9
പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതി രാജാവിന്റെ കൽപ്പന നടപ്പാക്കേണ്ടിയിരുന്നു. ഈ ദിവസം യെഹൂദരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. യെഹൂദർക്കു തങ്ങളുടെ ശത്രുക്കളുടെമേൽ ആധിപത്യം ലഭിച്ചു. അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലെ എല്ലാ യെഹൂദരും അവരുടെ പട്ടണങ്ങളിൽ ഒത്തുകൂടി അവരുടെ പതനം ആഗ്രഹിച്ചവരെ ആക്രമിക്കാൻ തയ്യാറെടുത്തു. സകലജനവിഭാഗങ്ങളും അവരെ ഭയപ്പെട്ടിരുന്നതിനാൽ ആർക്കും അവർക്കുനേരേ നിൽക്കാൻ കഴിഞ്ഞില്ല. മൊർദെഖായിയോടുള്ള ഭയംനിമിത്തം പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്മാരും, രാജപ്രതിനിധികളും ദേശാധിപതികളും ഭരണാധിപന്മാരും യെഹൂദരെ സഹായിച്ചു. മൊർദെഖായി കൊട്ടാരത്തിൽ പ്രമുഖനായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി എല്ലാ പ്രവിശ്യകളിലും വ്യാപിക്കുകയും അദ്ദേഹം കൂടുതൽ കൂടുതൽ അധികാരമുള്ളവനായിത്തീരുകയും ചെയ്തു.
യെഹൂദർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളാൽ കൊന്നു. അവർ തങ്ങളെ വെറുത്തവരോടെല്ലാം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെയൊക്കെയും പ്രവർത്തിച്ചു. ശൂശൻ രാജധാനിയിൽ യെഹൂദർ അഞ്ഞൂറു പുരുഷന്മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തു. പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ പോറാഥാ, അദല്യാ, അരീദാഥാ, പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ 10 എന്നിങ്ങനെ യെഹൂദരുടെ ശത്രുവും ഹമ്മെദാഥയുടെ മകനുമായ ഹാമാന്റെ പത്തുമക്കളെയും അവർ കൊന്നു. എന്നാൽ അവർ കൊള്ളമുതലിൽ തൊട്ടതേയില്ല.
11 ശൂശൻ രാജധാനിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അന്നുതന്നെ രാജാവിനെ അറിയിച്ചു. 12 രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തുപുത്രന്മാരെയും കൊന്നൊടുക്കി അവരെ നശിപ്പിച്ചു. രാജാവിന്റെ മറ്റുള്ള പ്രവിശ്യകളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്കു ലഭിക്കും. എന്താണ് ഇനിയും നിന്റെ ആഗ്രഹം? അതും നിനക്ക് നൽകാം” എന്നു പറഞ്ഞു.
13 അപ്പോൾ എസ്ഥേർ മറുപടി പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ ശൂശനിലുള്ള യെഹൂദന്മാർക്ക് ഇന്നത്തെ കൽപ്പന അനുസരിച്ച് നാളെയും പ്രവർത്തിക്കാൻ അനുവാദം കൊടുക്കണേ. ഹാമാന്റെ പത്തുമക്കളെയും തൂക്കിലേറ്റുകയും ചെയ്യണമേ.”
14 ഇങ്ങനെ ചെയ്യണമെന്ന് രാജാവ് കൽപ്പിച്ചു. ശൂശനിൽ നൽകിയ കൽപ്പനപ്രകാരം ഹാമാന്റെ പുത്രന്മാരെയും തൂക്കിലേറ്റി. 15 ആദാർമാസം പതിന്നാലാംതീയതി ശൂശനിലുള്ള യെഹൂദന്മാർ ഒത്തുകൂടി ശൂശനിലുള്ള മുന്നൂറു പുരുഷന്മാരെ തൂക്കിലേറ്റി. എന്നാൽ അവർ കൊള്ളമുതലിൽ കൈവെച്ചില്ല.
16 ഇതേസമയം രാജാവിന്റെ പ്രവിശ്യകളിലുള്ള ബാക്കി യെഹൂദരും സ്വയരക്ഷയ്ക്കും ശത്രുവിൽനിന്നുള്ള വിടുതലിനുമായി ഒരുമിച്ചുകൂടി. അവർ എഴുപത്തയ്യായിരംപേരെ കൊന്നുകളഞ്ഞു. എന്നാൽ അവർ കൊള്ളമുതലിൽ കൈ തൊട്ടില്ല. 17 ഇത് ആദാർമാസം പതിമ്മൂന്നാംതീയതി സംഭവിച്ചു. പതിന്നാലാംതീയതി അവർ വിശ്രമിച്ചു; അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു.
18 ശൂശനിലുള്ള യെഹൂദർ പതിമ്മൂന്നാംതീയതിയും പതിന്നാലാംതീയതിയും ഒരുമിച്ചുകൂടിയ ശേഷം പതിനഞ്ചാംതീയതി വിശ്രമിച്ചു. ആ ദിവസം അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു.
19 അതുകൊണ്ടാണ് ഗ്രാമീണരായ യെഹൂദർ ആദാർമാസം പതിന്നാലാംതീയതി ആനന്ദത്തിന്റെയും വിരുന്നിന്റെയും ദിനമായി ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത്.
പൂരീം സ്ഥാപിക്കപ്പെടുന്നു
20-21 വർഷംതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തീയതികളെ യെഹൂദർ തങ്ങളുടെ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെട്ട ദിവസമായും തങ്ങളുടെ ദുഃഖം സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായും കൊണ്ടാടണമെന്നും, അങ്ങനെ ഈ ദിവസങ്ങൾ ആഘോഷത്തിന്റെയും വിരുന്നിന്റെയും ദിവസങ്ങളായും പരസ്പരം ഭോജനസമ്മാനങ്ങൾ കൈമാറുന്നതിനും ദരിദ്രർക്ക് ദാനധർമങ്ങൾ കൊടുക്കുന്നതിനുമുള്ള ദിവസങ്ങളായും ആചരിക്കണമെന്നും നിർദേശിച്ചുകൊണ്ട് 22 അടുത്തും അകലെയുമായി അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദർക്കും മൊർദെഖായി കത്തുകളയച്ചു.
23 അങ്ങനെ യെഹൂദർ, തങ്ങൾ ആരംഭിച്ച ആഘോഷം തുടരാനും മൊർദെഖായി തങ്ങൾക്ക് എഴുതിയതുപോലെ പ്രവർത്തിക്കാനും തീരുമാനിച്ചു. 24 ആഗാഗ്യനായ ഹമ്മെദാഥയുടെ മകനും യെഹൂദരുടെ ശത്രുവുമായ ഹാമാൻ യെഹൂദർക്കെതിരേ ഗൂഢാലോചന നടത്തുകയും അവരെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതിന് നറുക്കിടുകയും ചെയ്തു—പേർഷ്യൻ ഭാഷയിൽ ഇതിനെ പൂര്, എന്നു വിളിക്കുന്നു— 25 ഇതിനെക്കുറിച്ച് രാജാവിന് അറിവുകിട്ടി.*അഥവാ, എസ്ഥേർ രാജാവിന്റെ സന്നിധിയിൽ വന്നപ്പോൾ അപ്പോൾ ഹാമാൻ യെഹൂദർക്കെതിരേ ആലോചിച്ച ദുഷ്ടത അവന്റെ തലമേൽതന്നെ വരേണ്ടതിന് അവനെയും അവന്റെ പുത്രന്മാരെയും തൂക്കിലേറ്റുവാൻ രാജാവ് രേഖാമൂലം കൽപ്പന പുറപ്പെടുവിച്ചു. 26 ഈ കാരണത്താൽ പൂര്, എന്ന വാക്കിനോട് ബന്ധപ്പെടുത്തി ഈ നാളുകൾക്ക് പൂരീം എന്നു പേരുവിളിച്ചു. ഈ കത്തിൽ എഴുതിയിരിക്കുന്നതു നിമിത്തവും അവർ കണ്ടതും അവർക്കു സംഭവിച്ച കാര്യങ്ങളുംനിമിത്തവും 27 തങ്ങളും തങ്ങളുടെ പിൻഗാമികളും, തങ്ങളോടു ചേരുന്നവരും മുടക്കംകൂടാതെ വർഷംതോറും നിർദിഷ്ടസമയത്ത് ഇവ ആചരിക്കണമെന്ന് യെഹൂദർ തീരുമാനിച്ചുറച്ചു. 28 ഈ ദിവസങ്ങൾ തലമുറതലമുറയായി എല്ലാ കുടുംബങ്ങളിലും പ്രവിശ്യകളിലും പട്ടണങ്ങളിലും ഓർമിച്ച് ആചരിക്കണം. പൂരീമിന്റെ ഈ ദിവസങ്ങൾ യെഹൂദരാൽ ആഘോഷിക്കപ്പെടാതെപോകുകയോ അവരുടെ തലമുറകളിൽനിന്ന് അവയുടെ ഓർമ ഇല്ലാതാകുകയോ ചെയ്യരുത്.
29 അബീഹയീലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും മൊർദെഖായി എന്ന യെഹൂദനും പൂരീം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് സർവാധികാരത്തോടെ എഴുതി അയച്ചു. 30 അങ്ങനെ മൊർദെഖായി അഹശ്വേരോശ് രാജാവിന്റെ നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലുമുള്ള യെഹൂദർക്ക് സമാധാനത്തിന്റെയും സത്യത്തിന്റെയും വചനങ്ങളായി, 31 മൊർദെഖായി എന്ന യെഹൂദനും എസ്ഥേർരാജ്ഞിയും യെഹൂദരോട് ആവശ്യപ്പെട്ടിരുന്നതുപോലെയും ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ തങ്ങൾക്കും പിൻഗാമികൾക്കുംവേണ്ടിയും അവർ ക്രമീകരിച്ചിരുന്നതുപോലെയും പൂരീമിന്റെ ദിവസങ്ങൾ നിർദിഷ്ടസമയത്ത് ആചരിക്കേണ്ടതിന് കത്തുകളയച്ചു. 32 പൂരീമിന്റെ ഈ ആചാരങ്ങൾ എസ്ഥേരിന്റെ കൽപ്പനപ്രകാരം ഉറപ്പിച്ച് അവ രേഖകളിൽ ചേർക്കുകയും ചെയ്തു.

*9:25 അഥവാ, എസ്ഥേർ രാജാവിന്റെ സന്നിധിയിൽ വന്നപ്പോൾ