2
മുന്നറിയിപ്പ് അവഗണിക്കരുത്
1 അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും. 2 ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്. 3-4 പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?
ക്രിസ്തു പരിപൂർണമനുഷ്യൻ
5 നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്. 6 ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു:
“അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ,
മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം?
7 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം*അതായത്, അൽപ്പനേരത്തേക്കുമാത്രം, വാ. 9 കാണുക. താഴ്ത്തി;
തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
8 അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.”†സങ്കീ. 8:4-6
സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല. 9 എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.
10 സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു. 11 വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല.
12 “കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും;
സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും”‡സങ്കീ. 22:22
എന്നും
13 “എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.”§യെശ. 8:17
“ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,”*യെശ. 8:18
എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.
14 മക്കൾ മാനുഷശരീരമുള്ളവർ†മൂ.ഭാ. മാംസവും രക്തവും ഉള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി, 15 ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി. 16 തീർച്ചയായും, ദൂതന്മാരെയല്ല; മറിച്ച് അബ്രാഹാമിന്റെ മക്കളെ സഹായിക്കാനാണ് അവിടന്നു വന്നത്. 17 അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്. 18 അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്.