14
ജനം മത്സരിക്കുന്നു
1 ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു; 2 സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ! 3 ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?” 4 “നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു.
5 അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു. 6 ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി 7 സർവ ഇസ്രായേൽസഭയോടും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്. 8 യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും. 9 യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്.”
10 എന്നാൽ യോശുവയെയും കാലേബിനെയും കല്ലെറിയണമെന്നു സർവസഭയും പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമകൂടാരത്തിൽ സർവ ഇസ്രായേല്യർക്കും പ്രത്യക്ഷമായി. 11 യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും? 12 ഞാൻ അവരെ ഒരു ബാധയാൽ ദണ്ഡിപ്പിച്ച്, സംഹരിച്ചു നശിപ്പിക്കും. എന്നാൽ ഞാൻ നിന്നെ അവരിലും വലിയതും ശക്തവുമായ ഒരു ജനതയാക്കും.”
13 മോശ യഹോവയോടു പറഞ്ഞു: “എന്നാൽ ഈജിപ്റ്റുകാർ അതിനെക്കുറിച്ചു കേൾക്കുമ്പോൾ എന്താണു ചിന്തിക്കുക! അവിടത്തെ ശക്തിയാൽ അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നു. 14 അവിടന്ന് ഇപ്പോൾ ഈ ജനത്തെ നശിപ്പിച്ചാൽ, ഈജിപ്റ്റുകാർ ഈ ദേശവാസികളോട് ഇക്കാര്യം പറയും. യഹോവയായ അങ്ങ് ഈ ജനത്തോടൊപ്പം ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായിക്കണ്ടുവെന്നും അവർ കേട്ടിട്ടുണ്ട്; കാരണം, അങ്ങയുടെ മേഘം അവരുടെ മുകളിൽ വസിക്കുന്നു, പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് അവർക്കുമുമ്പായി പോകുന്നു. 15 അവിടന്ന് ഈ ജനത്തെ ഒന്നിച്ചു നശിപ്പിച്ചാൽ, അങ്ങയെക്കുറിച്ച് ഈ വർത്തമാനം കേട്ടിട്ടുള്ള ജനം പറയും: 16 ‘യഹോവ ശപഥംചെയ്ത്, വാഗ്ദാനംകൊടുത്ത ദേശത്തേക്ക് ഈ ജനത്തെ കൊണ്ടുവരാൻ അവിടത്തേക്കു കഴിഞ്ഞില്ല; അതിനാൽ അവിടന്ന് അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു.’
17 “അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു. 18 ‘യഹോവ ക്ഷമാശീലനും സ്നേഹസമ്പന്നനും അകൃത്യവും ലംഘനവും ക്ഷമിക്കുന്നവനും ആകുന്നു. എങ്കിലും അവിടന്ന് കുറ്റംചെയ്തവരെ വെറുതേവിടാതെ പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനും ആകുന്നു.’ 19 അങ്ങയുടെ മഹാ ദയനിമിത്തം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട സമയംമുതൽ ഇപ്പോൾവരെ അവരോടു ക്ഷമിച്ചതുപോലെതന്നെ ഈ ജനത്തിന്റെ പാപം ക്ഷമിക്കണമേ.”
20 അതിനു യഹോവ അരുളിച്ചെയ്തു: “നീ അപേക്ഷിച്ചതുപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. 21 എങ്കിലും, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഭൂമി മുഴുവൻ യഹോവയുടെ തേജസ്സ് നിറഞ്ഞിരിക്കുന്നു, 22 എന്റെ തേജസ്സും ഞാൻ ഈജിപ്റ്റിലും മരുഭൂമിയിലും പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും ദർശിച്ചിട്ട് എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തവരിൽ ആരും 23 അവരുടെ പിതാക്കന്മാർക്കു ഞാൻ നൽകുമെന്നു ശപഥംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരിൽ ആരും ഒരിക്കലും അതു കാണുകയില്ല. 24 എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്തമായ ഒരു ആത്മാവുള്ളതിനാലും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റുന്നതിനാലും അവൻ പോയ ദേശത്തേക്കു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ സന്തതികൾ അത് അവകാശമാക്കും. 25 അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതിനാൽ, നാളെ നിങ്ങൾ പിന്തിരിഞ്ഞ് ചെങ്കടലിലേക്കുള്ള മാർഗത്തിലൂടെ മരുഭൂമിയിലേക്ക് യാത്രപുറപ്പെടുക.”
