18
പാപം ചെയ്യുന്നവർ മരിക്കും
അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
“ ‘മാതാപിതാക്കൾ പച്ചമുന്തിരിങ്ങാ തിന്നു;
മക്കളുടെ പല്ലു പുളിച്ചു,’
എന്നിങ്ങനെ ഇസ്രായേൽദേശത്തെ സംബന്ധിച്ച് നിങ്ങൾ പറയുന്ന പഴഞ്ചൊല്ലിന്റെ അർഥം എന്താണ്?
“ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇസ്രായേലിൽ ഇനിയൊരിക്കലും നിങ്ങൾ ഈ പഴഞ്ചൊല്ലു പറയാൻ ഇടവരികയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. മാതാപിതാക്കളോ മക്കളോ എല്ലാവരും എനിക്കുള്ളവർതന്നെ—ഇരുകൂട്ടരും ഒരുപോലെ എനിക്കുള്ളവരാണ്. പാപംചെയ്യുന്ന വ്യക്തിതന്നെയായിരിക്കും മരിക്കുന്നത്.
“ഒരു മനുഷ്യൻ നീതിനിഷ്ഠനായിരിക്കുകയും
നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ,
പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയോ
ഇസ്രായേൽഗൃഹത്തിലെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ
തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുകയോ
ഋതുമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുകയില്ല.
അയാൾ ആരെയും പീഡിപ്പിക്കുകയില്ല,
എന്നാൽ, കടം മേടിച്ചവർക്ക് അവരുടെ പണയം മടക്കിക്കൊടുക്കും.
അയാൾ കവർച്ച ചെയ്യുകയില്ല,
എന്നാൽ, വിശപ്പുള്ളവർക്ക് അയാൾ തന്റെ ആഹാരം കൊടുക്കുകയും
നഗ്നരായവർക്ക് വസ്ത്രം നൽകുകയും ചെയ്യും.
അയാൾ തന്റെ പണം പലിശയ്ക്കു കൊടുക്കുകയോ
കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുകയില്ല.
അയാൾ തന്റെ കരം നീതികേടിൽനിന്ന് പിന്തിരിക്കുകയും
മനുഷ്യർതമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ ന്യായപാലനം നടത്തുകയും ചെയ്യും.
അയാൾ എന്റെ ഉത്തരവുകൾ പാലിക്കുകയും
വിശ്വസ്തതയോടെ എന്റെ നിയമങ്ങൾ പ്രമാണിക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ളവർ നീതിനിഷ്ഠരാകുന്നു;
അവർ നിശ്ചയമായും ജീവിക്കും,
എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
10 “എന്നാൽ അയാൾക്ക് രക്തം ചൊരിയുകയോ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു അക്രമകാരിയായ മകൻ ഉണ്ട് എന്നു കരുതുക 11 (എന്നാൽ പിതാവ് ഇതൊന്നും പ്രവർത്തിച്ചിട്ടില്ല):
“പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ചു ഭക്ഷിക്കുക,
തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുക,
12 ദരിദ്രരോടും ഞെരുക്കമനുഭവിക്കുന്നവരോടും അതിക്രമം പ്രവർത്തിക്കുക,
പിടിച്ചുപറിക്കുക,
പണയം മടക്കി കൊടുക്കാതിരിക്കുക,
വിഗ്രഹങ്ങളെ വണങ്ങുക,
മ്ലേച്ഛത പ്രവർത്തിക്കുക.
13 തന്റെ ദ്രവ്യം പലിശയ്ക്കു കൊടുത്ത് കൊള്ളലാഭമുണ്ടാക്കുക,
ഇപ്രകാരം പ്രവർത്തിക്കുന്ന മനുഷ്യൻ ജീവിക്കുമോ? ഒരിക്കലുമില്ല! അയാൾ ഈ മ്ലേച്ഛതകൾ എല്ലാം ചെയ്തിരിക്കുകയാൽ അയാളെ മരണത്തിന് ഏൽപ്പിക്കണം; അയാളുടെ രക്തം അയാളുടെ തലമേൽതന്നെ ഇരിക്കും.
14 “എന്നാൽ അയാൾക്ക് ഒരു മകൻ ജനിച്ചിട്ട് അയാൾ തന്റെ പിതാവുചെയ്ത ഈ പാപങ്ങളെല്ലാം കണ്ടിട്ട് അതുപോലെ ചെയ്യാതിരിക്കുന്നു എന്നു ചിന്തിക്കുക:
15 “അയാൾ പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കാതിരിക്കുകയോ
ഇസ്രായേലിലെ വിഗ്രഹങ്ങളെ വണങ്ങാതിരിക്കുകയോ
തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കാതിരിക്കുകയോ
16 ആരെയെങ്കിലും പീഡിപ്പിക്കാതിരിക്കുകയോ
പണയം മടക്കി കൊടുക്കാതിരിക്കയോ
പിടിച്ചുപറിക്കാതിരിക്കുകയോ ചെയ്യാതെ,
വിശപ്പുള്ളവർക്കു തന്റെ ആഹാരം നൽകുകയും
നഗ്നരായവർക്ക് വസ്ത്രം നൽകുകയുംചെയ്യുന്നു.
17 ദരിദ്രരെ അപായപ്പെടുത്തുന്നതിൽനിന്നും അയാൾ തന്റെ കൈ സൂക്ഷിക്കുന്നു,
അവരിൽനിന്നു പലിശ വാങ്ങുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുന്നില്ല.
അയാൾ എന്റെ നിയമങ്ങൾ പാലിക്കുകയും ഉത്തരവുകൾ നിവർത്തിക്കുകയും ചെയ്യുന്നു.
അങ്ങനെയുള്ള വ്യക്തി തന്റെ പിതാവിന്റെ പാപംമൂലം മരിക്കുകയില്ല; അയാൾ നിശ്ചയമായും ജീവിക്കും. 18 എന്നാൽ അയാളുടെ പിതാവ് അക്രമം കാട്ടുകയും തന്റെ സഹോദരന്റെ മുതൽ കവർച്ചചെയ്യുകയും ജനത്തിന്റെ ഇടയിൽ അനീതി പ്രവർത്തിക്കുകയും ചെയ്യുകനിമിത്തം അയാൾ തന്റെ പാപംനിമിത്തം മരിക്കും.
19 “എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, ‘പിതാവിന്റെ അകൃത്യം പുത്രൻ വഹിക്കേണ്ടതല്ലയോ?’ ആ പുത്രൻ ന്യായവും നീതിയും പ്രവർത്തിക്കുകയും എന്റെ എല്ലാ ഉത്തരവുകളും അനുസരിക്കുകയും ചെയ്യുകയാൽ അവൻ തീർച്ചയായും ജീവിക്കും. 20 പാപംചെയ്യുന്ന വ്യക്തിയാണ് മരണശിക്ഷ അനുഭവിക്കേണ്ടത്. മക്കൾ മാതാപിതാക്കളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയോ മാതാപിതാക്കൾ മക്കളുടെ പാപഫലം അനുഭവിക്കുകയോ ഇല്ല. നീതിനിഷ്ഠരുടെ നീതി അവരുടെമേൽതന്നെ കണക്കാക്കുകയും ദുഷ്ടരുടെ ദുഷ്ടത അവർക്കെതിരേതന്നെ നിറയ്ക്കുകയും ചെയ്യും.
21 “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല. 22 അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും. 23 ദുഷ്ടരുടെ മരണം എന്നെ സന്തുഷ്ടനാക്കുന്നുണ്ടോ? അവർ തന്റെ വഴികൾ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
24 “എന്നാൽ നീതിനിഷ്ഠർ അവരുടെ നീതി വിട്ടുമാറി അധർമം പ്രവർത്തിക്കുകയും ദുഷ്ടർ ചെയ്യുന്ന സകലമ്ലേച്ഛതകളും പ്രവർത്തിക്കുകയും ചെയ്താൽ അവർ ജീവിക്കുമോ? അവർ ചെയ്ത വഞ്ചനയും അധർമവും നിമിത്തം അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല. അവരുടെ പാപംനിമിത്തം അവർ മരിക്കും.
25 “എങ്കിലും നിങ്ങൾ പറയുന്നു: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല.’ ഇസ്രായേൽജനമേ, കേട്ടുകൊൾവിൻ. എന്റെ വഴി നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്? 26 നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി പാപംചെയ്യുന്നെങ്കിൽ അവൻ അതുനിമിത്തം മരിക്കും; തങ്ങൾചെയ്ത പാപംനിമിത്തംതന്നെ അവർ മരിക്കും. 27 ദുഷ്ടർ തങ്ങൾചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അവർ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്. 28 തങ്ങൾചെയ്ത എല്ലാ അകൃത്യങ്ങളെയുംകുറിച്ച് പരിതപിച്ച് അവ ഉപേക്ഷിച്ചിരിക്കുകയാൽ അവർ ജീവിക്കും, നിശ്ചയം; അവർ മരിക്കുകയില്ല. 29 എന്നിട്ടും ഇസ്രായേൽജനം ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?
30 “അതിനാൽ ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുത്തരെയും താന്താങ്ങളുടെ നടപ്പനുസരിച്ച് ഞാൻ ന്യായം വിധിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അനുതപിക്കുക! പാപം നിങ്ങളുടെ തകർച്ചയ്ക്ക് കാരണമായിത്തീരാതിരിക്കേണ്ടതിന് നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽനിന്നും പിന്തിരിയുക. 31 നിങ്ങൾ ചെയ്ത എല്ലാ അതിക്രമങ്ങളും ഉപേക്ഷിച്ചുകളയുക. നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നേടിക്കൊൾക. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കുന്നു? 32 കാരണം ആരുടെയും മരണത്തിൽ ഞാൻ സന്തുഷ്ടനല്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതിനാൽ മാനസാന്തരപ്പെട്ട് ജീവിച്ചുകൊൾക.