6
നാസീർ വ്രതസ്ഥൻ
യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്. നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.
“ ‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.
“ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്. സ്വന്തം പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാൽപോലും, അവർനിമിത്തം സ്വയം ആചാരപരമായി അശുദ്ധരാകരുത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ചിഹ്നം അവരുടെ ശിരസ്സിന്മേലിരിക്കുന്നു. അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്.
“ ‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം. 10 പിന്നീട് എട്ടാംദിവസം അവർ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. 11 പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം. 12 പ്രതിഷ്ഠാകാലത്തേക്കായി അവർ യഹോവയ്ക്കു സ്വയം സമർപ്പിക്കയും അകൃത്യയാഗമായി ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടിനെ കൊണ്ടുവരികയും വേണം. പ്രതിഷ്ഠാകാലത്ത് അശുദ്ധരായിത്തീർന്നതിനാൽ അവരുടെ മുമ്പിലത്തെ വ്രതദിനങ്ങൾ കണക്കിലെടുക്കുകയില്ല.
13 “ ‘നാസീർവ്രതസ്ഥർ തങ്ങളുടെ പ്രതിഷ്ഠാകാലം പൂർത്തിയാകുമ്പോഴുള്ള നിയമം ഇതാണ്: അവരെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരണം. 14 അവിടെ അവർ യഹോവയ്ക്കുള്ള വഴിപാടുകൾ അർപ്പിക്കണം: ഹോമയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ ആൺകുഞ്ഞാട്, പാപശുദ്ധീകരണയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ പെൺകുഞ്ഞാട്, സമാധാനയാഗത്തിനുള്ള ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ എന്നിവ 15 അവയുടെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടും കൂടെയും ഒരു കുട്ട പുളിപ്പിക്കാതെ തയ്യാറാക്കിയ അപ്പം, നേരിയമാവിൽ ഒലിവെണ്ണചേർത്തുണ്ടാക്കിയ വടകൾ, ഒലിവെണ്ണ പുരട്ടിയ അടകൾ എന്നിവയോടുംകൂടെത്തന്നെ.
16 “ ‘പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ കാഴ്ചവെച്ച് പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിക്കണം. 17 കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.
18 “ ‘ഇതിനുശേഷം സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച്, നാസീർവ്രതസ്ഥർ തങ്ങൾ സമർപ്പിച്ച തലമുടി വടിച്ചുകളയണം. ആ തലമുടി അവർ എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിലിടണം.
19 “ ‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം. 20 പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.
21 “ ‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’ ”
പുരോഹിതന്റെ അനുഗ്രഹവചനങ്ങൾ
22 യഹോവ മോശയോട് അരുളിച്ചെയ്തു: 23 “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്:
24 “ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും
കാക്കുകയും ചെയ്യട്ടെ;
25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും
നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;
26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച്
നിങ്ങൾക്കു സമാധാനം നൽകട്ടെ.’
27 “ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”