9
ലൗകികകൂടാരത്തിലെ ആരാധന
1 ദൈവം ഇസ്രായേലുമായി ചെയ്ത ആദ്യഉടമ്പടിയിൽ ആരാധനയും ലൗകികവിശുദ്ധമന്ദിരവും സംബന്ധിച്ച് നിബന്ധനകൾ ഉണ്ടായിരുന്നു. 2 അതിനനുസൃതമായി ഒരു കൂടാരം നിർമിക്കപ്പെട്ടു. സമാഗമകൂടാരത്തിന്റെ ആദ്യഭാഗത്ത് (അതായത്, ഒന്നാംതിരശ്ശീലയ്ക്കു പിന്നിൽ) നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്. 3 കൂടാരത്തിന്റെ രണ്ടാംതിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധസ്ഥലം. 4 അവിടെ സ്വർണധൂപപീഠവും മുഴുവനും സ്വർണംപൊതിഞ്ഞ ഉടമ്പടിയുടെ പേടകവും പേടകത്തിനുള്ളിൽ, മന്നാ ഇട്ടുവെച്ചിരുന്ന സ്വർണക്കലശവും അഹരോന്റെ തളിരിട്ട വടിയും നിയമത്തിന്റെ കൽപ്പലകകളും ഉണ്ടായിരുന്നു. 5 പേടകത്തിനുമീതേ, പേടകത്തിന്റെ മൂടിയായ പാപനിവാരണസ്ഥാനത്തെ മറയ്ക്കുന്ന തേജസ്സേറിയ കെരൂബുകളും*കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങൾ ഓരോന്നായി സവിസ്തരം വർണിക്കുന്നത് അസാധ്യം.
6 മേൽപ്പറഞ്ഞപ്രകാരം എല്ലാ ക്രമീകരണവും ചെയ്തതിനുശേഷം പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ അനുഷ്ഠിക്കാനായി കൂടാരത്തിന്റെ ആദ്യഭാഗത്തു പതിവായി പ്രവേശിച്ചിരുന്നു. 7 എന്നാൽ രണ്ടാംഭാഗത്താകട്ടെ, മഹാപുരോഹിതൻമാത്രം വർഷത്തിലൊരിക്കൽ പ്രവേശിക്കും. അതും ഒരിക്കലും രക്തംകൂടാതെയല്ല; താനും ജനവും അജ്ഞതയിൽ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്കായി അർപ്പിക്കാനുള്ള യാഗരക്തവുമായിട്ടാണ് പ്രവേശിച്ചിരുന്നത്. 8 ആദ്യത്തെ കൂടാരവും (അത് സംബന്ധിച്ച അനുഷ്ഠാനങ്ങളും) നിലനിന്നിരുന്ന കാലംവരെ അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി ദൃശ്യമായിരുന്നില്ല എന്നു പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു. 9 ഈ പുറമേയുള്ള കൂടാരം വർത്തമാനകാലത്തിന്റെ പ്രതീകമാണ്. അർപ്പിക്കപ്പെടുന്ന വഴിപാടുകളും യാഗങ്ങളും ആരാധകന്റെ മനസ്സാക്ഷിയെ തൃപ്തിവരുത്താൻ പര്യാപ്തമായിരുന്നില്ല. 10 ഭക്ഷണപാനീയങ്ങളും വിവിധ കഴുകലുകളും സംബന്ധിച്ച ബാഹ്യനിയമങ്ങൾ പുതിയൊരു വ്യവസ്ഥിതി സ്ഥാപിതമാകുന്നതുവരെമാത്രം സാംഗത്യമുള്ളവയായിരുന്നു.
ക്രിസ്തുവിന്റെ യാഗം സമ്പൂർണയാഗം
11 എന്നാൽ, ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന†ചി.കൈ.പ്ര. ഭാവിയിൽ സ്ഥാപിതമാകാൻ ഇരിക്കുന്ന നന്മ നിറഞ്ഞ വ്യവസ്ഥിതിയുടെ മഹാപുരോഹിതനായിട്ടാണ് ക്രിസ്തു വന്നത്. അവിടന്ന് മനുഷ്യനിർമിതമല്ലാത്ത, അതായത്, ഭൗതികമല്ലാത്ത വലുതും സമ്പൂർണവുമായ ഒരു കൂടാരത്തിൽക്കൂടി പ്രവേശിച്ചു. 12 മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു. 13 മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ, 14 നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!
15 വിളിക്കപ്പെട്ടവർ‡അഥവാ, ദൈവത്തിന്റെ സ്വന്തം ജനമായിത്തീർന്നവർക്ക് എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്.
16 ഒരു വിൽപ്പത്രം പ്രാബല്യത്തിൽ വരാൻ അത് എഴുതിയ ആളിന്റെ മരണം സംഭവിച്ചു എന്ന് സ്ഥാപിക്കേണ്ടത് ആവശ്യമാണ്. 17 കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല. 18 ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്. 19-20 മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം”§ഉൽ. 24:8 എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു. 21 അതുപോലെ അദ്ദേഹം സമാഗമകൂടാരത്തിലും; അനുഷ്ഠാനത്തിനായി ഉപയോഗിച്ചിരുന്ന സകല ഉപകരണങ്ങളിലും രക്തം തളിച്ചു. 22 ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.
23 ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്. 24 മനുഷ്യനിർമിതവും യാഥാർഥ്യത്തിന്റെ പ്രതിരൂപവുമായ വിശുദ്ധമന്ദിരത്തിലേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥതചെയ്യാൻ*മൂ.ഭാ. പ്രത്യക്ഷനാകാൻ ക്രിസ്തു സ്വർഗത്തിലേക്കുതന്നെയാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. 25 മഹാപുരോഹിതൻ വർഷംതോറും അന്യരക്തവുമായി അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതുപോലെ, ക്രിസ്തുവിന് കൂടെക്കൂടെ തന്നെത്താൻ യാഗം അർപ്പിക്കേണ്ട ആവശ്യമില്ല. 26 മറിച്ചായിരുന്നെങ്കിൽ, ലോകസ്ഥാപനംമുതൽ ഇതിനകം ക്രിസ്തു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ അവിടന്ന് യുഗപരിസമാപ്തിയിൽ പാപനിവാരണത്തിന് സ്വയം യാഗമായി അർപ്പിച്ചുകൊണ്ട് ഒരിക്കൽ പ്രത്യക്ഷനായി. 27 ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. 28 അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.
*9:5 കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു.
†9:11 ചി.കൈ.പ്ര. ഭാവിയിൽ സ്ഥാപിതമാകാൻ ഇരിക്കുന്ന
‡9:15 അഥവാ, ദൈവത്തിന്റെ സ്വന്തം ജനമായിത്തീർന്നവർക്ക്
§9:19-20 ഉൽ. 24:8
*9:24 മൂ.ഭാ. പ്രത്യക്ഷനാകാൻ