21
ലേവ്യരുടെ പട്ടണങ്ങൾ
1-2 ഇതിനുശേഷം ലേവ്യരുടെ കുടുംബത്തലവന്മാർ—കനാനിലെ ശീലോവിൽവെച്ച്—പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ മറ്റു ഗോത്രത്തലവന്മാർ എന്നിവരുടെ അടുക്കൽവന്ന് അവരോട്: “ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുൽമേടുകളും തരാൻ യഹോവ മോശമുഖാന്തരം കൽപ്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
 
അങ്ങനെ ഇസ്രായേൽമക്കൾ തങ്ങളുടെ സ്വന്ത അവകാശത്തിൽനിന്ന് യഹോവയുടെ കൽപ്പനപ്രകാരം ഈ പട്ടണങ്ങളും പുൽമേടുകളും ലേവ്യർക്കു കൊടുത്തു:
 
കെഹാത്യർക്കു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക്, യെഹൂദാ, ശിമെയോൻ, ബെന്യാമീൻ, എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്നു പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
കെഹാത്തിന്റെ മറ്റു പിൻഗാമികൾക്ക്, എഫ്രയീംഗോത്രം, ദാൻഗോത്രം, മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്നു പത്തു പട്ടണങ്ങൾ ലഭിച്ചു.
ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
മെരാരിയുടെ പിൻഗാമികൾക്കു കുലംകുലമായി രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
 
ഇപ്രകാരം ഇസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുൽമേടുകളും യഹോവ മോശമുഖാന്തരം കൽപ്പിച്ചതിൻപ്രകാരം വിഭജിച്ചുകൊടുത്തു.
 
യെഹൂദാഗോത്രത്തിൽനിന്നും ശിമെയോൻഗോത്രത്തിൽനിന്നും താഴേ പേരുപറയുന്ന പട്ടണങ്ങളെ കൊടുത്തു. 10 (ലേവ്യരിൽ കെഹാത്യകുലങ്ങളിൽപ്പെട്ട അഹരോന്റെ പിൻഗാമികൾക്കാണ് ഇവ ലഭിച്ചത്. കാരണം ആദ്യത്തെ നറുക്ക് അവർക്കാണു വീണത്.)
11 യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബയും ചുറ്റുപാടുമുള്ള പുൽമേടുകളും അവർക്കു കൊടുത്തു. (അനാക്കിന്റെ പൂർവപിതാവായിരുന്നു അർബാ.) 12 എന്നാൽ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു. 13 പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അവർ ഹെബ്രോൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ലിബ്നാ, 14 യത്ഥീർ, എസ്തെമോവ, 15 ഹോലോൻ, ദെബീർ, 16 ആയിൻ, യുത്ത, ബേത്-ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ പുൽമേടുകളും ഇങ്ങനെ ഈ രണ്ടു ഗോത്രങ്ങളിൽനിന്നായി ഒൻപതു പട്ടണങ്ങളും;
17 ബെന്യാമീൻഗോത്രത്തിൽനിന്ന്,
ഗിബെയോൻ, ഗേബാ, 18 അനാഥോത്ത്, അൽമോൻ എന്നിവയും അവയുടെ പുൽമേടുകളുമായി നാലു പട്ടണങ്ങളും കൊടുത്തു.
19 ഇങ്ങനെ അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്കെല്ലാംകൂടി പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
 
20 ലേവ്യരിൽ കെഹാത്യകുലത്തിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽനിന്നും പട്ടണങ്ങൾ ലഭിച്ചു.
21 എഫ്രയീം മലനാട്ടിൽ
ശേഖേം (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഗേസെർ, 22 കിബ്സയീം, ബേത്-ഹോരോൻ, ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
23 ദാൻഗോത്രത്തിൽനിന്ന്
എൽ-തെക്കേ, ഗിബ്ബെഥോൻ, 24 അയ്യാലോൻ, ഗത്ത്-രിമ്മോൻ ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
25 മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്
താനാക്ക്, ഗത്ത്-രിമ്മോൻ ഇങ്ങനെ രണ്ടു പട്ടണവും അവയുടെ പുൽമേടുകളും;
26 ഈ പത്തു പട്ടണങ്ങളും അവയുടെ പുൽമേടുകളും കെഹാത്യകുലത്തിൽ ശേഷിച്ചവർക്കു ലഭിച്ചു.
 
27 ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്,
മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്:
ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,
28 യിസ്സാഖാർ ഗോത്രത്തിൽനിന്ന്,
കിശ്യോൻ, ദാബെരത്ത്, 29 യർമൂത്ത്, ഏൻ-ഗന്നീം ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
30 ആശേർ ഗോത്രത്തിൽനിന്ന്,
മിശാൽ, അബ്ദോൻ, 31 ഹെൽക്കത്ത്, രെഹോബ് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
32 നഫ്താലിഗോത്രത്തിൽനിന്ന്,
ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
33 ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ഗെർശോന്യർക്ക് കുലംകുലമായി ലഭിച്ചു.
 
34 ശേഷം ലേവ്യരിൽ മെരാര്യകുലത്തിന്,
സെബൂലൂൻഗോത്രത്തിൽനിന്ന്.
യൊക്നെയാം, കർഥ, 35 ദിമ്നി, നഹലാൽ. ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും
36 രൂബേൻഗോത്രത്തിൽനിന്ന്:
ബേസെർ, യാഹാസ്, 37 കെദേമോത്ത്, മേഫാത്ത് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
38 ഗാദ്ഗോത്രത്തിൽനിന്ന്,
ഗിലെയാദിലെ രാമോത്ത് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), മഹനയീം, 39 ഹെശ്ബോൻ, യാസേർ എന്നീ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും.
40 ഇങ്ങനെ ആകെ പന്ത്രണ്ടു പട്ടണങ്ങൾ, ശേഷം ലേവ്യരിൽപ്പെട്ട മെരാര്യകുലത്തിനു ലഭിച്ചു.
 
41 ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് ആകെ നാൽപ്പത്തെട്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു. 42 ഓരോ പട്ടണത്തിനുചുറ്റും പുൽമേടുകൾ ഉണ്ടായിരുന്നു. എല്ലാ പട്ടണങ്ങളുടെയും ഭൂപ്രകൃതി ഏകദേശം ഒരുപോലെതന്നെയായിരുന്നു.
 
43 അങ്ങനെ യഹോവ, ഇസ്രായേലിന്, താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ശപഥംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു. 44 പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ യഹോവ എല്ലാ ഭാഗത്തുനിന്നും അവർക്കു സ്വസ്ഥതനൽകി. ശത്രുക്കളിൽ ഒരുവനുപോലും അവരുടെനേരേ നിൽക്കാൻ സാധിച്ചില്ല; അവരുടെ ശത്രുക്കളെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു. 45 യഹോവ ഇസ്രായേൽഗോത്രത്തിനു നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറപ്പെടാതിരുന്നില്ല; അവയെല്ലാം നിറവേറി.