12
കീഴ്പ്പെടുത്തപ്പെട്ട രാജാക്കന്മാരുടെ പട്ടിക
1 ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:
2 അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു.
അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.
3 അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ*അതായത്, ചാവുകടൽ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.
4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
5 ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.
6 യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.
7-8 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു.
ആ രാജാക്കന്മാർ ഇവരാകുന്നു:
9 യെരീഹോരാജാവ് | ഒന്ന് |
ബേഥേലിന്നരികെയുള്ള ഹായിരാജാവ് | ഒന്ന് |
10 ജെറുശലേംരാജാവ് | ഒന്ന് |
ഹെബ്രോൻരാജാവ് | ഒന്ന് |
11 യർമൂത്തുരാജാവ്, | ഒന്ന് |
ലാഖീശുരാജാവ് | ഒന്ന് |
12 എഗ്ലോൻരാജാവ് | ഒന്ന് |
ഗേസെർരാജാവ് | ഒന്ന് |
13 ദെബീർരാജാവ് | ഒന്ന് |
ഗേദെർരാജാവ് | ഒന്ന് |
14 ഹോർമാരാജാവ് | ഒന്ന് |
അരാദുരാജാവ് | ഒന്ന് |
15 ലിബ്നാരാജാവ് | ഒന്ന് |
അദുല്ലാംരാജാവ് | ഒന്ന് |
16 മക്കേദാരാജാവ് | ഒന്ന് |
ബേഥേൽരാജാവ് | ഒന്ന് |
17 തപ്പൂഹരാജാവ് | ഒന്ന് |
ഹേഫെർരാജാവ് | ഒന്ന് |
18 അഫേക്കുരാജാവ് | ഒന്ന് |
ശാരോൻരാജാവ് | ഒന്ന് |
19 മാദോൻരാജാവ് | ഒന്ന് |
ഹാസോർരാജാവ് | ഒന്ന് |
20 ശിമ്രോൻ-മെരോൻരാജാവ് | ഒന്ന് |
അക്ശാഫുരാജാവ് | ഒന്ന് |
21 താനാക്കുരാജാവ് | ഒന്ന് |
മെഗിദ്ദോരാജാവ് | ഒന്ന് |
22 കേദേശുരാജാവ് | ഒന്ന് |
കർമേലിലെ യൊക്നെയാംരാജാവ് | ഒന്ന് |
23 ദോർമേടിലെ നാഫത്ത്-ദോർരാജാവ് | ഒന്ന് |
ഗിൽഗാലിലെ ഗോയീംരാജാവ് | ഒന്ന് |
24 തിർസാരാജാവ് | ഒന്ന്. |
ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ. |