തിനുള്ള പ്രായശ്ചിത്തം
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് ഒരാൾ കൊല്ലപ്പെട്ട് കിടക്കുകയും അയാളെ കൊലചെയ്തത് ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കിടയിലെ ഗോത്രത്തലവന്മാരും ന്യായാധിപന്മാരും പുറത്തുവന്ന് ജഡത്തിൽനിന്നും അയൽനഗരങ്ങളിലേക്കുള്ള ദൂരം അളക്കണം. ജഡത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ തലവന്മാർ, ജോലിചെയ്യിക്കാത്തതും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം. അതിനെ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ താഴ്വരയിൽ കൊണ്ടുപോയി അവിടെവെച്ച് ആ പശുക്കിടാവിന്റെ കഴുത്തൊടിക്കണം. അതിനുശേഷം ലേവിയുടെ പുത്രന്മാരായ പുരോഹിതന്മാർ മുമ്പോട്ടു വരണം. ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തിൽ അനുഗ്രഹം പ്രഖ്യാപിക്കാനും അക്രമങ്ങളിലും വ്യവഹാരങ്ങളിലും തീരുമാനമെടുക്കാനും നിന്റെ ദൈവമായ യഹോവ അവരെ തെരഞ്ഞെടുത്തിരിക്കുന്നു. ജഡത്തിനു സമീപത്തുള്ള പട്ടണത്തിലെ തലവന്മാർ എല്ലാവരും താഴ്വരയിൽവെച്ച് കഴുത്തൊടിച്ച പശുക്കിടാവിന്റെമേൽ അവരുടെ കൈ കഴുകണം. അതിനുശേഷം അവർ ഇങ്ങനെ പ്രഖ്യാപിക്കണം: “ഈ രക്തം ചൊരിഞ്ഞതു ഞങ്ങളുടെ കൈകളല്ല. അതു ചെയ്യുന്നതു ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുമില്ല. യഹോവേ, അങ്ങ് വീണ്ടെടുത്ത അവിടത്തെ ജനമായ ഇസ്രായേലിനോടു ക്ഷമിക്കണമേ. കുറ്റമില്ലാത്തവന്റെ രക്തത്തിന്റെ പാതകം അവിടത്തെ ജനത്തിന്റെമേൽ വരുത്തരുതേ” അപ്പോൾ ആ രക്തപാതകം മോചിക്കപ്പെടും. യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്ത് ഇങ്ങനെ നിഷ്കളങ്കരക്തം ചൊരിഞ്ഞ പാതകം നിങ്ങളുടെ ഇടയിൽനിന്നു നീക്കണം.
അടിമസ്ത്രീയെ ഭാര്യയാക്കുമ്പോൾ
10 നീ നിന്റെ ശത്രുക്കളോടു യുദ്ധംചെയ്യാൻ പോയി നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ അടിമകളായി എടുക്കുകയും ചെയ്യുമ്പോൾ 11 അടിമകളുടെ കൂട്ടത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നിനക്ക് അവളെ ഭാര്യയായി സ്വീകരിക്കാം. 12 അവളെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവളുടെ തലയിലെ മുടി വടിച്ചുകളയുകയും അവളുടെ നഖം മുറിച്ചുകളയുകയും 13 പിടിച്ചുകൊണ്ടുവന്നപ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും ചെയ്യണം. അവൾ നിന്റെ വീട്ടിൽ ഒരുമാസം താമസിച്ച് അവളുടെ പിതാവിനെയും മാതാവിനെയും ഓർത്തു വിലപിച്ചശേഷം, നീ അവളുടെ അടുത്തു ചെല്ലുകയും നീ അവൾക്കു ഭർത്താവും അവൾ നിനക്കു ഭാര്യയും ആയിരിക്കാവുന്നതുമാണ്. 14 നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ അവളെ യഥേഷ്ടം പോകാൻ അനുവദിക്കണം. നീ അവളെ അപമാനിച്ചതുകൊണ്ട് അവളെ വിലയ്ക്കു വിൽക്കുകയോ അടിമയോടെന്നപോലെ പെരുമാറുകയോ അരുത്.
ആദ്യജാതന്റെ ഓഹരി
15 ഒരാൾക്ക് ഇഷ്ടയായും അനിഷ്ടയായും രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും രണ്ടുപേരും അവനു പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതൻ അനിഷ്ടയുടെ പുത്രനാകുകയും ചെയ്താൽ 16 അവൻ തന്റെ സ്വത്ത് പുത്രന്മാർക്കു വിഭജിച്ചുകൊടുക്കുമ്പോൾ അനിഷ്ടയുടെ പുത്രനായ ആദ്യജാതനു പകരം ഇഷ്ടയുടെ പുത്രന് ആദ്യജാതനുള്ള അവകാശങ്ങൾ നൽകാൻ പാടില്ല. 17 അവനുള്ള സകലത്തിനും ഇരട്ടി ഓഹരി അനിഷ്ടയുടെ മകനുതന്നെ നൽകി അവനെ ആദ്യജാതനായി അംഗീകരിക്കണം. അവൻ പിതാവിന്റെ ശക്തിയുടെ ആദ്യ ചിഹ്നമാകുന്നുവല്ലോ. ആദ്യജാതന്റെ ഓഹരി അവനുള്ളതാകുന്നു.
അനുസരണമില്ലാത്ത മകൻ
18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ 19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം. 20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.” 21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.
വിവിധ നിയമങ്ങൾ
22 മരണശിക്ഷ അർഹിക്കുന്ന തെറ്റുചെയ്തയാളെ കൊന്ന് മരത്തിൽ തൂക്കിയാൽ 23 അവന്റെ പിണം രാത്രിമുഴുവൻ മരത്തിൽ കിടക്കാൻ പാടില്ല. മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവർ ദൈവത്താൽ ശപിക്കപ്പെട്ടവരായതുകൊണ്ട് അന്നുതന്നെ അവനെ സംസ്കരിക്കണം. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ മലിനമാക്കരുത്.