25
അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിനുള്ള നിയമം
മനുഷ്യർക്കുതമ്മിൽ വ്യവഹാരം ഉണ്ടാകുമ്പോൾ അവരെ കോടതിയിൽ കൊണ്ടുവന്ന് ന്യായാധിപന്മാർ നിരപരാധിയെ കുറ്റവിമുക്തരാക്കുകയും കുറ്റക്കാരെ ശിക്ഷ വിധിക്കുകയും വേണം. കുറ്റക്കാർ അടിക്കു യോഗ്യരെങ്കിൽ ന്യായാധിപൻ അവരെ നിലത്തു കിടത്തി തന്റെ സാന്നിധ്യത്തിൽ അവരുടെ കുറ്റത്തിന് എത്ര അടി അർഹിക്കുന്നോ അത്രയും അവരെ അടിപ്പിക്കണം. എന്നാൽ അടി നാൽപ്പതിൽ കൂടരുത്. അതിൽ കൂടുതൽ അടിപ്പിച്ചാൽ നിന്റെ സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദ്യനാകും.
ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്.
സഹോദരന്മാർ ഒരുമിച്ചു താമസിക്കുമ്പോൾ അവരിൽ ഒരാൾ പുത്രനില്ലാതെ മരിച്ചുപോയാൽ അവന്റെ വിധവ കുടുംബത്തിനു പുറത്തുനിന്ന് വിവാഹംകഴിക്കരുത്. അവളുടെ ഭർത്താവിന്റെ സഹോദരൻ അവളെ വിവാഹംകഴിച്ച് അവളോടു ഭർത്തൃസഹോദരന്റെ ധർമം നിറവേറ്റണം. മരിച്ചുപോയ സഹോദരന്റെ നാമം ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കേണ്ടതിന് അവളുടെ ആദ്യജാതനിൽ അവന്റെ നാമം നിലനിർത്തണം.
എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.” പിന്നീട് പട്ടണത്തലവന്മാർ അവനെ വിളിപ്പിച്ചു സംസാരിക്കണം. “എനിക്ക് അവളെ സ്വീകരിക്കാൻ സമ്മതമല്ല,” എന്ന് അവൻ തീർത്തുപറഞ്ഞാൽ അവന്റെ സഹോദരന്റെ വിധവ ഗോത്രത്തലവന്മാരുടെ സാന്നിധ്യത്തിൽവെച്ച് അവന്റെ അടുത്തുചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുനീക്കി അവന്റെ മുഖത്തു തുപ്പിയിട്ട്, “തന്റെ സഹോദരന്റെ കുടുംബം പണിയാത്തവരോട് ഇങ്ങനെ ചെയ്യും” എന്നു പറയണം. 10 അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും.
11 രണ്ടു പുരുഷന്മാർതമ്മിൽ മൽപ്പിടിത്തം നടക്കുമ്പോൾ ഒരുവന്റെ ഭാര്യ വന്ന് തന്റെ ഭർത്താവിനെ മർദിക്കുന്നവനിൽനിന്ന് അവനെ രക്ഷിക്കേണ്ടതിന് കൈനീട്ടി അവന്റെ ജനനേന്ദ്രിയം കടന്നുപിടിച്ചാൽ, 12 നീ അവളുടെ കൈ മുറിച്ചുകളയണം. അവളോടു ദയ കാണിക്കരുത്.
13 നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്. 14 നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്. 15 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം. 16 ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
17 നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് അമാലേക്യർ നിങ്ങളോടു ചെയ്തത് ഓർക്കുക. 18 നിങ്ങൾ ക്ഷീണിച്ചും തളർന്നും ഇരുന്നപ്പോൾ അവർ വഴിയാത്രയിൽ നിങ്ങളെ പിന്നിൽനിന്ന് ആക്രമിക്കുകയും, പിൻനിരയിൽ തളർന്നു തങ്ങിയവരെയെല്ലാം വെട്ടിവീഴ്ത്തുകയും ചെയ്തു. അവർ ദൈവത്തെ ഭയപ്പെട്ടില്ല. 19 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത്, ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് സ്വസ്ഥത നൽകുമ്പോൾ നീ അമാലേക്യരുടെ സ്മരണ ആകാശത്തിനു കീഴിൽനിന്ന് തുടച്ചുനീക്കണം. ഇതു മറക്കരുത്!