9
പുരോഹിതന്മാർ അവരുടെ ശുശ്രൂഷ ആരംഭിക്കുന്നു
1 പ്രതിഷ്ഠാശുശ്രൂഷയ്ക്കുശേഷം, എട്ടാംദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരെയും വിളിച്ചു. 2 അദ്ദേഹം അഹരോനോടു പറഞ്ഞത്, “നിങ്ങളുടെ പാപശുദ്ധീകരണയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും നിങ്ങളുടെ ഹോമയാഗത്തിനായി ഒരു ആട്ടുകൊറ്റനെയും യഹോവയുടെമുമ്പാകെ സമർപ്പിക്കണം. 3 എന്നിട്ട് ഇസ്രായേല്യരോടു പറയണം: ‘പാപശുദ്ധീകരണയാഗത്തിനായി ഒരു ആൺകോലാടിനെയും ഹോമയാഗത്തിനായി ഊനമില്ലാത്തതും ഒരുവയസ്സു പ്രായമുള്ളതുമായ ഒരു കാളക്കിടാവിനെയും ഒരു ആട്ടിൻകുട്ടിയെയും 4 സമാധാനയാഗത്തിനായി ഒരു കാളയെയും*മൂ.ഭാ. ഈ പദം ആണിനെയോ പെണ്ണിനെയോ സൂചിപ്പിക്കാം. ഒരു ആട്ടുകൊറ്റനെയും ഒലിവെണ്ണയിൽ കുഴച്ച ഭോജനയാഗത്തോടൊപ്പം യഹോവയുടെമുമ്പാകെ യാഗം കഴിക്കാൻ എടുക്കണം. കാരണം, യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ”
5 മോശ കൽപ്പിച്ചതെല്ലാം സമാഗമകൂടാരത്തിനുമുമ്പാകെ കൊണ്ടുവന്നു, സഭ മുഴുവൻ അടുത്തുവന്നു യഹോവയുടെമുമ്പിൽനിന്നു. 6 പിന്നെ മോശ പറഞ്ഞു: “യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകുന്നതുകൊണ്ട്, നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചത് ഇതാണ്.”
7 മോശ അഹരോനോടു പറഞ്ഞു: “യഹോവ കൽപ്പിച്ചതുപോലെ യാഗപീഠത്തിലേക്കു വന്നു നിങ്ങൾ പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക; ജനത്തിനുവേണ്ടിയുള്ള വഴിപാടും യാഗവും കഴിച്ചു ജനത്തിന്നു പ്രായശ്ചിത്തം ചെയ്യുക.”
8 അങ്ങനെ അഹരോൻ യാഗപീഠത്തിലേക്കു വന്നു കാളക്കിടാവിനെ തനിക്കുവേണ്ടി പാപശുദ്ധീകരണയാഗമായി അറത്തു. 9 അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം തന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. 10 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അദ്ദേഹം പാപശുദ്ധീകരണയാഗത്തിൽനിന്ന് മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു. 11 മാംസവും തുകലും പാളയത്തിനു വെളിയിൽ ദഹിപ്പിച്ചു.
12 പിന്നെ അഹരോൻ ഹോമയാഗമൃഗത്തെ അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുകയും അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കുകയും ചെയ്തു. 13 അവർ ഹോമയാഗമൃഗത്തെ തലയുൾപ്പെടെ കഷണംകഷണമായി അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിൽ ദഹിപ്പിച്ചു. 14 അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും കഴുകി അവയെ യാഗപീഠത്തിൽ ഹോമയാഗത്തിനുമീതേ ദഹിപ്പിച്ചു.
15 അഹരോൻ പിന്നീടു ജനത്തിനുവേണ്ടിയുള്ള വഴിപാടുകൊണ്ടുവന്നു. അദ്ദേഹം ജനത്തിന്റെ പാപശുദ്ധീകരണയാഗത്തിനുള്ള കോലാടിനെ എടുത്ത് അതിനെ അറത്ത് ആദ്യത്തേതിനെ ചെയ്തതുപോലെ പാപശുദ്ധീകരണയാഗമായി അർപ്പിച്ചു.
16 അദ്ദേഹം ഹോമയാഗം കൊണ്ടുവന്നു നിർദിഷ്ടരീതിയിൽ അതിനെ അർപ്പിച്ചു. 17 അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു.
18 അദ്ദേഹം കാളയെയും ആട്ടുകൊറ്റനെയും ജനത്തിനുവേണ്ടിയുള്ള സമാധാനയാഗമായി അറത്തു. അഹരോന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു. 19 എന്നാൽ അവർ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സ്, തടിച്ചവാൽ, ആന്തരികാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന മേദസ്സ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ് 20 എന്നിവ നെഞ്ചിന്മേൽവെച്ചു. എന്നിട്ട് അഹരോൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിച്ചു. 21 മോശ കൽപ്പിച്ചതുപോലെ അഹരോൻ നെഞ്ചും വലതുതുടയും യഹോവയുടെമുമ്പാകെ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
22 പിന്നെ അഹരോൻ കൈകൾ ഉയർത്തി ജനത്തിനുനേരേ അവരെ അനുഗ്രഹിച്ചു. പാപശുദ്ധീകരണയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അദ്ദേഹം താഴേക്കിറങ്ങി.
23 മോശയും അഹരോനും പിന്നെ സമാഗമകൂടാരത്തിനകത്തുപോയി. അവർ പുറത്തുവന്ന് ജനത്തെ ആശീർവദിച്ചു; യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി. 24 യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു ഹോമയാഗമൃഗത്തെയും യാഗപീഠത്തിന്മേലിരുന്ന മേദസ്സിനെയും ദഹിപ്പിച്ചു. അതുകണ്ടപ്പോൾ ജനമെല്ലാം ആനന്ദത്താൽ ആർത്തു സാഷ്ടാംഗം വീണു.