26 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 27 “ഈ ദുഷ്ടസമൂഹം എനിക്കെതിരേ എത്രത്തോളം പിറുപിറുക്കും? ഈ പിറുപിറുപ്പുകാരായ ഇസ്രായേല്യരുടെ പരാതികൾ ഞാൻ കേട്ടിരിക്കുന്നു. 28 ആകയാൽ, ‘ഞാൻ കേൾക്കെ നിങ്ങൾ പിറുപിറുത്തതുപോലെതന്നെ നിങ്ങളോടു ഞാൻ ചെയ്യും; ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നതായി അവരോടു പറയുക. 29 ഈ മരുഭൂമിയിൽ നിങ്ങളുടെ ശവങ്ങൾ വീഴും—നിങ്ങളിൽ ഇരുപതോ അതിലധികമോ വയസ്സു പ്രായമുള്ളവരായി ജനസംഖ്യയിൽ എണ്ണപ്പെട്ടവരും എനിക്കെതിരേ പിറുപിറുത്തവരുമായ ഏവരുംതന്നെ. 30 നിങ്ങളെ പാർപ്പിക്കാമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്ത് യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ നിങ്ങളിൽ ഒരാൾപോലും കടക്കുകയില്ല. 31 കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളെ ഞാൻ അവിടെ പ്രവേശിപ്പിക്കും; നിങ്ങൾ തിരസ്കരിച്ച ദേശം അവർ അനുഭവിക്കും. 32 എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവങ്ങൾ മരുഭൂമിയിൽ വീഴും. 33 നിങ്ങളുടെ മക്കൾ നിങ്ങളുടെ അവിശ്വസ്തതനിമിത്തം കഷ്ടതയനുഭവിച്ചുകൊണ്ട്, നിങ്ങളുടെ ശവങ്ങളിൽ അവസാനത്തേതും ഈ മരുഭൂമിയിൽ വീഴുന്നതുവരെ, ഇവിടെ നാൽപ്പതുവർഷം ഇടയന്മാരായിരിക്കും. 34 നിങ്ങൾ ദേശം പര്യവേക്ഷണംചെയ്ത നാൽപ്പതു ദിവസങ്ങളിൽ ഓരോന്നിനും ഓരോ വർഷം എന്ന കണക്കിനു നാൽപ്പതുവർഷം നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ കഷ്ടത അനുഭവിക്കുകയും അങ്ങനെ നിങ്ങൾ എന്റെ എതിർപ്പ് അറിയുകയും ചെയ്യും.’ 35 യഹോവയായ ഞാൻ അരുളിച്ചെയ്യുന്നു; എനിക്കെതിരേ ഒത്തുകൂടിയ ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ഇപ്രകാരം ചെയ്യും. ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും.”
36 അങ്ങനെ ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ചവരും—മടങ്ങിവന്ന് അതിനെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരേ സഭമുഴുവനും പിറുപിറുക്കാൻ ഇടയാക്കിയവരുമായവർ— 37 ദേശത്തെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവരുമായ ഈ പുരുഷന്മാർ യഹോവയുടെമുമ്പാകെ ദണ്ഡിക്കപ്പെടുകയും ഒരു ബാധയാൽ സംഹരിക്കപ്പെടുകയും ചെയ്തു. 38 ദേശം പര്യവേക്ഷണംചെയ്യാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബുംമാത്രം ജീവനോടെ ശേഷിച്ചു.
39 മോശ ഇക്കാര്യം സകല ഇസ്രായേല്യരോടും അറിയിച്ചപ്പോൾ, അവർ അതികഠിനമായി വിലപിച്ചു. 40 “ഞങ്ങൾ പാപംചെയ്തു; യഹോവ വാഗ്ദാനംചെയ്ത സ്ഥലത്തേക്കു കയറിച്ചെല്ലാൻ ഞങ്ങൾ തയ്യാറാണ്” എന്നു പറഞ്ഞ് അടുത്തദിവസം അതിരാവിലെ അവർ ഉയർന്ന മലമ്പ്രദേശത്തേക്കു കയറിപ്പോയി.
41 എന്നാൽ മോശ പറഞ്ഞു: “നിങ്ങൾ എന്തിന് യഹോവയുടെ കൽപ്പന ലംഘിക്കുന്നു? ഇതു വിജയിക്കുകയില്ല! 42 കയറിപ്പോകരുത്; കാരണം യഹോവ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും, 43 അമാലേക്യരും കനാന്യരും നിങ്ങളെ നേരിടും. യഹോവയിൽനിന്ന് നിങ്ങൾ പിന്തിരിഞ്ഞു പോയിരിക്കുകയാൽ, അവിടന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല, നിങ്ങൾ വാളാൽ വീണുപോകും.”
44 എങ്കിലും മോശയോ യഹോവയുടെ ഉടമ്പടിയുടെ പേടകമോ പാളയത്തിൽനിന്നും പുറപ്പെടാതിരുന്നിട്ടും അവർ ധിക്കാരപൂർവം മലമുകളിലേക്കു കയറിച്ചെന്നു. 45 അപ്പോൾ ആ മലകളിൽ അധിവസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് ആക്രമിച്ച് ഹോർമാവരെ അവരെ സംഹരിച്ചു.