20
ഒഴിഞ്ഞ കല്ലറ
1 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ സമീപം വന്നപ്പോൾ, വാതിൽക്കൽനിന്ന് കല്ലു നീക്കിയിരിക്കുന്നതു കണ്ടു. 2 അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു.
3 പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പുറപ്പെട്ടു; 4 രണ്ടുപേരും ഒരുമിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി കല്ലറയുടെ അടുത്ത് ആദ്യം എത്തി. 5 അയാൾ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം*അതായത്, ശവക്കച്ചമാത്രം കിടക്കുന്നതു കണ്ടു; എന്നാൽ അയാൾ ഉള്ളിൽ കടന്നില്ല. 6 പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു. 7 ശിരോവസ്ത്രം മടക്കി കച്ചകളിൽനിന്നു മാറ്റി ഒരിടത്തുവെച്ചിരുന്നു. 8 കല്ലറയുടെ അടുത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തുചെന്നു. അയാൾ കണ്ടു വിശ്വസിച്ചു. 9 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്ന തിരുവെഴുത്ത് അപ്പോഴും അവർ ഗ്രഹിച്ചിരുന്നില്ല. 10 പിന്നെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.
യേശു മഗ്ദലക്കാരി മറിയയ്ക്കു പ്രത്യക്ഷപ്പെടുന്നു
11 എന്നാൽ, മറിയ കല്ലറയ്ക്കു പുറത്തു കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയിൽ അവൾ കുനിഞ്ഞു കല്ലറയുടെ ഉള്ളിലേക്കു നോക്കി. 12 യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്തു വെള്ളവസ്ത്രം ധരിച്ച രണ്ട് ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റേയാൾ കാൽക്കലുമായി ഇരിക്കുന്നതു കണ്ടു.
13 അവർ അവളോട്, “സ്ത്രീയേ, നീ എന്തിനു കരയുന്നു?” എന്നു ചോദിച്ചു.
“അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെയാണു വെച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ,” എന്ന് അവൾ പറഞ്ഞു. 14 ഇതു പറഞ്ഞിട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു; എന്നാൽ യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല.
15 “സ്ത്രീയേ, നീ എന്തിനു കരയുന്നു? ആരെയാണ് അന്വേഷിക്കുന്നത്?” യേശു ചോദിച്ചു.
അതു തോട്ടക്കാരനായിരിക്കും എന്നുകരുതി അവൾ പറഞ്ഞു: “യജമാനനേ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞുതരിക, ഞാൻ ചെന്ന് എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.”
16 യേശു അവളെ, “മറിയേ” എന്നു വിളിച്ചു.
അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “റബ്ബൂനീ,” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം.
17 യേശു അവളോടു പറഞ്ഞു: “എന്നെ മുറുകെ പിടിച്ചുകൊണ്ടിരിക്കേണ്ട;†മത്താ. 28:9 എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ ഇതുവരെ കയറിപ്പോയിട്ടില്ല. എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന്, ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു ഞാൻ കയറിപ്പോകുന്നു’ എന്നു പറയുക.”
18 അപ്പോൾ മഗ്ദലക്കാരി മറിയ, താൻ കർത്താവിനെ കണ്ടിരിക്കുന്നു എന്ന വാർത്തയുമായി ശിഷ്യന്മാരുടെ അടുത്തെത്തി. അവിടന്നു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരോടു പറഞ്ഞു.
യേശു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നു
19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. 20 ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു.
21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.” 22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. 23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു.
യേശു തോമസിനും പ്രത്യക്ഷപ്പെടുന്നു
24 യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല. 25 മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു.
അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു.
26 എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.” 27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”
28 തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.
29 അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.
യോഹന്നാന്റെ സുവിശേഷത്തിന്റെ ഉദ്ദേശ്യം
30 ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു. 31 എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു.