37
യിരെമ്യാവ് കാരാഗൃഹത്തിൽ
ബാബേൽരാജാവായ നെബൂഖദ്നേസർ, യോശിയാവിന്റെ പുത്രനായ സിദെക്കീയാവിനെ യെഹൂദാദേശത്തു രാജാവായി വാഴിച്ചു; അദ്ദേഹം യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന്റെ*മൂ.ഭാ. കൊന്യാവ്, യെഹോയാഖീൻ എന്നതിന്റെ മറ്റൊരുരൂപം. സ്ഥാനത്ത് രാജ്യഭരണം നടത്തി. എന്നാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഭൃത്യരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വചനങ്ങൾ അനുസരിച്ചില്ല.
എങ്കിലും സിദെക്കീയാരാജാവ്, ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയുംയൂഖൽ, യെഹൂഖൽ എന്നതിന്റെ മറ്റൊരുരൂപം. മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ച്, “അങ്ങ് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണമേ,” എന്നു പറയിച്ചു.
യിരെമ്യാവ് അപ്പോഴും ജനങ്ങളുടെ അടുക്കൽ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു; അതുവരെ അദ്ദേഹം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നില്ല. ഈ ഘട്ടത്തിൽ ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടിരുന്നു; അവരെക്കുറിച്ചുള്ള വാർത്ത ജെറുശലേമിന് ഉപരോധം ഏർപ്പെടുത്തിയിരുന്ന ബാബേല്യർഅഥവാ, കൽദയർ കേട്ടപ്പോൾ അവർ ജെറുശലേമിൽനിന്നു പിൻവാങ്ങി.
അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാപ്രവാചകന് ഉണ്ടായി: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നോട് അരുളപ്പാട് ചോദിക്കാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ ഇപ്രകാരം പറയുക: ‘ഇതാ നിങ്ങളെ സഹായിക്കാൻ പുറപ്പെട്ടിരുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ മടങ്ങിപ്പോകും. ബാബേല്യർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധംചെയ്യും; അവർ ഈ നഗരം പിടിച്ചടക്കി അഗ്നിക്കിരയാക്കും.’
“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്യർ തീർച്ചയായും നമ്മെ വിട്ടുപോകും,’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്. അവർ വിട്ടുപോകുകയില്ല! 10 നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ§അഥവാ, കൽദയരുടെ മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.”
11 ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ, 12 യിരെമ്യാവ് ജെറുശലേംവിട്ട് ബെന്യാമീൻദേശത്തേക്കുപോയി. അവിടത്തെ ജനങ്ങൾക്കിടയിൽ തനിക്കുള്ള ചില അവകാശസ്ഥലങ്ങൾ സ്വന്തമാക്കാനായിരുന്നു ആ യാത്ര. 13 എന്നാൽ അദ്ദേഹം ബെന്യാമീൻകവാടത്തിൽ എത്തിയപ്പോൾ, ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകനായ യിരീയാവ് കാവൽക്കാരുടെ അധിപനായി അവിടെ ഉണ്ടായിരുന്നു. “നീ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയാണ്!” എന്നു പറഞ്ഞുകൊണ്ട് അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു.
14 എന്നാൽ യിരെമ്യാവ്, “അതു സത്യമല്ല! ഞാൻ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയല്ല” എന്നു പറഞ്ഞു. എന്നിട്ടും യിരീയാവ് ആ വാക്കു ശ്രദ്ധിക്കാതെ യിരെമ്യാവിനെ ബന്ധിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുവന്നു. 15 അപ്പോൾ പ്രഭുക്കന്മാർ യിരെമ്യാവിന്റെ നേരേ കോപിച്ച് അദ്ദേഹത്തെ മർദിച്ചു. അവർ അദ്ദേഹത്തെ ലേഖകനായ യോനാഥാന്റെ വീട്ടിൽ തടവിലാക്കി; അവർ അതിനെ കാരാഗൃഹമാക്കിയിരുന്നു.
16 അങ്ങനെ യിരെമ്യാവ് അവിടത്തെ ഇരുട്ടറയ്ക്കുള്ളിൽ അനേകദിവസം കഴിച്ചുകൂട്ടി. 17 അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു വരുത്തി. തന്റെ അരമനയിൽവെച്ചു രാജാവ് രഹസ്യമായി അദ്ദേഹത്തോട്: “യഹോവയിൽനിന്ന് വല്ല അരുളപ്പാടുമുണ്ടോ” എന്നു ചോദിച്ചു.
“ഉണ്ട്, താങ്കൾ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,” എന്നു യിരെമ്യാവ് ഉത്തരം പറഞ്ഞു.
18 യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്? 19 ‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ? 20 എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.”
21 അതുകൊണ്ട് സിദെക്കീയാരാജാവ് കൽപ്പന കൊടുത്തിട്ട്, അവർ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ബന്ധിച്ചു. നഗരത്തിലെ ഭക്ഷണം തീർന്നുപോകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിനംതോറും ഓരോ അപ്പം നൽകുന്നതിനും ഏർപ്പാടുചെയ്തു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.

*37:1 മൂ.ഭാ. കൊന്യാവ്, യെഹോയാഖീൻ എന്നതിന്റെ മറ്റൊരുരൂപം.

37:3 യൂഖൽ, യെഹൂഖൽ എന്നതിന്റെ മറ്റൊരുരൂപം.

37:5 അഥവാ, കൽദയർ

§37:10 അഥവാ, കൽദയരുടെ