2
യേശു വെള്ളം വീഞ്ഞാക്കുന്നു
1 മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. 2 യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു. 3 വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു.
4 അതിന് യേശു, “സ്ത്രീയേ,*മൂ.ഭാ. സ്ത്രീയേ, എന്ന അഭിസംബോധന യാതൊരു അനാദരവും പ്രകടമാക്കുന്നില്ല. നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.
5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.
6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.
7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.
8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു.
അവർ അങ്ങനെ ചെയ്തു. 9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു, 10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
12 ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല.
യേശു ദൈവാലയാങ്കണം ശുദ്ധീകരിക്കുന്നു
13 യെഹൂദരുടെ പെസഹ†അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു. സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി. 14 ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം‡കൈസറുടെ മുഖമുദ്രയുള്ള റോമൻ നാണയം ദൈവാലയത്തിൽ അർപ്പിക്കുന്നത് നിഷിദ്ധമായിരുന്നതിനാൽ അവ മാറ്റി ദൈവാലയത്തിലെ നാണയം കൊടുക്കുന്നവർ. ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു. 15 അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു. 16 പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.” 17 അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു”§സങ്കീ. 69:9 എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു.
18 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.
19 “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,”*പുനരുജ്ജീവിപ്പിക്കും എന്നും ഈ വാക്കിന് അർഥമുണ്ട്. എന്ന് യേശു അവരോടു പറഞ്ഞു.
20 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?” 21 എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്. 22 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.
23 യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു.†അഥവാ, പലരും അദ്ദേഹത്തെ വിശ്വസിച്ചു. 24 എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല.‡മൂ.ഭാ. സ്വയം അവരുടെപക്കൽ വിശ്വസിച്ചേൽപ്പിച്ചില്ല. 25 മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
*2:4 മൂ.ഭാ. സ്ത്രീയേ, എന്ന അഭിസംബോധന യാതൊരു അനാദരവും പ്രകടമാക്കുന്നില്ല.
†2:13 അതായത്, വീണ്ടെടുപ്പു മഹോത്സവം: ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം അനുസ്മരിക്കുന്നു.
‡2:14 കൈസറുടെ മുഖമുദ്രയുള്ള റോമൻ നാണയം ദൈവാലയത്തിൽ അർപ്പിക്കുന്നത് നിഷിദ്ധമായിരുന്നതിനാൽ അവ മാറ്റി ദൈവാലയത്തിലെ നാണയം കൊടുക്കുന്നവർ.
§2:17 സങ്കീ. 69:9
*2:19 പുനരുജ്ജീവിപ്പിക്കും എന്നും ഈ വാക്കിന് അർഥമുണ്ട്.
†2:23 അഥവാ, പലരും അദ്ദേഹത്തെ വിശ്വസിച്ചു.
‡2:24 മൂ.ഭാ. സ്വയം അവരുടെപക്കൽ വിശ്വസിച്ചേൽപ്പിച്ചില്ല.