9
എല്ലാവരും മരണത്തിന് അധീനരാണ്
ഇതും ഞാൻ സസൂക്ഷ്മം വിശകലനംചെയ്ത് എത്തിച്ചേർന്നത്: നീതിനിഷ്ഠരും ജ്ഞാനിയും അവർ ചെയ്യുന്നതെല്ലാം ദൈവകരങ്ങളിലാണ്; സ്നേഹമാണോ വിദ്വേഷമാണോ അവരെ കാത്തുനിൽക്കുന്നതെന്ന് ആരും അറിയുന്നില്ല. നീതിനിഷ്ഠർക്കും ദുഷ്ടർക്കും നല്ലവർക്കും അധർമികൾക്കും,*ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല ആചാരപരമായി ശുദ്ധിയുള്ളവർക്കും അല്ലാത്തവർക്കും യാഗങ്ങൾ അർപ്പിക്കുന്നവർക്കും അല്ലാത്തവർക്കും എല്ലാവർക്കും ഒരേ വിധിയാണ് കാത്തിരിക്കുന്നത്.
നല്ല മനുഷ്യർക്ക് എങ്ങനെയാണോ
പാപികൾക്കും അങ്ങനെതന്നെ.
ശപഥംചെയ്യുന്നവർക്ക് എങ്ങനെയാണോ
അതു ഭയക്കുന്നവർക്കും ഗതി ഒന്നുതന്നെ.
സൂര്യനുകീഴിൽ നടക്കുന്ന ഓരോന്നിലും ഉള്ള പരിതാപകരമായ അവസ്ഥ ഇതാണ്: ഒരേ വിധി എല്ലാവർക്കും വന്നുചേരുന്നു. മനുഷ്യരുടെ ഹൃദയങ്ങൾ, തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നുമാത്രമല്ല അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹൃദയമാകെ മതിഭ്രമംപേറി നടക്കുന്നു. പിന്നീട് അവർ മൃതരോടൊപ്പം കൂടുന്നു. ജീവിച്ചിരിക്കുന്നവർക്കുമാത്രമാണ് പ്രത്യാശയുള്ളത്—ചത്ത സിംഹത്തെക്കാൾ എത്രയോ ഭേദമാണ് ജീവനുള്ള ഒരു നായ!
ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു,
എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല.
അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല,
അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.
അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും
അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു.
സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും
പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല.
പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു. എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക. ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി. 10 നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.
11 മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു:
ഓട്ടം വേഗമുള്ളവർക്കുള്ളതല്ല,
യുദ്ധം ശക്തരായവർക്കുള്ളതുമല്ല.
ജ്ഞാനികൾക്കു ഭക്ഷണവും
വിവേകികൾക്കു സമ്പത്തും
വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല;
എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു.
12 മനുഷ്യർക്കാർക്കും അവരുടെ സമയം എപ്പോൾ വരും എന്നറിയാൻ കഴിയുകയില്ല:
വലയിൽ പിടിക്കപ്പെടുന്ന മത്സ്യംപോലെയോ
കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയോ
അവരുടെമേൽ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന
ദുഷ്കാലങ്ങളാൽ മനുഷ്യർ പിടിക്കപ്പെടുന്നു.
ഭോഷത്തത്തെക്കാൾ ജ്ഞാനം നല്ലത്
13 സൂര്യനുകീഴിൽ ഞാൻ കണ്ട ജ്ഞാനത്തിന്റെ മറ്റൊരു മാതൃക എന്നിൽ ആഴത്തിൽ പതിഞ്ഞു: 14 ഒരിക്കൽ വളരെക്കുറച്ചുമാത്രം ജനങ്ങളുള്ള ഒരു ചെറിയ നഗരം ഉണ്ടായിരുന്നു. ശക്തനായ ഒരു രാജാവ് അതിനെതിരേ വന്നു, അതിനെ വളഞ്ഞു. അതിനുചുറ്റും വലിയ കൊത്തളങ്ങൾ പണിതു. 15 ദരിദ്രനെങ്കിലും ജ്ഞാനിയായ ഒരു മനുഷ്യൻ ആ നഗരത്തിൽ താമസിച്ചിരുന്നു. അദ്ദേഹം തന്റെ ജ്ഞാനംകൊണ്ട് ആ നഗരത്തെ രക്ഷിച്ചു. എന്നാൽ ആരും ആ ദരിദ്രനെ ഓർത്തില്ല. 16 അപ്പോൾ ഞാൻ പറഞ്ഞു, “ജ്ഞാനം ബലത്തെക്കാൾ ശ്രേഷ്ഠം.” എന്നാൽ ആ ദരിദ്രന്റെ ജ്ഞാനം അവഗണിക്കപ്പെട്ടു, അദ്ദേഹത്തിന്റെ വാക്കുകൾ പിന്നെ ആരും ശ്രദ്ധിച്ചതുമില്ല.
17 ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ
ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം.
18 ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം.
എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.
 

*9:2 ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല