40
സമാഗമകൂടാരം സ്ഥാപിക്കുന്നു
ഇതിനുശേഷം യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒന്നാംമാസം ഒന്നാംതീയതി, സമാഗമത്തിനുള്ള കൂടാരം നീ സ്ഥാപിക്കണം. ഉടമ്പടിയുടെ പേടകം അതിനുള്ളിൽ വെക്കുകയും തിരശ്ശീലകൊണ്ടു മറയ്ക്കുകയും വേണം. മേശ കൊണ്ടുവന്ന്, അതിന്റെമേൽ വെക്കേണ്ട സാധനങ്ങൾ ക്രമീകരിക്കണം. പിന്നീട്, നിലവിളക്കുകൊണ്ടുവന്ന് അതിന്റെ ദീപങ്ങൾ കത്തിക്കണം. ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ മറശ്ശീല തൂക്കുകയും വേണം.
“സമാഗമത്തിനുള്ള കൂടാരത്തിന്റെ കവാടത്തിനു മുമ്പിൽ ഹോമയാഗപീഠം വെക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെച്ച് അതിൽ വെള്ളം ഒഴിക്കണം. അതിനുചുറ്റും സമാഗമകൂടാരാങ്കണം ക്രമീകരിച്ച് അങ്കണകവാടത്തിൽ മറശ്ശീല തൂക്കണം.
“അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്ത് അതിന്റെ സകല ഉപകരണങ്ങളെയും ശുദ്ധീകരിക്കണം; അവ വിശുദ്ധമായിത്തീരും. 10 ഹോമയാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്ത് യാഗപീഠത്തെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമായിരിക്കണം. 11 തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
12 “അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം. 13 പിന്നീട് അഹരോനെ വിശുദ്ധവസ്ത്രങ്ങൾ ധരിപ്പിച്ച്, എനിക്ക് പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകംചെയ്തു ശുദ്ധീകരിക്കണം. 14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിക്കണം. 15 അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ, അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെയും അഭിഷേകംചെയ്യണം. അവരുടെ അഭിഷേകം തലമുറതലമുറയായി പൗരോഹിത്യത്തിനുള്ള അഭിഷേകം ആയിരിക്കണം.” 16 യഹോവ കൽപ്പിച്ചതുപോലെ സകലതും മോശ ചെയ്തു.
17 ഇങ്ങനെ, രണ്ടാംവർഷത്തിന്റെ ഒന്നാംമാസം ഒന്നാംതീയതി സമാഗമകൂടാരം സ്ഥാപിക്കപ്പെട്ടു. 18 മോശ സമാഗമകൂടാരം സ്ഥാപിച്ചു, ചുവടുകൾ ഉറപ്പിച്ചു, പലകകൾ നിർത്തി, സാക്ഷകൾ ഉറപ്പിച്ചു, തൂണുകൾ നാട്ടി. 19 ഇതിനുശേഷം യഹോവ തന്നോടു കൽപ്പിച്ചതുപോലെ അദ്ദേഹം മൂടുവിരി സമാഗമകൂടാരത്തിന്മേൽ വിരിച്ചു, അതിന്മീതേ പുറമൂടിയും വിരിച്ചു.
20 അദ്ദേഹം ഉടമ്പടിയുടെ പലക എടുത്തു പേടകത്തിൽവെച്ചു. പേടകത്തിനു തണ്ടുറപ്പിച്ചു, പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെച്ചു. 21 പിന്നീട് അദ്ദേഹം പേടകം സമാഗമകൂടാരത്തിൽ കൊണ്ടുവന്നു; യഹോവ തന്നോടു കൽപ്പിച്ചതുപോലെ മറയ്ക്കാനുള്ള തിരശ്ശീലതൂക്കി ഉടമ്പടിയുടെ പേടകം മറച്ചു.
22 മോശ, സമാഗമത്തിനുള്ള കൂടാരത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്തു മേശ വെച്ചു. 23 യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ, മേശയുടെമേൽ യഹോവയുടെമുമ്പാകെ അപ്പം അടുക്കിവെച്ചു.
24 സമാഗമത്തിനുള്ള കൂടാരത്തിന്റെ തെക്കുഭാഗത്തായി മേശയ്ക്കുനേരേ അദ്ദേഹം നിലവിളക്കു വെച്ചു. 25 യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ അദ്ദേഹം യഹോവയുടെമുമ്പിൽ ദീപങ്ങൾ കത്തിച്ചു.
26 മോശ സമാഗമകൂടാരത്തിൽ തിരശ്ശീലയുടെ മുൻഭാഗത്തു തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും 27 യഹോവ കൽപ്പിച്ചിരുന്നതുപോലെ, അതിന്മേൽ സുഗന്ധധൂപവർഗം പുകയ്ക്കുകയും ചെയ്തു.
28 പിന്നീട് അദ്ദേഹം, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല തൂക്കി; 29 സമാഗമത്തിനുള്ള കൂടാരവാതിലിനു മുൻവശത്തു ഹോമയാഗപീഠം വെച്ചു. യഹോവ കൽപ്പിച്ചിരുന്നതുപോലെ അതിന്മേൽ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചു.
30 അദ്ദേഹം സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളമൊഴിക്കുകയും ചെയ്തു. 31 മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി. 32 യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിലേക്കു ചെല്ലുമ്പോഴും കൈകാലുകൾ കഴുകിയിരുന്നു.
33 പിന്നീടു മോശ സമാഗമകൂടാരത്തിനും യാഗപീഠത്തിനുംചുറ്റും കൂടാരാങ്കണം ക്രമീകരിച്ചു; അങ്കണകവാടത്തിന്റെ മറശ്ശീല തൂക്കി; ഇങ്ങനെ മോശ ആ വേല പൂർത്തിയാക്കി.
യഹോവയുടെ തേജസ്സ്
34 അപ്പോൾ മേഘം സമാഗമകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറഞ്ഞു. 35 മേഘം സമാഗമകൂടാരത്തിന്മേൽ വസിക്കയും യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറയുകയും ചെയ്തതുകൊണ്ട്, മോശയ്ക്കു സമാഗമകൂടാരത്തിനകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല.
36 തങ്ങളുടെ സകലപ്രയാണങ്ങളിലും സമാഗമകൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും. 37 എന്നാൽ, മേഘം ഉയരാത്തപക്ഷം അതുയരുന്ന ദിവസംവരെ അവർ യാത്രപുറപ്പെടാതിരിക്കും. 38 ഇസ്രായേൽമക്കളുടെ സകലപ്രയാണങ്ങളിലും എല്ലാ ഇസ്രായേല്യരും കാൺകെ, പകൽസമയത്തു സമാഗമകൂടാരത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അഗ്നിയും ഉണ്ടായിരുന്നു.