38
ദൈവം അരുളിച്ചെയ്യുന്നു
അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി:
“പരിജ്ഞാനമില്ലാത്ത വാക്കുകളാൽ
ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്?
പുരുഷനെപ്പോലെ അര മുറുക്കുക;
ഞാൻ നിന്നോടു ചോദിക്കും,
നീ എനിക്ക് ഉത്തരം നൽകണം.
 
“ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.
അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം!
അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?
6-7 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും
ദൈവപുത്രന്മാരെല്ലാം* അഥവാ, ദൈവദൂതന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ,
അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്?
അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്?
 
“ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ
കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്?
ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി
ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ,
10 ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്;
കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ,
11 ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല;
അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’
12-13 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും
ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി
നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ?
അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ?
14 മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു;
ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു.
15 ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു,
അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു.
 
16 “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ?
ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ?
17 മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ?
18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക.
 
19 “പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ?
ഇരുളിന്റെ പാർപ്പിടവും എവിടെ?
20 അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ?
അതിന്റെ ആവാസകേന്ദ്രങ്ങളിലേക്കുള്ള പാത നിനക്ക് അറിയാമോ?
21 നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ!
നീ ദീർഘവർഷങ്ങൾ പിന്നിടുകയും ചെയ്തല്ലോ!
 
22 “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ?
അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ?
23 ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും
ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു.
24 വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്?
കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്?
25-27 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത
മരുഭൂമിയിലും മഴ പെയ്യിക്കാനും
തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും
പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും
ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന്
ഒരു മാർഗവും വെട്ടിക്കൊടുത്തത്?
28 മഴയ്ക്ക് ഒരു പിതാവുണ്ടോ?
മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
29 ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്?
ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്?
30 വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ,
ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ?
 
31 “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ മൂ.ഭാ. സൗന്ദര്യം നിനക്കു ബന്ധിക്കാൻ കഴിയുമോ?
മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ?
32 നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ?
സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ?
33 ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ?
ഭൂമിയുടെമേൽ ദൈവത്തിന്റെ അഥവാ, അവയുടെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ?
 
34 “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി
ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ?
35 ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ?
‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ?
36 ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്?
പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ?§ ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.
37-38 പൊടി കട്ടപിടിക്കുമ്പോഴും
മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും
മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്?
ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും?
 
39-40 “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും
സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ?
സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ?
41 കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച്
ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ,
അതിന് ആഹാരം നൽകുന്നത് ആരാണ്?
 

*38:6-7 അഥവാ, ദൈവദൂതന്മാരെല്ലാം

38:31 മൂ.ഭാ. സൗന്ദര്യം

38:33 അഥവാ, അവയുടെ

§38:36 ഈ വാക്യത്തിന്റെ അർഥം വ്യക്തമല്ല.