14
അബ്രാം ലോത്തിനെ വിടുവിക്കുന്നു
1 ഈ കാലഘട്ടത്തിൽ ശിനാർരാജാവായ*അഥവാ, ബാബേൽരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക്, ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ എന്നിവർ, 2 സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെർ, ബേലയിലെ, അതായത്, സോവാറിലെ, രാജാവ് എന്നിവരോടു യുദ്ധംചെയ്തു. 3 ഒടുവിൽ പറഞ്ഞ രാജാക്കന്മാരെല്ലാവരും ഇപ്പോൾ ഉപ്പുകടൽ†അതായത്, ചാവുകടൽ എന്നറിയപ്പെടുന്ന സിദ്ദീംതാഴ്വരയിൽ ഒരുമിച്ചുകൂടി. 4 കാരണം അവർ പന്ത്രണ്ടുവർഷം ഏലാംരാജാവായ കെദൊർലായോമരിന്റെ അധീനതയിലായിരുന്നു; എന്നാൽ, പതിമ്മൂന്നാംവർഷം അവർ മത്സരിച്ചു.
5 പതിന്നാലാംവർഷം കെദൊർലായോമരും അദ്ദേഹത്തോടു സഖ്യമുള്ള രാജാക്കന്മാരും ഒത്തുചേർന്ന് അസ്തെരോത്ത് കർന്നയീമിലെ രെഫായീകളെയും ഹാമിലെ സൂസ്യരെയും ശാവേഹ്-കിര്യാത്തയീമിലെ ഏമ്യരെയും 6 മലമ്പ്രദേശമായ സേയീരിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ-പാരാൻവരെ തോൽപ്പിച്ചു. 7 പിന്നെ അവർ പിന്തിരിഞ്ഞ് ഏൻ-മിശ്പാത്തിൽ, അതായത്, കാദേശിൽ, എത്തി അമാലേക്യരുടെ എല്ലാ അധീനപ്രദേശവും ഹസെസോൻ-താമാരിൽ താമസിച്ചിരുന്ന അമോര്യരെയും പിടിച്ചടക്കി.
8 അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും ബേല, അതായത്, സോവാറിലെ രാജാവും യുദ്ധത്തിനു പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽ അണിനിരന്നു. 9 ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക് എന്നിവർക്കെതിരേ യുദ്ധത്തിനു തയ്യാറായി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരേ. 10 സിദ്ദീംതാഴ്വരയിൽ എല്ലായിടത്തും പശ നിറഞ്ഞ കുഴികൾ ഉണ്ടായിരുന്നു. സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയപ്പോൾ അവരുടെ ആളുകളിൽ കുറെപ്പേർ അവയിൽ വീണു; ശേഷിച്ചവർ മലകളിലേക്ക് ഓടിപ്പോയി. 11 ആ നാലു രാജാക്കന്മാർ സൊദോമിലും ഗൊമോറായിലും ഉണ്ടായിരുന്നവരുടെ സമ്പത്തും എല്ലാ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തുകൊണ്ട് അവിടം വിട്ടുപോയി. 12 അവർ, സൊദോമിൽ താമസിച്ചിരുന്ന, അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെ അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടി പിടിച്ചുകൊണ്ടുപോയി.
13 രക്ഷപ്പെട്ടവരിൽ ഒരുത്തൻ ചെന്ന് എബ്രായനായ അബ്രാമിനെ ഇക്കാര്യം അറിയിച്ചു. അപ്പോൾ അബ്രാം താമസിച്ചിരുന്നത് എസ്കോലിന്റെയും ആനേരിന്റെയും സഹോദരനും‡ബന്ധു എന്നു പാഠഭേദം. അമോര്യനുമായ മമ്രേയുടെ മഹാവൃക്ഷങ്ങൾക്കു സമീപം ആയിരുന്നു; അവരെല്ലാവരും അബ്രാമിനോടു സഖ്യം സ്ഥാപിച്ചിരുന്നു. 14 തന്റെ സഹോദരപുത്രനെ ബന്ദിയാക്കിക്കൊണ്ടുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ അബ്രാം തന്റെ വീട്ടിൽ ജനിച്ചു വളർന്ന അഭ്യാസികളായ മുന്നൂറ്റി പതിനെട്ട് പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിൻതുടർന്നു. 15 രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളാക്കി; ദമസ്കോസിന്റെ വടക്ക്, ഹോബാവരെ അവരെ പിൻതുടർന്ന് നിശ്ശേഷം തോൽപ്പിച്ചു. 16 അപഹരിക്കപ്പെട്ട സകലസമ്പത്തും അദ്ദേഹം തിരികെ പിടിക്കുകയും തന്റെ സഹോദരപുത്രനായ ലോത്തിനെയും അദ്ദേഹത്തിന്റെ സമ്പാദ്യവും സ്ത്രീകളെയും മറ്റ് ആളുകളെയും മടക്കിക്കൊണ്ടുവരികയും ചെയ്തു.
17 കെദൊർലായോമരിനെയും അദ്ദേഹത്തോടു സഖ്യം പുലർത്തിയിരുന്ന രാജാക്കന്മാരെയും തോൽപ്പിച്ചിട്ട് അബ്രാം തിരിച്ചെത്തിയപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരയിൽ അദ്ദേഹത്തെ എതിരേൽക്കാൻ ചെന്നു.
18 ശാലേംരാജാവായ§അതായത്, ജെറുശലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുചെന്നു; അദ്ദേഹം പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 19 അബ്രാമിനെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ,
പരമോന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
20 നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്ന
പരമോന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.”
പിന്നെ അബ്രാം എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു.
21 സൊദോംരാജാവ് അബ്രാമിനോട്, “ആളുകളെ എനിക്കു തരിക, വസ്തുവകകൾ നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു.
22-23 എന്നാൽ അബ്രാം സൊദോംരാജാവിനോടു പറഞ്ഞു: “ ‘ഞാൻ അബ്രാമിനെ ധനികനാക്കി’ എന്ന് അങ്ങേക്ക് ഒരിക്കലും പറയാനിടവരരുത്. അതിനുവേണ്ടി അങ്ങേക്കുള്ളതൊന്നും, ഒരു ചരടോ ചെരിപ്പിന്റെ വാറോപോലും, ഞാൻ സ്വീകരിക്കുകയില്ല എന്ന് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതദൈവമായ യഹോവയിലേക്കു കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു. 24 എന്റെ ആളുകൾ ഭക്ഷിച്ചതും എന്നോടുകൂടെ പോന്ന പുരുഷന്മാരുമായ ആനേർ, എസ്കോൽ, മമ്രേ എന്നിവർക്ക് അവകാശപ്പെട്ട പങ്കും ഒഴികെ മറ്റൊന്നും ഞാൻ സ്വീകരിക്കുകയില്ല. അവർ തങ്ങളുടെ വീതം എടുത്തുകൊള്ളട്ടെ.”